|

'റിസര്‍വ് ചെയ്ത സീറ്റില്‍ ഹനുമാന്‍ സ്വാമിയുടെ പ്രതിമ വെക്കും, ദിവസവും പുഷ്പാര്‍ച്ചന'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹനുമാനായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്ന നിര്‍മാതാക്കളുടെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. രാമായണം പ്രദര്‍ശിപ്പിക്കുന്നിടത്ത് ഹനുമാന്‍ വരുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്.

ആദിപുരുഷ് റിലീസിനൊരുങ്ങവേ ഹനുമാനായി റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റുകള്‍ക്കായുള്ള പ്രത്യേക ഒരുക്കങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ സീറ്റുകള്‍ ഒഴിവായി കിടക്കില്ലെന്നും ഹനുമാന്റെ പ്രതിമയോ ചിത്രങ്ങളോ വെക്കുമെന്നും ചിത്രത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഹനുമാന്‍ പ്രഭുവിനായി റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞുകിടക്കില്ല. മിറാജ്, ഇന്‍ബോക്‌സ് മുതലായ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ റിസര്‍വ് ചെയ്ത സീറ്റുകളില്‍ ഹനുമാന്റെ പ്രതിമയോ ചിത്രമോ വെക്കും. അതില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും. ഇത് എല്ലാ ദിവസവും നടത്തും. മുന്‍നിരയിലായിരിക്കും ഹനുമാന്‍ സ്വാമിയുടെ സ്ഥാനം. മിക്ക തിയേറ്ററുകളും ഇങ്ങനെ ചെയ്യുന്നുണ്ട്.

ഡിസ്ട്രിബ്യൂട്ടേഴ്‌സോ നിര്‍മാതാക്കളോ ആവശ്യപ്പെട്ടിട്ടല്ല തിയേറ്ററുകാര്‍ ഇങ്ങനെ ചെയ്യുന്നത്. ഹനുമാന്‍ സ്വാമിയോടുള്ള ഭക്തി കൊണ്ട് അവര്‍ തന്നെ ചെയ്യുന്നതാണ്,’ ചിത്രത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

ചിത്രമോ പ്രതിമയോ ഉള്ളതുകൊണ്ട് ഈ സീറ്റില്‍ വേറെ ആരും ഇരിക്കില്ലെന്നാണ് തിയേറ്ററുകാര്‍ പറഞ്ഞത്. സീറ്റില്‍ ആരും പിറകില്‍ നിന്നും ഇടിക്കുകയോ ചവറുകള്‍ ഇടുകയോ ചെയ്യില്ല. ഇത് വളരെ സെന്‍സിറ്റീവായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ശരിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹനുമാന് സീറ്റ് ബുക്കിങ് എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആദിപുരുഷിനെതിരെ ട്രോളുകളുയര്‍ന്നിരുന്നു. ഗദ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടോയെന്നും ഹനുമാന്‍ മരുത്വാമല തിയേറ്ററിലേക്ക് കൊണ്ടു വരുമോയെന്നുമാണ് ട്രോളന്മാര്‍ ചോദിച്ചിരുന്നത്. ജാംബവാനും സുഗ്രീവനും സീറ്റ് വേണമെന്നും പത്ത് തലയുമായി രാവണന്‍ വന്നാല്‍ പിറകില്‍ ഇരുത്തണമെന്നും ട്രോളുകളുണ്ടായിരുന്നു.

ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുമ്പോള്‍ സീതയെ കൃതി സനനാണ് അവതരിപ്പിക്കുന്നത്.

Content Highlight: A statue of Lord Hanuman will be placed in the reserved seat, says source close to adipurush

Video Stories