|

ആരാധന മൂത്ത് മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍, വണ്ടറടിച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന് പുറത്തേക്കും വലിയ ആരാധക വൃന്ദമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ശ്രീലങ്കയില്‍ നിന്നുമുള്ള തന്റെ ആ രാധകരെ കണ്ട് ദുല്‍ഖര്‍ തന്നെ വണ്ടറടിച്ചിരിക്കുകയാണ്. ഹിറ്റ് എഫ്.എം 96.7ന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രണ്ട് ഡൈ ഹാര്‍ഡ് ദുല്‍ഖര്‍ ഫാന്‍സിന്റെ വീഡിയോ അവതാരക ദുല്‍ഖറിനെ കാണിച്ചുകൊടുത്തത്. ശ്രിലങ്കയില്‍ നിന്നായിരുന്നു ഈ രണ്ട് ആരാധകരുടെയും വീഡിയോ വന്നത്.

‘ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണ്. നിങ്ങളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എനിക്ക് മലയാളം അത്ര മനസിലാവില്ല. പക്ഷേ നിങ്ങളുള്ളത് കൊണ്ട് മാത്രമാണ് ആ സിനിമകള്‍ കാണുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ ചാര്‍ലി, ഹേ സിനാമിക, സീതാ രാമം എന്നിവയാണ്. അതിലെ ദുല്‍ഖറിന്റെ പ്രകടനം ഗംഭീരമാണ്. ഇനി വരുന്ന എല്ലാ സിനിമകള്‍ക്കും ആശംസകള്‍. ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം,’ എന്നാണ് ആദ്യത്തെ വീഡിയോയിലെ ആരാധിക പറയുന്നത്.

ഒരു ദമ്പതികളുടെ വീഡിയോ ആയിരുന്നു അടുത്തത്. വെളുപ്പിനെ അഞ്ച് മണിക്ക് ജോലിക്ക് പോകുന്ന ശ്യാമള എന്ന യുവതി നാല് മണിക്ക് എഴുന്നേറ്റ് ഭര്‍ത്താവിനേയും പനി പിടിച്ച കുഞ്ഞിനേയും എഴുന്നേല്‍പ്പിച്ച് ഒപ്പം കൂട്ടിയാണ് ദുല്‍ഖറിനായി വീഡിയോ ചിത്രീകരിച്ചത്.

‘ഹായ് ദുല്‍ഖര്‍ സല്‍മാന്‍, എന്റെ പേര് അമര്‍, ഇത് ശ്യാമള. ഞങ്ങള്‍ ശ്രീലങ്കയിലാണ് താമസിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ മുതല്‍ നിങ്ങളുടെ വലിയ ആരാധകരാണ് ഞങ്ങള്‍. തമിഴിലായാലും തെലുങ്കിലായാലും നിങ്ങളുടെ ഒറ്റ സിനിമ പോലും ഞങ്ങള്‍ മിസ് ചെയ്യില്ല. ഈ വീഡിയോക്കുള്ള പ്രധാനകാരണം ഈ കുസൃതിച്ചെക്കനാണ്. ഈ കുസൃതിച്ചെക്കന്റെ പേരും ദുല്‍ഖര്‍ സല്‍മാനെന്നാണ്. നിങ്ങള്‍ കാരണമാണ് ഈ പേര് കുഞ്ഞിന് ഇട്ടത്.

ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ബോയ് ആണ്. പണ്ട് നിങ്ങളുടെ സിനിമകള്‍ കാണുമ്പോള്‍ മുതല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാനെന്ന് പേരിടണമെന്ന് വിചാരിച്ചിരുന്നു. ഞങ്ങള്‍ ശ്രീലങ്കയില്‍ നിന്നുമുള്ള നിങ്ങളുടെ വലിയ ആരാധകരാണ്.

ഇവിടെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. സീതാ രാമം കണ്ടു. അതിലെ എല്ലാ പോഷന്‍സും ഇഷ്ടപ്പെട്ടു. അടുത്ത സിനിമക്കായി കാത്തിരിക്കുകയാണ്. ഒരു ദിവസം നിങ്ങളെ കാണാനാവുമെന്നാണ് വിചാരിക്കുന്നത്. ഇവിടെ ഞങ്ങളുടെ ശ്രീലങ്കന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. അവനും ഒരു ദിവസം ഇന്‍ഡസ്ട്രിയിലെത്തുമെന്നാണ് പ്രതീക്ഷ,’ എന്നാണ് അമര്‍ വീഡിയോയില്‍ പറഞ്ഞത്.

ഒന്ന് വണ്ടറടിച്ചും എന്നാല്‍ വലിയ സന്തോഷത്തോടെയുമാണ് ദുല്‍ഖര്‍ ഈ വീഡിയോ കണ്ടിരുന്നത്. ദുല്‍ഖറിനൊപ്പം ചുപ് സിനിമയുടെ സംവിധായകന്‍ ആര്‍. ബാല്‍കിയും നായിക ശ്രേയ ധന്വന്തരിയുമുണ്ടായിരുന്നു.

Content Highlight: A Sri Lankan couple named their son Dulquer Salmaan out of admiration for the actor

Latest Stories

Video Stories