| Friday, 6th September 2024, 11:37 am

ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഹരിയാന ബി.ജെ.പിയില്‍ വിള്ളല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ പിളര്‍പ്പ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി.

67 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. ഇതില്‍ ഒമ്പത് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രിമാര്‍ അടക്കം പദവികള്‍ ഒഴിഞ്ഞത്.

വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയയാണ് രാജിവെച്ച മന്ത്രി. ചൗട്ടിയയ്ക്ക് പുറമെ രതിയ എം.എല്‍.എ ലക്ഷ്മണന്‍ നാപ, മുന്‍ മന്ത്രി കരണ്‍ ദേവ് കാംബേജ് എന്നിവര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്.

പാര്‍ട്ടി വിട്ടതിന് പിന്നലെ ലക്ഷ്മണന്‍ നാപയ്ക്ക് സീറ്റ് നല്‍കാമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന് ലക്ഷ്മണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

ദബ്‌വാലിയിൽ നിന്ന് മത്സരിപ്പിക്കാമെന്ന് അറിയിച്ച ബി.ജെ.പിയുടെ നിര്‍ദേശം മന്ത്രി രഞ്ജിത് സിങ്ങും തള്ളി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകന്‍ രഞ്ജിത്, റാനിയ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായോ മറ്റു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായോ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ബി.ജെ.പി വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ.ബി.സി മോര്‍ച്ച നേതാവ് കൂടിയായ കരണ്‍ ദേവ് കാംബേജ് വിമര്‍ശനം ഉന്നയിച്ചത്. ഇന്ദ്രി, റദൗര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് കരണ്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കാംബേജ് ബി.ജെ.പി വിടുകയായിരുന്നു.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഹരിയാനയില്‍ 46.11 ശതമാനം വോട്ട് ഷെയറാണ് ലഭിച്ചത്. ആകെ രേഖപ്പെടുത്തിയ 65 ശതമാനം പോളിങ്ങില്‍ അഞ്ച് സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. നേരെമറിച്ച്, 2019ല്‍ 70.34 ശതമാനം പോളിങ് നടന്നപ്പോള്‍, പാര്‍ട്ടിക്ക് 58.2 ശതമാനം വോട്ടും 10 സീറ്റുമാണ് ലഭിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിനെയും ബന്ധിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നിലവിൽ ഉയർത്തുന്ന ആശങ്ക.

അതേസമയം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം വരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ ഇത് ഒക്ടോബര്‍ അഞ്ചാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഒക്ടോബര്‍ നാലിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റിയതോടെ, ഫലം ഒക്ടോബര്‍ എട്ടിനായിക്കും ഇനി പ്രഖ്യാപിക്കുക. ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: A split in the Haryana BJP with the announcement of the first phase candidates

We use cookies to give you the best possible experience. Learn more