2016 ജൂണ്‍ 26, അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നൂറ്റാണ്ടിന്റെ കോപ്പയുടെ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും തമ്മില്‍ ഏറ്റുമുട്ടുന്നു. 90 മിനിട്ടും അധിക സമയവും കഴിഞ്ഞതിന് ശേഷം മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയാണ്. അര്‍ജന്റീനയുടെ ആദ്യ കിക്കെടുക്കുന്നത് സാക്ഷാല്‍ ലയണല്‍ മെസി. ഗോള്‍ വല കാക്കാന്‍ ചിലിയന്‍ ഗോള്‍ കീപ്പര്‍ ക്ലോഡിയസ് ബ്രാവോ.
തുടര്‍ച്ചയായ രണ്ട് ഫൈനലിന് ശേഷമുള്ള അര്‍ജന്റീനയുടെ ഒരേയൊരു പ്രതീക്ഷയാണ് ഈ ടൂര്‍ണമെന്റ്.
2014ലെ ലോകകപ്പ്, 2015ലെ കോപ്പ അമേരിക്ക എന്നീ ടൂര്‍ണമെന്റുകളുടെ ഫൈനല്‍ തോറ്റതിന്റെ ഭാരം മെസിയുടെയും സംഘത്തിന്റെയും തലയിലുണ്ട്.
നിര്‍ഭാഗ്യം ഫൈനലില്‍ രണ്ട് തവണ വേട്ടയാടിയ അര്‍ജന്റീനക്കായി ഉണ്ടാക്കപ്പെട്ട ടൂര്‍ണമെന്റാണിതെന്ന വര്‍ത്തമാനം പോലും അക്കാലത്തുണ്ടായിരുന്നു. ഏറെക്കാലത്തെ അന്താരാഷ്ട്ര കിരീട വരള്‍ച്ച ടീമിനെയും നാഷണല്‍ ജേഴ്സിയില്‍ കിരീടമില്ലാത്തത് മെസിയേയും വേട്ടയാടുന്നുണ്ട്.
ഇതൊക്കെ ആ കിക്കെടുക്കുന്നതിന് മുമ്പ് മെസിയുടെ മനസില്‍ വന്നുപോയിട്ടുണ്ടാകാം. അതുകൊണ്ടാണെന്നറിയില്ല ആ കിക്ക് പിഴക്കുന്നു. പിന്നീട് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്നത് അര്‍ജന്റൈനന്‍ ആരാധകരുടെ മനസിലുണ്ടാകില്ല.
അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെടുന്നു. 2014ലെ ലോകകപ്പ് ഫൈനലിലേത് പോലെ, 2015ലെ കോപ്പ അമേരിക്ക ഫൈനലിലേതുപോലെ 2016 നൂറ്റാണ്ടിന്റെ കോപ്പയിലും അവസാന നിമിഷം ചിലിയോട് തോറ്റ് അര്‍ജന്റീന പുറത്താകുന്നു.
പിന്നീട് അര്‍ജന്റീനന്‍ ആരാധകര്‍ കേള്‍ക്കുന്നത് അവരുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്ബോളില്‍ നിന്ന് വരമച്ചു എന്നതാണ്. ഇപ്പോഴും അര്‍ജന്റീനന്‍ ടീമുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഇതിന്റെ വാര്‍ത്താ പോസ്റ്ററുകള്‍ കുത്തിപ്പൊക്കാറുണ്ട്.
ഇനി മെസിയിലേക്ക് വരാം, 2006ലെ ജര്‍മനി ലേകകപ്പിലാണ് മെസി അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം റിക്വല്‍മി കളിച്ച ഏക ലോകകപ്പും 2006ലേതാണ്.
മൈതാനത്തിന് നടുവില്‍ നിന്നും കളി മെനഞ്ഞു നിയന്ത്രിച്ചിരുന്ന റിക്വല്‍മിയിലുള്ള പ്രതീക്ഷയില്‍ കപ്പ് ഉയര്‍ത്തുന്നതും കാത്താണ് അര്‍ജന്റീന ഈ ലോകകപ്പിനിറങ്ങിയത്.
വീഡിയോ…
ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലൊക്കെ ഒരു ടീമെന്ന നിലയില്‍ അര്‍ജന്റീനക്ക് മനോഹര ഫുട്ബോള്‍ കഴ്ചവെക്കാനായി. അവസാനം ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്തുപോകുന്നു. കൗമാരക്കാരനായ മെസിക്ക് ഈ ലോകകപ്പില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാല്‍ തുടര്‍ന്ന് റിക്വല്‍മിയുടെ ഈ സംഘത്തിന് 2008ല്‍ നടന്ന ബീജിങ് ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയെക്കാനും കഴിയുന്നു.
2010 സൗത്ത് ആഫ്രിക്ക ലോകകപ്പിലാണ് അര്‍ജന്റീനയില്‍ ശരിക്കും മെസിയുടെ കാലഘട്ടം ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ അപരാജിത കുതിപ്പ് തുടര്‍ന്ന അര്‍ജന്റീന, ക്വാര്‍ട്ടറില്‍ 2010ലേത് പോലെ ജര്‍മനിയോട് തോറ്റ് പുറത്താകുന്നു. ഏകപക്ഷീയമായ നാല് ഗോളിനായിരുന്നു ആ തോല്‍വി. വീണ്ടും അര്‍ജന്റീനന്‍ ആരാധകന്‍ കരയുന്നു. കപ്പ് കണ്ട് കൂടെക്കുടിയവരല്ലെന്ന കവിത അവര്‍ പാടുന്നു.
പിന്നീട് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബ്രസീലിയന്‍ ലോകകപ്പ് വരുന്നത്. ഈ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഇതിഹാസ താരമെന്നുള്ള തന്റെ വളര്‍ച്ചയില്‍ മെസിയുടെ സുവര്‍ണ കാലഘട്ടമായിരുന്നെങ്കിലും, അര്‍ജന്റീന ഒരിക്കലും ലോകകപ്പില്‍ സാധ്യതകല്‍പ്പിക്കുന്നവരില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഹിഗൈ്വനും ഡി മരിയയും മഷ്‌കരാനോയും അഗ്വൂറോയും സെര്‍ജിയോ റൊമേരയുമടങ്ങിയ മെസിപ്പടയുടെ മികവില്‍ അര്‍ജന്റീനയുടെ കുതിപ്പ് ഫൈനല്‍ വരെ തുടര്‍ന്നു. എന്നാല്‍ ഫൈനലില്‍ ജര്‍മനിയോട് അധിക സമയത്ത് ഒരു ഗോളിന് പരാജയപ്പെട്ട് അര്‍ജന്റീനന്‍ കിരീടമോഹം വീണ്ടും അവസാനിക്കുന്നു.
ഈ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഹോളണ്ടിനോടുള്ള വിജയം വര്‍ത്തമാനകാല അര്‍ജന്റീനന്‍ ആരാധകരുടെ ഫേവറീറ്റ് വിന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ടൂര്‍ണമെന്റിന്റെ താരമായി മെസിയെ തെരഞ്ഞെടുത്തതും അവര്‍ക്ക് ലോകകപ്പ് നേടിയത് പോലെയായിരുന്നു.
പിന്നീട് 2021ല്‍ കോപ്പാ അമേരിക്ക നേടുന്നത് വരെ അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ഫാന്‍ ഫൈറ്റുകളില്‍ പറഞ്ഞുനില്‍ക്കാനുണ്ടായത് ഈ ഫൈനല്‍ നേട്ടം മാത്രമായിരുന്നു. ഞങ്ങള്‍ 2014 ബ്രസീല്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണെന്ന് അവര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നീട് നേരത്തെ പറഞ്ഞ 2015ലെയും 2016ലെയും കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ക്ക് ശേഷം മെസിയുടെ അര്‍ജന്റീന ചിത്രത്തില്‍ വരുന്നത് 2018ലെ ലോകകപ്പ് ക്വാളിഫയറിലാണ്. അന്ന് റഷ്യന്‍ ലോകകപ്പിന് ടീം യോഗ്യത നേടുമോ എന്ന് അര്‍ജന്റീനന്‍ ആരാധകര്‍ ചിന്തിക്കുന്ന ഘട്ടം ടീമിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് അര്‍ജന്റീന റഷ്യയിലേക്കുള്ള ടിക്കെറ്റുറപ്പിക്കന്നു.
2018ലെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അര്‍ജന്റീനക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. ആദ്യ മത്സരത്തില്‍ ദുര്‍ബലരായ ഐസ്‌ലന്‍ഡിനാട് സമനില വഴങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് 3- 0 ആണ് പരാജയപ്പെട്ടത്. വീണ്ടും ടീമിന് ദുരന്തം സംഭവിക്കുന്നു.
എന്നാല്‍, ഗ്രൂപ്പിലെ മൂന്നാം മത്സരം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സമയമായിരുന്നു. ആ ലോകകപ്പില്‍ ഇതുവരെ ഗോള്‍ നേടാത്ത മെസി നൈജീരിയക്കെതിരെ ഗോള്‍ നേടുന്നു. അര്‍ജന്റീനന്‍ ആരാധകരുടെ മനസില്‍ മെസിയുള്ളടത്തോളം കാലം ഓര്‍മിക്കപ്പെടും വിധമായിരുന്നു ആ ഗോള്‍. മത്സരത്തില്‍ നൈജീരിയ ഗോള്‍ തിരിച്ചടിച്ചെങ്കിലും റോഹോയിലൂടെ ഗോള്‍ നേടി വിജയിച്ച് ടീം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുന്നു. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ആ വര്‍ഷത്തെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് പോരുതിയെങ്കിലും ടീം തോറ്റ് പുറത്താകുന്നു. പിന്നീട് 2019ലെ കോപ്പ അമേരിക്കയിലെ സെമി ഫൈനലില്‍ ബ്രസീലിനോട് തോറ്റ് പുറത്താകുന്നു. വീണ്ടും ദുരന്തമുണ്ടാകുന്നു.
എന്നാല്‍ പിന്നീട് അര്‍ജന്റീനക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുന്‍ കോച്ച് സാമ്പോളിയുടെ അസിസ്റ്റന്റായിരുന്ന ലയണല്‍ സ്‌കലോണിയുടെ നേതൃത്വത്തില്‍ 36 മത്സരങ്ങള്‍ തോല്‍വിയറിയാതെയുള്ള അര്‍ജന്റീനയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ക്ക് കാണാനായത്. ഈ ഓട്ടത്തില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു രാജ്യാന്തര കിരീട നേട്ടവും, കോപ്പ അമേരിക്ക- യൂറോ ജേതാക്കളുടെ ടൂര്‍ണമെന്റായ ഫൈനലിസിമ നേട്ടവും ഉള്‍പ്പെടുന്നു.
കോപ്പയില്‍ ബ്രസീലിനെയും, ഫൈനലിസിമയില്‍ ഇറ്റലിയേയും തോല്‍പ്പിച്ച് മുന്നേറിയ അര്‍ജന്റീന ആത്മവിശ്വാസം നേടുന്നു. ഈ ഓട്ടമാണ് ഖത്തര്‍ ലോകകപ്പില്‍ ലോക ഫുട്ബോളില്‍ അത്ര പേരില്ലാത്ത സൗദി അറേബ്യയോട് 2-1ന് തോറ്റ് കലമടച്ചിരിക്കുന്നത്.
വലിയ വിജയങ്ങള്‍ക്കിടയില്‍ വീണ്ടും അര്‍ജന്റീന തോറ്റിരിക്കുകയാണ്. 36 തുര്‍ച്ചയായ വിജയത്തിന് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തില്‍ തന്നെ ടീം പരാജയപ്പട്ടിരിക്കുയാണ്.
അര്‍ജന്റീന പഴയ അര്‍ജന്റീന ആയിരിക്കുകയാണ്. ഇനി തിരിച്ചുവരവുണ്ടായേക്കാം. അല്ലെങ്കില്‍ തോറ്റ് പുറത്തായേക്കാം. എന്നാല്‍ അര്‍ജന്റീനയോടുള്ള ആരാധകര്‍ക്കുള്ള തല്‍പര്യത്തില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. കാരണം അവര്‍ കണ്ടും പഠിച്ചും ശീലിച്ച അര്‍ജന്റീന ഇങ്ങനെയൊക്കെത്തന്നെയാണ്. അതാണ് അര്‍ജന്റീനയുടെ സൗന്ദര്യവും.
CONTENT HIGHLIGHT: A Special write up about Lionel Messi’s Argentina, the fall and rise