തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനസംഘടിപ്പിച്ചു. 13 പേരാണ് പുതിയ സംഘത്തിലുള്ളത്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ്. മധുസൂദനന്‍ സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍.
ഡി.വൈ.എസ്.പി ആര്‍. പ്രതാപന്‍ നായര്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എച്ച്. അനില്‍കുമാര്‍ പി.ഐ. മുബാറക്ക്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരത് കുമാര്‍ കെ. മണിക്കുട്ടന്‍ ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. രതീശ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
നേരത്തെ കേസിന്റെ പുനരന്വേഷണത്തിന് സമാന്തരമായി സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ നയനയുടെ കുടുംബാംഗങ്ങളെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നത്.
സി.ബി.ഐ അന്വേഷണത്തോടൊപ്പം കേസ് അട്ടിമറിക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നത്.
അതിനിടെ, നയനയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നിലവിലെ അന്വേഷണ ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം പുതിയ കേസ് ഫയല്‍ തുറന്ന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകും.
പുതിയ അന്വേഷണത്തിന് വ്യക്തമായ പ്ലാന്‍ തയാറാക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
Content Highlight: A special team of Crime branch has been reconstituted to investigate the mysterious death of Nayana Surya