അജണ്ട വ്യക്തമല്ല; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും
national news
അജണ്ട വ്യക്തമല്ല; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st August 2023, 4:39 pm

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണ് സമ്മേളനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അമൃത് കാല്‍ പാര്‍ലമെന്റിലെ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സമ്മേളനത്തിന്റെ അജണ്ടയെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലെ പ്രധാന ഉത്സവമായ ഗണേഷ് ചതുര്‍ത്തിക്കിടെ സമ്മേളനം വിളിച്ചത് നിര്‍ഭാഗ്യകരമാണെന്ന് രാജ്യസഭാ എം.പിയും ശിവസേന (യു.ബി.ടി) നേതാവുമായ പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. സമ്മേളനം വിളിച്ചിരിക്കുന്ന തിയതി കണ്ട് അത്ഭുതം തോന്നിയെന്നും ഇത് ഹിന്ദു വികാരത്തിനെതിരാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

തിയതി മാറ്റണമെന്ന ആവശ്യവുമായി എന്‍.സി.പി നേതാവ് സുപ്രിയ സുലെയും രംഗത്തെത്തി. ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണ് കാത്തിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മഹാരാഷ്ട്രയിലെ പ്രധാന ഉത്സവമായ ഗണപതി ഉത്സവത്തിനിടെയാണ് സമ്മേളനത്തിന്റെ തിയതിയെന്നും ഇത് മാറ്റണമെന്ന് ആവശ്യപ്പെടുന്നതായും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെയായിരുന്നു നടന്നത്. 23 ദിവസത്തിനിടെ 17 സിറ്റിങ്ങുകളാണ് നടന്നത്. മണിപ്പൂര്‍ വിഷയം ഉന്നയിച്ച് സഭ പ്രതിപക്ഷ പ്രതിഷേധത്താല്‍ പ്രക്ഷുപ്ധമായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവിശ്വാസ പ്രമേയവും പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൊണ്ടു വന്നിരുന്നു.

Content Highlights: A special session of Parliament is being called from September 18 to 22