തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനും പ്രത്യേക സാമ്പത്തിക പാക്കേജും വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.
കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
‘സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 64 ശതമാനവും സ്വന്തം വരുമാനത്തില്‍നിന്നാണ് കണ്ടെത്തുന്നതെന്നും എന്നാല്‍ അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്. ജി.എസ.്ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കല്‍, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സര്‍ക്കാര്‍ സംരംഭങ്ങളുടെ വായ്പയുടെയും പേരില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ അവകാശം വെട്ടിക്കുറയ്ക്കല്‍, നികുതി ഉണ്ടായ വലിയ കുറവ് എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണ ക്ഷാമവും പരിഹരിക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന നിലയിലുള്ള പ്രത്യേക പാക്കേജ് അനുവദിക്കണം,’ ധനകാര്യ മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണില്‍ നടന്ന പ്രീബജറ്റ് ചര്‍ച്ചയില്‍ ഉന്നയിച്ച പ്രത്യേക പാക്കേജ് ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ചുണ്ടിക്കാട്ടി. ജി.എസ്.ടി സമ്പ്രദായം പുര്‍ണസജ്ജമാകുന്നതുവരെ ജി.എസ.്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണമെന്നും വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2000 കോടി രുപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ദുരന്ത ബാധിതര്‍ക്കായി വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഈ പാക്കേജ് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. തുറമുഖത്തേയ്ക്കുള്ള റെയില്‍പാത, തുറമുഖം അധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈട്രജന്‍ ഹബ്ബ്, സീഫുഡ് പാര്‍ക്ക്, ലോജസ്റ്റിക് ആന്‍ഡ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പുര്‍ണ പ്രയോജനം രാജ്യത്ത് ഉപയുക്തമാകൂ. ഇതിന് സര്‍ക്കാര്‍ മേഖലയില്‍ വലിയ നിക്ഷേപം ആവശ്യമാണ്,’ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയര്‍ത്തണമെന്നും ഈ വര്‍ധന ഉപാധിരഹിതമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഊര്‍ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി അനുവദിച്ച അര ശതമാനം അധിക വായ്പാനുമതി അടുത്ത സാമ്പത്തിക വര്‍ഷവും തുടരാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന് മിക്ക സംസ്ഥാനങ്ങള്‍ക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഇങ്ങനെ സംസ്ഥാനങ്ങള്‍ എടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പില്‍ എടുക്കുന്ന വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
ദേശീയപാതാ വികസനത്തിന് ഭുമി ഏറ്റെടുക്കുന്നതിന് 25 ശതമാനം ചെലവ് വഹിക്കണമെന്ന കേന്ദ്ര നിബന്ധന പാലിക്കാനായി കിഫ്ബി വായ്പ എടുത്തുനല്‍കിയ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍നിന്ന് വെട്ടിക്കുറച്ചു. ഇത് പരിഹരിക്കാന്‍ ഈ വര്‍ഷം 6,000 കോടി രൂപ അധികമായി വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനം അഭ്യര്‍ത്ഥിച്ചു.
മൂലധനച്ചെലവ് ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കാപ്പെക്സ് വായ്പ അനുവദിക്കുന്നതിന് ബ്രാന്‍ഡിങ് വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ വെഹിക്കിള്‍ സ്‌ക്രാപ്പിങ് പോളിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ 15 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയവയ്ക്ക് പകരം വാഹനങ്ങള്‍ ഉറപ്പാക്കാന്‍ 800 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പ്രവാസ കേരളീയരുടെയും, മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനായി 300 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തണം. മുതിര്‍ന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരളം തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 3,940 കോടി രൂപ ലഭ്യമാക്കണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി മുന്നോട്ടുവയ്ക്കുന്ന പദ്ധതിക്ക് 4,500 കോടി രൂപ ഇത്തവണ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി നീക്കിവയ്ക്കണം,’ മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി ആവശ്യമാണെന്നും ഇതിലേക്ക് അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്ര ബജറ്റില്‍ 2329 കോടി രുപ വകയിരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന പുനര്‍ഗേഹം പുനധിവാസ പദ്ധതിക്കായി 186 കോടി രൂപകൂടി ആവശ്യമാണെന്നതും മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടി ലഭ്യമാക്കണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ആര്‍സിസിയുടെ വികസനത്തിന് 1293 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ഉറപ്പാക്കണമെന്നും മനുഷ്യ-മൃഗ സംഘര്‍ഷം അതീവഗുരുതര പ്രശ്നമായി മാറുന്ന സാഹചര്യത്തില്‍ പരിഹാര പദ്ധതികള്‍ക്കായി 1000 കോടി രൂപ അനുവദിക്കാനും സംസ്ഥാനം ആവശ്യപ്പെട്ടു.
‘റബറിന് താങ്ങുവില ഉറപ്പാക്കാന്‍ 1000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കണം. തേയില, കാപ്പി, സുഗന്ധ വ്യജ്ഞനങ്ങള്‍ തുടങ്ങിയവയുടെ തോട്ടം നവീകരണത്തിനും, വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി സാധ്യതകള്‍ വികസിപ്പിക്കുന്നതിനും പ്രത്യേക പക്കേജ് ഉള്‍പ്പെടുത്തണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീര്‍ക്കാനും സംഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും 2000 കോടി രൂപ അനുവദിക്കണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം 60 ശതമാനത്തില്‍നിന്ന് 75 ശതമാനമായി ഉയര്‍ത്തണം,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പി.എം-ഉഷ പദ്ധതിയില്‍ കേരളം സമര്‍പ്പിച്ച 2117 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം ഉറപ്പാക്കാനും നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പുര്‍-നഞ്ചന്‍കോട്, തലശേരി-മൈസുരു റെയില്‍പാതകള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടാകണമെന്നും സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ ഉള്‍പ്പെടുന്നു.
കശുവണ്ടി, കയര്‍, കൈത്തറി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉള്‍പ്പെടെ സ്‌കീം തൊഴിലാളികളുടെ ഹോണറേറിയം, സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ കേന്ദ്ര വിഹിതം, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്ര വിഹിതം തുടങ്ങിയവ വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എയിംസ് അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
Content Highlight: A special package of Rs 24,000 crore should be announced for Kerala and aid for Wayanad; State Government to the Centre