Kerala News
'അത് ബാഡ് ടച്ചാണ്, മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്, ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്കറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്'; പോക്‌സോ കേസിലെ ഒമ്പത് വയസുകാരന്റെ മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 17, 02:44 pm
Monday, 17th January 2022, 8:14 pm

തിരുവനന്തപുരം: ഒമ്പത് വയസുകാരനെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിയെ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി.

മണക്കാട് കാലടി സ്വദേശി വിജയകുമാറി(54)നെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പീഡനമേറ്റ ഒമ്പത് വയസുകാന്റെ പക്വതാപരമായ നിലപാടാണ് പ്രതിയെ ശിക്ഷിക്കാനിടയാക്കിയത്. പ്രതി പിഴത്തുക നല്‍കുയാണെങ്കില്‍ അത് വാദിക്ക് നല്‍ക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

‘അത് ബാഡ് ടച്ചാണ്, അതിനാല്‍ മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്,’ പീഡനമേറ്റ ഒമ്പത് വയസുകാരന്‍ മൊഴി നല്‍കി.

2020 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു.

കുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്നുകളഞ്ഞുകളയുകയായിരുന്നു.

പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാല്‍ പൊലീസില്‍ പരാതി നല്‍ക്കണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു.

തുമ്പ പൊലീസാണ് കേസ് എടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.