മതമില്ലാത്തൊരു സമൂഹമായിരിക്കും കുറേക്കൂടി നല്ലത്: രഞ്ജന്‍ പ്രമോദ്
Entertainment news
മതമില്ലാത്തൊരു സമൂഹമായിരിക്കും കുറേക്കൂടി നല്ലത്: രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th June 2023, 4:53 pm

മതമില്ലാത്തൊരു സമൂഹമായിരിക്കും കൂറെകൂടി നല്ലതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. താന്‍ ഒരു മതത്തിന്റെയും ആളല്ലെന്നും മതവും മറ്റുമെല്ലാം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മതത്തെ പ്രമോട്ട് ചെയ്യുന്ന ഒരാളല്ല. എനിക്ക് മതം വേണ്ട. മതമില്ലാത്തൊരു സമൂഹമായിരിക്കും കുറെക്കൂടി നല്ലത് എന്ന് പറയുന്ന ഒരാളാണ് ഞാന്‍. മതത്തിന്റെ പരിഗണനകള്‍ എന്റെ ജീവിത്തതിലെവിടെയുമില്ല. മതവും മറ്റുപരിപാടികളുമെല്ലാം രാഷ്ട്രീയലാഭത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്.

പക്ഷെ, ഒരാള്‍ക്ക് ഒരു ഐഡിയോളജിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാം ഒരു ഐഡിയോളജിയാണ്, ഹിന്ദൂയിസവും ഒരു ഐഡിയോളജിയാണ്. നിങ്ങള്‍ക്ക് ബുദ്ധിയും വിവരവും അതിനുള്ള പ്രായവുമാകുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം. ഒരാളുടെ ഇന്‍ഫ്‌ളൂവന്‍സ് കൊണ്ടാണ് അത് തെരഞ്ഞെടുക്കുന്നത് എന്നത് ഒരു തെറ്റല്ല. അങ്ങനെ പല ഇന്‍ഫ്‌ളൂവന്‍സുകളുടെ ഭാഗമായിട്ടല്ലെ നമ്മളോരോന്നും തെരഞ്ഞെടുക്കുന്നത്.

നോര്‍ത്തിന്ത്യയിലുള്ളവര്‍ക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സാംസ്‌കാരിക സാഹചര്യവും ഇവിടുത്തെ സെക്യുലര്‍ പരിസരവും. പുറത്തുള്ള ഒരു മുസ്‌ലിമിന് മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത കാര്യങ്ങളായിരിക്കും ഇവിടുത്തെ മുസ്‌ലിം സമുദായം ചെയ്യുന്നത്.


ഉദാഹരണം പറഞ്ഞാല്‍, പ്രളയകാലത്ത് ഇവിടുത്തെ അമ്പലങ്ങളില്‍ വെള്ളവും ചെളിയും കയറിയ സമയത്ത് ആ ഏരിയ മുഴുവന്‍ ക്ലീന്‍ ചെയ്ത മുസ്‌ലിം സമുദായത്തില്‍ പെട്ടവരുണ്ട്. അവസാനം അവിടെ വെച്ച് നിസ്‌കരിച്ചിട്ടാണ് അവര്‍ തിരിച്ചുപോന്നിട്ടുള്ളത്. അവരുടെ മതം ഒരിക്കലും അതിന് തടസ്സമായിട്ടില്ല,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

content highlights: A society without religion would be much better: Ranjan Pramod