ലങ്ക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ബി ലവ് കാന്‍ഡി- ജാഫ്‌ന കിങ്‌സ് മത്സരത്തില്‍ കളി കാണാന്‍ ഗ്രൗണ്ടിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയെത്തിയിരുന്നു. ശ്രീലങ്കയില്‍ സാധാരണയായി കാണുന്നതാണെങ്കിലും ശ്രീലങ്കയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ അധികം കാണാത്ത ‘പാമ്പ് സാര്‍’ ആയിരുന്നു ആ അതിഥി.
ജാഫ്‌ന ഇന്നിങ്‌സിലെ 18ാം ഓവറിലായിരുന്നു സംഭവം. ഹോര്‍ഡിങ്‌സിനിടയിലൂടെ പതിയെ ഇഴഞ്ഞു നീങ്ങിയ പാമ്പിനെ കണ്ട ക്യാമറാമാന്‍ കടിയേല്‍ക്കാതെ ഓടി മാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
‘ക്യാമറാമാനെ അവന്റെ സ്ഥനത്ത് കാണുന്നില്ല, എവിടെയും കാണാനില്ല. അവന്‍ ഓടിക്കളഞ്ഞിരിക്കാം, കാരണം അത് വലിയൊരു പാമ്പാണ്,’ എന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
ഹോര്‍ഡിങ്‌സിനെ ചുറ്റിപ്പറ്റി നിന്ന പാമ്പ് ശേഷം ഇഴഞ്ഞുപോവുകയും ചെയ്തിരുന്നു. ബൗണ്ടറി റോപ്പ് കടന്ന് ഗ്രൗണ്ടിലെത്താത്തതിനാല്‍ കളി തടസ്സപ്പെട്ടിരുന്നില്ല.
എന്നാല്‍ ഗ്രൗണ്ടിലേക്ക് പാമ്പ് ഇഴഞ്ഞു കയറിയതിന് പിന്നാലെ കളി തടസ്സപ്പെട്ട സംഭവവും എല്‍.പി.എല്ലിന്റെ ഈ സീസണില്‍ ഉണ്ടായിരുന്നു. ആഗസ്റ്റ് ഒന്നിന് നടന്ന ഗല്ലെ ടൈറ്റന്‍സും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിലാണ് പാമ്പ് ഗ്രൗണ്ടില്‍ പ്രവേശിച്ചത്.
അതേസമയം, മത്സരത്തില്‍ ജാഫ്‌ന കിങ്‌സിനെ എട്ട് റണ്‍സിന് തോല്‍പിച്ച് കാന്‍ഡി തങ്ങളുടെ കുതിപ്പ് തുടരുകയാണ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബി ലവ് കാന്‍ഡി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. 51 പന്തില്‍ 81 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസാണ് കാന്‍ഡി നിരയില്‍ നിര്‍ണായകമായത്.
🔥Batting Masterclass by Mohammad Haris! Smashing his way to a staggering 81 runs off just 51 balls!🏏
തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടി ശ്രദ്ധാകേന്ദ്രമായ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്കക്ക് ഈ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. 14 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്.