ന്യൂദല്‍ഹി: തിങ്കളാഴ്ചയിലെ ഭാരത് ബന്ദ് വലിയ വിജയമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷക സമരം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണെന്ന് പറഞ്ഞവരുടെ മുഖത്തേറ്റ അടിയായിരുന്നു ബന്ദ് എന്നും ടികായത് പറഞ്ഞു.
സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ് കര്‍ഷകരുടെ സമരം എന്ന് പറഞ്ഞവര്‍ ഈ രാജ്യം മുഴുവന്‍ ഇന്ന് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ണുതുറന്നു കാണണമെന്നും രാകേഷ് ടികായത് പറഞ്ഞു.
കര്‍ഷകര്‍ക്ക് പുറമേ മറ്റ് തൊഴിലാളികളും വിവിധ ട്രേഡ് യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും ബന്ദിനെ പിന്തുണച്ചതായും 10 മണിക്കൂര്‍ നീണ്ടുനിന്ന രാജ്യവ്യാപക സമരത്തിന്റെ സമാപനചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
‘സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വലിയ വിജയമായി. രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ തെരുവുകളിലേക്കിറങ്ങി അവരുടെ രോഷം പ്രകടിപ്പിച്ചു.
കര്‍ഷകര്‍ക്ക് പുറമേ മറ്റ് തൊഴിലാളികളും വ്യവസായികളും ട്രേഡ് യൂണിയനുകളും ബന്ദിനെ പിന്തുണച്ചു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചു,’ രാകേഷ് ടികായത് പറഞ്ഞു.
ഭാരത് ബന്ദിനോടനുബന്ധിച്ച സമരപരിപാടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കിയതിന് സമരക്കാരോട് ടികായത് നന്ദി പറയുകയും ചെയ്തു. ‘കാര്യമായ അക്രമസംഭവങ്ങളൊന്നും എവിടെയും ഉണ്ടായിട്ടില്ല. അതിന് ഈ നാട്ടിലെ തൊഴിലാളികളോടും പൗരന്മാരോടും കൂടി കര്‍ഷകര്‍ നന്ദി പറയുകയാണ്,’ ടികായത് കൂട്ടിച്ചേര്‍ത്തു.
കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയും, കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയിലെ ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചിരുന്നു. പഞ്ചാബും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ പല സ്ഥലങ്ങളിലും സമരക്കാര്‍ ദേശീയപാതകളും റെയില്‍വേ ട്രാക്കുകളും ബ്ലോക്ക് ചെയ്തു. കുറച്ചുപേര്‍ക്ക് ബന്ദ് കാരണം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന് അറിയാമെന്നും കര്‍ഷകര്‍ക്ക് വേണ്ടി അതെല്ലാം മറക്കണമെന്നും ടികായത് ചടങ്ങില്‍ പറഞ്ഞു.
സ്വന്തം വീടും കുടുംബവും വിട്ട് 10 മാസത്തോളമായി കര്‍ഷകര്‍ തെരുവിലാണ്. എന്നാല്‍ ഇവിടുത്തെ സര്‍ക്കാര്‍ ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. ഈയവസരത്തില്‍ സമരം ചെയ്യുകയല്ലാതെ മറ്റൊരു വഴിയും ജനാധിപത്യരീതിയിലില്ല. എത്രയും വേഗം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകര്‍ സമരമാരംഭിച്ചത്. സമരം 10 മാസം പിന്നിടുന്ന ഘട്ടത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണി വരെയായിരുന്നു ബന്ദ്.