| Monday, 29th August 2022, 10:05 am

യു.എസില്‍ വെടിവെപ്പ് പരമ്പര; മൂന്ന് സംഭവങ്ങളിലായി കൊല്ലപ്പെട്ടത് ഏഴ് പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് പരമ്പര. മൂന്ന് സംഭവങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിട്രോയിറ്റിലാണ് ആദ്യ സംഭവം നടന്നത്. ഇവിടെ അജ്ഞാതന്റെ വെടിയേറ്റ് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മറ്റൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് ഹൂസ്റ്റണിലെ ടെക്‌സണ്‍ നഗരത്തിലാണ്. ഇവിടെ ഒരാള്‍ നാല് പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രതി പിന്നീട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

അക്രമി പല വീടുകള്‍ക്കും തീയിടുകയും താമസക്കാര്‍ പുറത്തുവന്നയുടന്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ഹൂസ്റ്റണ്‍ പൊലീസ് മേധാവി ട്രോയ് ഫിന്നര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമിയുടെ വെടിയേറ്റ് മരിച്ചവരെല്ലാം 40 മുതല്‍ 60 വരെ പ്രായമുള്ള പുരുഷന്മാരാണ്. 40 വയസുകാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.

അമേരിക്കയിലെ പ്രാദേശിക സമയം ഞായര്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് അക്രമി വെടിയുതിര്‍ത്തത്. ഇതിനിടയില്‍ അക്രമത്തെക്കുറിച്ച് ഇയാള്‍ പൊലീസിന് സന്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

തലസ്ഥാനമായ വാഷിങ്ടണില്‍ ഒരു നാഷണല്‍ ഫുട്ബാള്‍ ലീഗ് താരത്തിന് വെടിയേറ്റു. ബ്രയാന്‍ റോബിന്‍സണ്‍ ജൂനിയര്‍ എന്ന ഫുട്‌ബോള്‍ താരത്തിനാണ് വെടിയേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, യു.എസില്‍ വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. സ്‌കൂളുകളിലടക്കം തുടര്‍ച്ചയായി വെടിവെപ്പുകള്‍ നടക്കുന്നതും കുട്ടികളടക്കം മരണപ്പെടുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ് പ്രതിഷേധത്തിന് കാരണം.

CONTENT HIGHLIGHTS:  A series of shootings in the US; Seven people were killed in three incidents

We use cookies to give you the best possible experience. Learn more