'മുസ്‌ലിങ്ങള്‍ അടിമകളല്ല'; മധ്യപ്രദേശ് കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ്
national news
'മുസ്‌ലിങ്ങള്‍ അടിമകളല്ല'; മധ്യപ്രദേശ് കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2023, 2:01 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അസീസ് ഖുറേഷി. കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഹിന്ദുത്വയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ‘മുസ്‌ലിങ്ങള്‍
അവരുടെ ആജ്ഞകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അടിമകളല്ല’ എന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിദിഷയില്‍
സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കവെയാണ് അസീസ് ഖുറേഷിയുടെ വിമര്‍ശനം. 82-കാരനായ അസീസ് ഖുറേഷി മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ്. മധ്യപ്രദേശ് മന്ത്രിയും ലോക്സഭാ എം.പിയുമൊക്കെയായിരുന്നു ഇദ്ദേഹം, ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

‘മുസ്‌ലിങ്ങള്‍ അടിമകളോ ആരുടെയെങ്കിലും ആജ്ഞകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോ അല്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളും മനസിലാക്കണം.

സുപ്രധാന പദവികളില്‍ ജോലി ലഭിക്കാതെയാകുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് എന്തിന് വോട്ട് ചെയ്യണം? എന്ന ചോദ്യം ഉയര്‍ന്നേക്കാം. അവരുടെ കടകളും ആരാധനാലയങ്ങളും വീടുകളും കത്തിക്കുന്നു, മക്കള്‍ അനാഥരാകുന്നു, ഒരു പരിധിവരെ അവരിതൊക്കെ സഹിക്കുമായിരിക്കും. എന്നാല്‍ അവര്‍ ഭീരുക്കളല്ല,’ അസീസ് ഖുറേഷി പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഈയിടെയായി ഹിന്ദുത്വ നേതാക്കളെ കണ്ടത് അടക്കം പരോക്ഷമായി എടുത്ത പറഞ്ഞും അസീസ് ഖുറേഷി വിമര്‍ശനമുന്നയിച്ചു.

‘നേതാക്കള്‍ മതപരമായ യാത്രകള്‍ നടത്തുകയും മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ലജ്ജാകരമാണ്. ഇതൊക്കെ പറഞ്ഞതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല,’ ഖുറേഷി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ‘മൃദു ഹിന്ദുത്വ’ സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപമുണ്ട്. മുഖ്യമന്ത്രി കമല്‍നാഥിന്റെ ‘ഹിന്ദു രാഷ്ട്രം’ പരാമര്‍ശം വലിയ വിവാദമായിരുന്നു. 82 ശതമാനം ഹിന്ദുക്കള്‍ താമസിക്കുന്നത് ഏത് തരം രാജ്യമായിരിക്കും എന്നായിരുന്നു, ഇന്ത്യ ഹിന്ദുരാഷ്ട്രമാണോ എന്ന ചോദ്യത്തോട് കമല്‍നാഥ് പ്രതികരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അസീസ് ഖുറേഷിയുടെ വിമര്‍ശനം.

Content Highlight: A senior leader Aziz Qureshi in Madhya Pradesh Congress is outspoken against soft Hindutva