തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റ് ; ഒരുമാസത്തെ പ്രചരണം കൊണ്ട് അതില്‍ മാറ്റം വരുത്താനാകില്ല: എസ്. രാമചന്ദ്രന്‍ പിള്ള
Kerala News
തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റ് ; ഒരുമാസത്തെ പ്രചരണം കൊണ്ട് അതില്‍ മാറ്റം വരുത്താനാകില്ല: എസ്. രാമചന്ദ്രന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th June 2022, 3:40 pm

 

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കുറച്ചുകൂടി വോട്ട് പ്രതീക്ഷിച്ചിരുന്നുവെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എസ്. രാമചന്ദ്രപിള്ള.

തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ്. ഒരുമാസത്തെ പ്രചരണം കൊണ്ട് അതില്‍ മാറ്റം വരുത്താനാകില്ല. ട്വന്റി 20യുടെ പതിനായിരത്തോളം വോട്ടുകളും ബി.ജെ.പിയുടെ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ആ നിലയില്‍ കഴിഞ്ഞ തവണത്തെ വോട്ടിനോട് ചേര്‍ത്ത് നോക്കിയാല്‍ ഇന്നത്തെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ കെ റെയില്‍ തിരിച്ചടിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം പി.ബി അംഗം എം.എ. ബേബിയും രംഗത്തെത്തിയിരുന്നു.

തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും തോല്‍വി പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു.

തൃക്കാക്കരയില്‍ നടന്നത് അപ്രതീക്ഷിതമായ പരാജയമാണ്. കണക്കുകൂട്ടലുകള്‍ തെറ്റി. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിയാണ്. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയില്‍ വ്യാഖ്യാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സില്‍വര്‍ ലൈനുമായി മുന്നോട്ടുപോവുന്നതെന്നും സില്‍വര്‍ ലൈന്‍ ഭാവി കേരളത്തിന്റെ ആസ്തിയാണെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കുവെന്നും എം.എ. ബേബി വ്യക്തമാക്കി.

Content Highlights: A senior CPI (M) leader  Ramachandra Pillai said that the LDF was expecting less votes in the Thrikkakara by – election