മാലിന്യ സംസ്‌കരണം തുറന്നിടുന്ന തൊഴില്‍ സാധ്യതകള്‍, 'എസ്‌കലേറ'യില്‍ സെമിനാര്‍
Kerala News
മാലിന്യ സംസ്‌കരണം തുറന്നിടുന്ന തൊഴില്‍ സാധ്യതകള്‍, 'എസ്‌കലേറ'യില്‍ സെമിനാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2023, 7:25 pm

കോഴിക്കോട്: കേരള വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ സംരംഭകര്‍ക്കായി നടത്തുന്ന എക്‌സ്‌പോ ‘എസ്‌കലേറെ’യുടെ ഭാഗമായി മാലിന്യ സംസ്‌കരണവും തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

മാലിന്യ പ്രതിസന്ധിയെ പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ട് എങ്ങനെ നേരിടണമെന്നതും ഇത് തുറന്നിടുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ചും വിദഗ്ധര്‍ സംസാരിച്ചു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന സാമ്പത്തിക സഹായങ്ങളെ കുറിച്ചും സെമിനാറിലൂടെ വിശദീകരിച്ചു.

കോഴിക്കോട് നഗരസഭാ ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി അധ്യക്ഷയായി. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വനിതാ വികസന വകുപ്പ് മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി. ആമുഖ പ്രഭാഷണം നടത്തി.

കാലഘട്ടം മാറുന്നതിനനുസരിച്ച് മാലിന്യങ്ങളുടെ തോത് വര്‍ധിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപടലുകള്‍ ദ്രുതഗതിയില്‍ സംഭവിക്കുന്നുണ്ടെന്നും, കൂടുതല്‍ സംരംഭങ്ങള്‍ ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണകുമാരി പറഞ്ഞു.

കോഴിക്കോട് നഗരസഭ വ്യവസായവകുപ്പുമായി ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുള്ള ‘വി ലിഫ്റ്റ്’ പദ്ധതിയെ പറ്റിയും സംരംഭകര്‍ക്ക് ലഭ്യമാകുന്ന വിവിധ സാമ്പത്തിക സഹായങ്ങളെ കുറിച്ചും സെമിനാറില്‍ വിശദമാക്കി.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള പതിനഞ്ച് നൂതന സംരംഭങ്ങള്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ വിശദീകരിച്ചു. കേരളത്തിലെ ഖരമാലിന്യ നിര്‍മാര്‍ജന സംരംഭങ്ങളെക്കുറിച്ചും, അവിടെ തുറന്നിടപ്പെടുന്ന തൊഴില്‍ സാഹചര്യത്തെക്കുറിച്ചും കേരള സോളിഡ് വേസ്റ്റ് മാനേജ്മന്റ് പ്രോഗ്രാമിന്റെ സോഷ്യല്‍ ഡെവലപ്‌മെന്റ്‌റ് എക്‌സ്‌പെര്‍ട്ട് ജെയ്സണ്‍ സംസാരിച്ചു.

വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവരും കേരള സര്‍ക്കാരും ചേര്‍ന്ന് സാമ്പത്തിക സൗകര്യങ്ങള്‍ ഒരുക്കുന്ന വിവിധ പദ്ധതികളും സെമിനാറില്‍ പരിചയപ്പെടുത്തി.

സ്ത്രീ സംരംഭകര്‍ക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ കുറിച്ച് ജിയോജിത് റീജ്യണല്‍ മാനേജര്‍ ആന്റണി ജോസഫ് വിശദമാക്കി. വനിതാ വികസന കോര്‍പ്പറേഷന്‍ എച്ച്.ആര്‍. ഹൈഡ് സ്റ്റാന്‍ലി സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ ശ്രീജിത്ത് കെ.ജി. നന്ദിയും പറഞ്ഞു.

 

 

Content Highlight: A seminar was organized on the topic of waste management and employment opportunities.