ദന്‍ബാദ്: സ്‌കൂളില്‍ പൊട്ട് തൊട്ട് ചെന്നതിന് അധ്യാപികയില്‍ നിന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലെ ദന്‍ബാദിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഉഷ കുമാരിയാണ് ആത്മഹത്യ ചെയ്തത്. പ്രാര്‍ത്ഥനാ സമയത്തായിരുന്നു മര്‍ദനം . പ്രതിയെയും പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും ഡി.എസ്.പി നിഷ മുര്‍മു അറിയിച്ചു.
‘വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്‌കൂളില്‍ അധ്യാപിക ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റും ചെയ്തു. തുടരന്വേഷണം നടക്കുകയാണ്’ ഡി.എസ്.പി നിഷ മുര്‍മു പറഞ്ഞു. തന്റെ ആത്മഹത്യക്ക് ഉത്തരവാദി അധ്യാപികയും പ്രിന്‍സിപ്പലുമാണെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
പൊട്ട് തൊട്ട് സ്‌കൂളില്‍ പോയതിന് മര്‍ദനമേറ്റ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ് ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ട്വിറ്റിലൂടെ അറിയിച്ചു. സംഭവം നാഷണല്‍ കമ്മീഷന്‍ ഫോര്‍ ചൈല്‍ഡ് റൈറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിനായി സംഘം ദന്‍ബാദിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ചൊവ്വാഴ്ച മരിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും പെണ്‍കുട്ടിയുടെ മൃതദേഹവുമായി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ റോഡില്‍ പ്രതിഷേധം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചെന്നും ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉത്തം മുഖര്‍ജി പറഞ്ഞു.
‘ഇത് വളരെ ഗൗരവതരമായ വിഷയമാണ്. സ്‌കൂളിന് സി.ബി.എസ്.സി ബോര്‍ഡിന്റെ അംഗീകാരമില്ല. ഇക്കാര്യം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്ന് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്,’ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
Content Highlight: A school student died by suicide reportedly after being beaten up for wearing a bindi