ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി തുടങ്ങിയ വിദേശ താരങ്ങളെ സൗദി അറേബ്യയില്‍ എത്തിക്കുന്നത് രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്താനാണെന്ന് അമേരിക്കന്‍ സ്‌കോളര്‍ ക്രിസ്റ്റിന്‍ സ്മിത്ത് ദിവാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൗദി അറേബ്യക്ക് ആഗോള തലത്തില്‍ നല്ല പേരല്ലെന്നും യെമന്‍ യുദ്ധം മുതല്‍ 2018ലെ ജമാല്‍ ഖഷോഗിയുടെ കൊലപാതകം വരെയുള്ള പല വിവാദങ്ങളിലും സൗദി പങ്കാളികളായിട്ടുണ്ടെന്നും ക്രിസ്റ്റിന്‍ പറഞ്ഞു.
കലാ-കായിക രംഗത്ത് മുടക്കുന്ന വന്‍ നിക്ഷേപം യുവ തലമുറക്കാരിലടക്കമുള്ള ആളുകളിലേക്ക് രാജ്യത്തെ കുറിച്ച് മതിപ്പുളവാക്കാന്‍ സഹായിക്കുമെന്നാണ് സൗദി അറേബ്യയുടെ വിശ്വാസമെന്നും വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് ഗള്‍ഫ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സ്‌കോളര്‍ ആയ ക്രിസ്റ്റിന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ക്രിസ്റ്റിന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘രാജ്യത്തിന്റെ സമ്പൂര്‍ണ പുനഃക്രമീകരണത്തിനാണ് അങ്ങനെ ചെയ്യുന്നത്. ഇത് എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഇടമാണെന്നും ഭീഷണിയുളവാക്കുന്ന സ്ഥലമല്ലെന്നും ആളുകളെ ബോധ്യപ്പെടുത്തുകയാണ് സൗദിയുടെ ലക്ഷ്യം,’ ക്രിസ്റ്റിന്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ എത്തുന്നത്. 200 മില്യണ്‍ യൂറോയുടെ കരാറില്‍ രണ്ട് വര്‍ഷത്തേക്കാണ് താരവുമായി അല്‍ ആലാമി സൈനിങ് നടത്തിയത്. ഇതിനുപുറമെ ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി ചേര്‍ന്ന് 2030ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനും സൗദി പദ്ധതിയിടുന്നുണ്ട്. രാജ്യത്തിന്റെ അംബാസഡറായി റൊണാള്‍ഡോയെ നിയമിക്കാന്‍ സൗദി അറേബ്യ നീക്കങ്ങള്‍ നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.