ലോകകപ്പില്‍ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം എകാനാ സ്പോര്‍ടസ് സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മോശം തുടക്കത്തിലാണ് മുന്നോട്ട് പോയത്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ശക്തമായ ബാറ്റിങ് നിരയുള്ള ഇന്ത്യയുടെ ഈ ലോകകപ്പിലെ ഏറ്റവും മോശം തുടക്കമാണിത്.
164 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലിരിക്കെയാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടി രോഹിത് ശര്‍മ മടങ്ങിയത്. 101 പന്തില്‍ മൂന്ന് സിക്സറും 10 ബൗണ്ടറികളുമടക്കം 87 റണ്‍സ് അടിച്ചെടുത്താണ് രോഹിത് ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. ആദില്‍ റഷീദിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച രോഹിത് ലിയാം ലിവിങ്സ്റ്റണ്‍ന്റെ സാഹസികമായ ക്യാച്ചിലാണ് പുറത്തായത്.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കത്തിനായി ബാറ്റ് വീശിയപ്പോള്‍ മൂന്നാം ഓവറില്‍ ക്രിസ് വോക്സിന്റെ ഓഫ്കട്ടറില്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. 13 പന്തില്‍ നിന്ന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. എന്നാല്‍ മോശം തുടക്കത്തില്‍നിന്നും കരകയറ്റാന്‍ വന്ന വിരാട് കോഹ്ലിയാണ് ഏറെ നിരാശപ്പെടുത്തിയത്.
ഒമ്പത് പന്തില്‍ നിന്നും പൂജ്യം റണ്‍സിനാണ് കോഹ്ലിയെ ഡേവിഡ് വില്ലി തിരിച്ചയത്. താളം കണ്ടെത്താനാവാതെ ആറാം ഓവര്‍ അവസാനിക്കാനിരിക്കെ വില്ലിയെറിഞ്ഞ പന്ത് കോഹ്ലി ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സ് അനായാസം പന്ത് കയ്യിലൊതുക്കുകയായിരുന്നു.
ഇന്ത്യക്ക് 26 റണ്‍സ് എന്ന നിലയില്‍ ഗില്ലിനെ നഷ്ടപ്പെട്ടപ്പോള്‍ 27 റണ്‍സിനാണ് കോഹ്ലിയേയും നഷ്ടപ്പെടുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് നിര ഇന്ത്യയെ അടിമുടി ഉലച്ചുകൊണ്ട് വീണ്ടും പ്രഹരമേല്‍പ്പിക്കുകയായിരുന്നു. കോഹ്ലിക്ക് ശേഷം വന്ന ശ്രേയസ് അയ്യര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
16 പന്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് താരം നേടിയത്. ഗില്ലിനെ വീഴ്ത്തിയ അതേ വോക്സ് തന്നെയായിരുന്നു അയ്യരേയും കുരുക്കിയത്. തുടര്‍ന്ന് രോഹിതും രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട റണ്‍സിലേക്ക് ടീമിനെ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്ലി എറിഞ്ഞ പന്തില്‍ രാഹുലിനേയും നഷ്ടപ്പടുകയായിരുന്നു. 58 പന്തില്‍ 39 റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്.
കനത്ത തോല്‍വികളില്‍ നിന്നും കരകയറാന്‍ ശക്തമായിതന്നെ തിരിച്ചടിക്കാനാണ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്. ബൗളിങ് നിരയില്‍ റീസ് ടോപ്ലെയുടെ അഭാവത്തിലും ഇംഗ്ലണ്ട് ഇന്ത്യയെ വലിഞ്ഞുമുറുക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് എട്ട് വിക്കറ്റിനും സൗത്ത് ആഫ്രിക്കയോട് 229 റണ്‍സിന്റെയും കനത്ത തോല്‍വി ഇംഗ്ലണ്ട് വഴങ്ങിയിരുന്നു. എന്നാല്‍ നാണക്കേടില്‍ നിന്നും കരകയറാന്‍ ശക്തരായ ഇന്ത്യക്കെതിരെ വിജയപ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
Content Highlights: A savior despite a bad start; England too to destroy India