Advertisement
Movie Day
'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്'; ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റുമായി 'നോണ്‍ ഹലാല്‍ തുഷാര'; കിടിലന്‍ മറുപടി നല്‍കി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 08, 05:37 pm
Thursday, 8th September 2022, 11:07 pm

 

ഓണാഘോഷ ഫോട്ടോ പങ്കുവെച്ച ബിനീഷ് ബാസ്റ്റിന് നേരെ സംഘപരിവാര്‍ അനുഭാവിയായ യുവതിയുടെ വിദ്വേഷ കമന്റ്. ഓണം ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും ആഘോഷമല്ല, നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് എന്നാണ് തുഷാര അജിത് എന്ന പ്രൊഫൈലില്‍ നിന്ന് വിദ്വേഷ കമന്റ് വന്നത്.

‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് ഇത് ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും ആഘോഷമല്ല?
ഇന്നലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടികളില്‍ ആടലും ഡാന്‍സും ചാട്ടവും ഒക്കെ കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്‌ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍,’ എന്നായിരുന്നു യുവതിയുടെ കമന്റ്.

നോണ്‍ ഹലാല്‍ (no halal) ഹോട്ടല്‍ നടത്തിപ്പിലൂടെ ശ്രദ്ധേയായ കൊച്ചിയിലെ തുഷാര കല്ലയിലാണ് ഈ വിദ്വേഷ കമന്റിന് പിന്നില്‍. ‘ഓണം മലയാളികളുടെ ദേശിയഉത്സവമാണ് ഞങ്ങള്‍ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും
സാലു കുമ്പളങ്ങിയും ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല. വര്‍ഗീയത തുലയട്ടെ,’ എന്നാണ് ബിനീഷ് ബാസ്റ്റിന് ഇതിന് മറുപടി നല്‍കിയത്.

നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചന്ന് പ്രചരിപ്പിച്ചാണ് തുഷാര ആദ്യം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങള്‍.

തുഷാരയുടെ വാദങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. പിന്നാലെ, തുഷാരയ്ക്ക് നേരെ നടന്നത് ജിഹാദി ആക്രമണമാണെന്ന് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രൊഫൈലുകളും പ്രചരിപ്പിച്ചു.

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ തടസമാണെന്ന് തരത്തില്‍ വ്യാപക പ്രചരണം സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും നടത്തിയിരുന്നു.