തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘എക്സ് എം.പി ബോര്‍ഡ്’ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ എം.പി എ. സമ്പത്തിന്റെ ഡ്രൈവര്‍.
താനോ കൂട്ടുകാരോ സഖാക്കളോ കാണാത്ത ഒരു ബോര്‍ഡ് എങ്ങനെ വാഹനത്തില്‍ വന്നെന്ന് അറിയില്ലെന്ന് ഡ്രൈവര്‍ പ്രസാദ് ഏലംകുളം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കുത്തിതിരിപ്പിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്നും പ്രസാദ് ഏലംകുളം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒന്നും മനസ്സില്‍ ആകുന്നില്ല…
എന്താ ഈ ലോകം ഇങ്ങനെ…
കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറില്‍ ഞാനാണ് വളയം പിടിച്ചിരുന്നത്. ഞങ്ങള്‍ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങള്‍ക്ക്, ഡി.വൈ.എഫ്.ഐ പഠനോത്സവത്തിന്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങള്‍ക്ക്, പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കാന്‍ വീട്ടില്‍, ആറ്റിങ്ങല്‍ എം.എല്‍.എ സഖാവ്. ബി. സത്യന്റെ പുലയനാര്‍ക്കോട്ടയില്‍ ഉള്ള അനുജന്റെ വസതിയില്‍, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ഓഫീസിലെ ക്ലര്‍ക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദര്‍ശനങ്ങള്‍. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോര്‍ഡ്.
കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല…
ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലര്‍ എന്നു മാധ്യമങ്ങള്‍ വാഴ്ത്തിയ സഖാവ് കെ അനിരുദ്ധന്റെ മകന്‍ സഖാവ് സമ്പത്താണ് എന്ന് ഓര്‍ക്കണം.
ഇന്ന് സഖാവ് സമ്പത്തിന് കേരളത്തില്‍ സഞ്ചരിക്കാന്‍ ഒരു ബോര്‍ഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.
എക്സ് എം.പി ബോര്‍ഡുമായി താന്‍ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാമെന്നും എ. സമ്പത്ത് പറഞ്ഞിരുന്നു.
KL-01, BR-657 എന്ന നമ്പരിലുള്ള കാറില്‍ Ex.MP എന്ന് എഴുതിയ ബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്നതാണ് ചിത്രം. ഈ നമ്പറിലുള്ള വാഹനം എ. സമ്പത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്.
കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്ന്് വി.ടി ബല്‍റാം എം.എല്‍.എയും ആരോപണം ഉന്നയിച്ചിരുന്നു.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എം.പിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാഹനം മുന്‍ എം.പി എ സമ്പത്തിന്റേതാണെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മാധ്യമമായ ജയ് ഹിന്ദ് ടി.വി ഓണ്‍ലൈന്‍ ഇക്കാര്യം ഉറപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.