എക്‌സ്.എം.പി ബോര്‍ഡ് കാറിന് മുമ്പില്‍ വെച്ച് സഞ്ചരിക്കുന്നു എന്ന ആരോപണത്തിന് മറുപടിയായി ആറ്റിങ്ങല്‍ മുന്‍ എം.പി എ.സമ്പത്ത്. ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്യട്ടെ എന്നും സമ്പത്ത് പ്രതികരിച്ചു. കാട്ടാക്കടയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പഠനോപകരണ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പേരില്‍ അഴിമതിയും പെണ്‍വാണിഭ കേസുകളും ഉണ്ടെന്ന് പ്രചരിപ്പിക്കാത്തതില്‍ സന്തോഷമുണ്ടെന്നും സമ്പത്ത് പറഞ്ഞു. ഇത്തരത്തിലുള്ള ബോര്‍ഡുമായി താന്‍ യാത്ര ചെയ്തിട്ടില്ലെന്ന് വിവാദമുണ്ടായപ്പോള്‍ തന്നെ സമ്പത്ത് പ്രതികരിച്ചിരുന്നു. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബോര്‍ഡ് ഘടിപ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എമാരായ വി.ടി ബലറാം, ഷാഫി പറമ്പില്‍ പോലുള്ളവര്‍ ഇത് ഏറ്റെടുത്തിരുന്നു.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റുകള്‍ ഷാഫിയും ബല്‍റാമും പിന്‍വലിച്ചിരുന്നു.