| Sunday, 16th June 2019, 3:33 pm

എക്‌സ് എംപി ബോര്‍ഡുമായി താന്‍ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്ന് എ. സമ്പത്ത്; 'ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘എക്‌സ് എംപി ബോര്‍ഡ്’ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ എം.പി എ. സമ്പത്ത്. എക്‌സ് എംപി ബോര്‍ഡുമായി താന്‍ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും എ. സമ്പത്ത് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സമ്പത്തിന്റെ പ്രതികരണം.

KL-01, BR-657 എന്ന നമ്പരിലുള്ള കാറില്‍ Ex.MP’ എന്ന് എഴുതിയ ബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്നതാണ് ചിത്രം. ഈ നമ്പറിലുള്ള വാഹനം എ. സമ്പത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്.

കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണം.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍ എം.പി എ. സമ്പത്തിന്റേതാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മാധ്യമമായ ജയ് ഹിന്ദ് ടി.വി ഓണ്‍ലൈന്‍ ഇക്കാര്യം ഉറപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more