| Sunday, 16th June 2019, 2:01 pm

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി 'എക്‌സ് എം.പി' ബോര്‍ഡ് വെച്ച കാര്‍; പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് ‘മുന്‍ എം.പി’യുടെ വാഹനം. ‘എക്‌സ് എം.പി’ (മുന്‍ എം.പി) എന്ന ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്ന കാറിനെക്കുറിച്ചാണ് ഇത്തരത്തില്‍ ചര്‍ച്ച നടക്കുന്നത്. കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണം.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.’- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിനോടകം തന്നെ കാര്‍ ആറ്റിങ്ങല്‍ മുന്‍ എം.പി എ. സമ്പത്തിന്റേതാണെന്ന സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മാധ്യമമായ ജയ് ഹിന്ദ് ടി.വി ഓണ്‍ലൈന്‍ ഇക്കാര്യം ഉറപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.

‘നിങ്ങള്‍ എക്‌സ് എം.പിയായ പ്രമുഖനെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ആറ്റിങ്ങലിലേക്കു വാ. കണ്‍കുളിര്‍ക്കെ കാണാം’- എന്നാണ് ഒരാള്‍ ട്രോളായിക്കുറിച്ചത്. ‘അയാള്‍ തോറ്റ എം.പിയാണെങ്കിലും മുന്‍ സീനിയര്‍ എം.പിയാണ്. അതിനാല്‍ തീര്‍ച്ചയായും ബോര്‍ഡ് വേണം.’- എന്നാണ് ഒരാള്‍ പരിഹസിച്ചത്.

കഴിഞ്ഞദിവസം കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അനുഭാവികള്‍ തന്നെ വിളിച്ചിരുന്നെന്നും താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നെന്നും മുന്‍ എം.പി എം.ബി രാജേഷ് പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയമായിരുന്നു.

നരേന്ദ്രമോദിക്കെതിരെ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതിപക്ഷ പ്രചരണവും മാധ്യമ പ്രചരണവും ആളുകളെ ആകര്‍ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. തങ്ങളുടെ വോട്ടുകള്‍ പാഴായതായി പലവോട്ടര്‍മാരും കരുതുന്നു. തന്നെ തോല്‍പ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി ലഭിക്കുന്നത് നൂറുകണക്കിന് സന്ദേശങ്ങളാണെന്നും എം.ബി രാജേഷ് പറഞ്ഞു.

എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കില്‍, സമൂഹത്തിലെ പല വിഭാഗങ്ങളില്‍ നിന്നുള്ള മുനുഷ്യരുടെ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകള്‍, ടെലഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണ്. എന്നെ പോലെ സമ്പത്ത്, രാജീവ്, ബാലഗോപാല്‍ എന്നിവര്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഉണ്ടാവണമായിരുന്നുവെന്ന് പറയുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും എന്നീ പ്രചരണങ്ങള്‍ അവരെ സ്വാധീനിച്ചുവെന്നാണ് പറയുന്നത്. അവര്‍ക്കതില്‍ ഇപ്പോള്‍ വിഷമമുണ്ടെന്ന് രാജേഷ് പറഞ്ഞു.

2004-ല്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ ത്രിപുരയും പശ്ചിമ ബംഗാളും ഉണ്ടായിരുന്നു. ഇത് ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടാവാന്‍ സഹായിച്ചു. ഇത്തവണ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമായിരുന്നു. മോഡിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് പലരും കരുതി. ആ വിഭാഗങ്ങള്‍ ഇപ്പോള്‍ വിഷമത്തിലാണെന്നും രാജേഷ് പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അരോചകമായ തരത്തിലേക്ക് മാറി. ഇതൊരു വെല്ലുവിളി മാത്രമല്ല അവസരം കൂടിയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് പരമ്പരാഗതമായ അടിത്തറയുണ്ട്. അത് ഞങ്ങള്‍ക്ക് ഗുണമാണ്. അത് ശക്തിപ്പെടുത്തുകയും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് എം.ബി രാജേഷ് പറഞ്ഞു.

We use cookies to give you the best possible experience. Learn more