കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും പരാജയപ്പെട്ട സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്രത്തില്‍ നിന്നും പദ്ധതികള്‍ നേടിയെടുക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുമാണ് എ. സമ്പത്തിനെ നിയോഗിച്ചതെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. സമ്പത്തിന്റെ നിയമനം സംബന്ധിച്ച് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്.
സമ്പത്തിന്റെ നിയമനം എല്‍.ഡി.എഫ് അറിഞ്ഞിട്ട് പോലുമില്ലെന്ന് ജെ.ഡി.എസ് നേതാവ് സി.കെ.നാണു നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷവും സമ്പത്തിന്റെ നിയമനത്തിനെതിരെ രംഗത്തെത്തി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സമ്പത്തിന്റെ നിയമനത്തിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെട്ടത്. എ. സമ്പത്തിന്റെ നിയമനം ആര്‍ഭാടമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.
എ.സമ്പത്തിനെ കേരളത്തിന്റെ ലെയ്‌സണ്‍ ഓഫീസറായി ദല്‍ഹിയില്‍ നിയമിക്കുന്നത് ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്റമാരും ഒരു ഡ്രൈവറുമടക്കം മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളുമായി ചീഫ് സെക്രട്ടറി റാങ്കിലാണ്.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എം.പിയെ സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. പ്രളയ സെസ് ഏര്‍പ്പെടുത്തിയ ദിനത്തിലാണ് നിയമനം എന്നത് നീതീകരിക്കാനാവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വികസന പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് മുന്‍ എം.പി എ.സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ലെയ്‌സണ്‍ ഓഫീറായി ദല്‍ഹിയില്‍ നിയമിക്കുന്നത്.
ക്യാബിനറ്റ് മന്ത്രിക്കുള്ള എല്ലാ സൗകര്യത്തോടെയും സമ്പത്തിനെ ദല്‍ഹിയില്‍ കുടിയിരുത്തുമ്പോള്‍ പ്രതിനിധിയുടെ ജോലി എന്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജനങ്ങള്‍ സമ്പത്തിനെ തോല്‍പ്പിച്ചതെന്നും ദല്‍ഹിയില്‍ നിയമിക്കുന്നതോടെ സിപി.ഐ.എമ്മിനല്ലാതെ മറ്റാര്‍ക്കും നേട്ടമുണ്ടാവില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് കുറ്റപ്പെടുത്തി.