| Wednesday, 12th May 2021, 1:48 pm

കോണ്‍ഗ്രസ് ശബരിമലയുടെ പിന്നാലെ പോയി; തോറ്റാല്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണവും പരാജയത്തിന് കാരണമായെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമാണെന്ന ഹൈക്കമാന്റ് വിലയിരുത്തല്‍ ശരിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സജീവന്‍. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഇത്തവണ തോറ്റാല്‍ പ്രവര്‍ത്തകരെല്ലാം ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും സജീവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ശബരിമല വിഷയത്തിന് പിന്നാലെ പോയെന്നും പിണറായി സര്‍ക്കാരിന്റെ പാളിച്ചകള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും എ. സജീവന്‍ കൂട്ടിച്ചേര്‍ത്തു.

‘ ഹൈക്കമാന്റ് വിലയിരുത്തല്‍ ശരിയാണ്. സെഞ്ച്വറി അടിക്കുമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ എന്താണ് തെരഞ്ഞെടുപ്പ് ഗോദയില്‍ നടക്കുന്നതെന്നും മറുവശത്തിന്റെ തന്ത്രമെന്താണെന്നും ശരിയായി വിലയിരുത്താതെ ശബരിമല പ്രശ്നവും മറ്റുമായി മുന്നോട്ട് പോയി, അന്ധമായ വിശ്വാസമായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. അമിതമായ ആത്മവിശ്വാസമായിരുന്നു. 2019 ലെ വിജയത്തിന് കാരണം ശബരിമലയാണെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്ത് പോയതിന്റെ ഒറ്റ കുഴപ്പമാണ് അവര്‍ക്ക്,’ സജീവന്‍ പറഞ്ഞു.

പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കും പരാജയത്തിന് കാരണമായെന്നും എ ഗ്രൂപ്പും ഐ ഗ്രൂപ്പും കൂടാതെ ഹൈക്കമാന്റ് ഗ്രൂപ്പ് എന്ന പേരിലും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഉണ്ടായെന്നും സജീവന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ കൃത്യമായിരുന്നുവെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഹൈക്കമാന്റ് വിലയിരുത്തല്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സജീവന്റെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: A Sajeevan About Congress Failure In Election

We use cookies to give you the best possible experience. Learn more