ചോദ്യം: ഏറ്റവും ചെറിയ ജനസംഖ്യയുള്ള, അതില്‍ തന്നെ മഹാഭൂരിഭാഗവും ഇന്ത്യന്‍ വംശജരായിട്ടുള്ള രാജ്യമാണ് മൗറീഷ്യസ്. ഇപ്പോള്‍ ഇന്ത്യ-മൗറീഷ്യസ് ട്രേഡ് അംബാസിഡറായി താങ്കള്‍ നിയമിതനായിരിക്കുകയാണ്. എങ്ങിനെയാണ് ഈ സ്ഥാനത്തെ നോക്കിക്കാണുന്നത്? ഇന്ത്യക്ക് ഏതെല്ലാം തരത്തിലുള്ള നേട്ടങ്ങളാണ് ഈ സ്ഥാനം കൊണ്ട് ലഭിക്കുക? എന്തെല്ലാമാണ് ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍?
ഉത്തരം:ഇന്ത്യന്‍ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെറ്റില്‍ ഏറ്റവും കൂടുതല്‍ മൗറീഷ്യസില്‍ നിന്നുമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ തൊഴില്‍ സാധ്യതയിലും സാമ്പത്തിക വളര്‍ച്ചയിലും പരസ്പരം യോജിച്ചു പോവുന്ന രാജ്യങ്ങളാണ് ഇന്ത്യയും മൗറീഷ്യസും. ഏകദേശം 70%ത്തോളം പൂര്‍വ്വ ഇന്ത്യക്കാരുടെ തലമുറ അവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയോടവര്‍ക്ക് പ്രത്യേക താല്‍പര്യവുമുണ്ട്.
കൂടാതെ ലോകത്തുള്ള എല്ലാ വമ്പന്‍ കോര്‍പ്പറേറ്റുകളുടെയും ഓഫീസുകളും പ്രവര്‍ത്തനങ്ങളും മൗറീഷ്യസിലുണ്ട്.
ഡബിള്‍ ടാക്‌സേഷന്റെ ഗുണഫലങ്ങള്‍ കാരണം അവിടെ ടാക്‌സും കുറവാണ്. ഇത് കൂടുതല്‍ ബിസിനസുകാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാവുന്നു. കൂടാതെ അവിടെ തുടങ്ങുന്ന ഏത് സംരഭകനും 7 വര്‍ഷത്തേക്ക് ടാക്‌സ് നല്‍കേണ്ടതില്ല. ഇതൊക്കെയാണ് മൗറീഷ്യസിനെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറ്റുന്നത്.
മൗറീഷ്യസെന്ന രാജ്യത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം മറ്റൊന്നും തന്നെ ആവശ്യമില്ല. കാരണം പതിമൂന്ന് ലക്ഷം ജനസംഖ്യ മാത്രമുള്ള രാജ്യത്തിന് സ്വയം പര്യാപ്തതയ്ക്ക് കാര്‍ഷിക മേഖലയുടെ വളര്‍ച്ച മാത്രമാണ് അത്യാവശ്യമുള്ളത്.
എന്നാല്‍, ഇപ്പോള്‍ മൗറീഷ്യസ് നേരിടുന്ന പ്രധാന പ്രശ്‌നം വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവാണ്. എല്ലായാളുകളും ക്വാളിഫൈഡായതുകൊണ്ടുതന്നെ തൊഴിലാളികളെ കിട്ടാനില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് അത്തരത്തിലുള്ള തൊഴിലാളികളെ സംഭാവന ചെയ്യാന്‍ കഴിയും. എല്ലാ മേഖലയിലേക്കും ആളുകളെ ആവശ്യമുണ്ട്.
ഉദാഹരണത്തിന് കാര്‍ഷിക മേഖല, ഇലക്ട്രീഷ്യന്‍, എയര്‍ കണ്ടീഷ്ണര്‍ റിപ്പയറിങ് തുടങ്ങിയ മേഖലകളിലൊക്കെ മൗറീഷ്യസില്‍ ആളുകളെ ആവശ്യമാണ്. കൂടാതെ ഒരുപാട് ഐ.ടി പാര്‍ക്കുകളും ബിസിനസ് പാര്‍ക്കുകളും അവിടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടങ്ങളിലെല്ലാം ഇന്ത്യക്കാരുടെ സാന്നിദ്ധ്യം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഒരുപാട് ട്രേഡ് സാധ്യതകളുണ്ട്.
ചോദ്യം: വലിയ ഡിപ്ലോമാറ്റിക് തീരുമാനങ്ങളെടുക്കേണ്ട ചുമതലയാണ് താങ്കളുടെ പുതിയ പദവി. അതിനായി താങ്കള്‍ക്ക് ലഭിക്കുന്ന പിന്തുണകള്‍ ഏത് രീതിയിലാണ്? ഇത്രയും കാലത്തെ താങ്കളുടെ എക്‌സ്‌പീരിയന്‍സ് എങ്ങനെ സഹായകമാകുന്നു?
ഉത്തരം: ഇക്കണോമിക്ക് ഡിപ്‌ളോമസിയാണ് ഈ അംബാസിഡര്‍ സ്ഥാനം. ബിസിനസ്, കൊമേഴ്‌സ് തുടങ്ങിയ പ്രശ്‌നങ്ങളിലൊക്കെ ഇടപെടേണ്ടതായി വരും. ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറേയും മിനിസ്റ്ററേയുമെല്ലാം സപ്പോര്‍ട്ട് ചെയ്യേണ്ടതായുണ്ട്.
ഞാന്‍ കുറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ അനേകായിരം വിദ്യാര്‍ത്ഥികളെ കണ്ടാണ് വളരുന്നത്. അവരെ റിക്രൂട്ട് ചെയ്യാന്‍ വരുന്ന കമ്പനികള്‍, അതുസംമ്പന്ധിച്ച കാര്യങ്ങള്‍ എല്ലാം നിരന്തരം കാണുന്നതാണ്. കൂടാതെ മറ്റു മേഖലകളിലും എക്‌സ്പീരിയന്‍സുള്ളത് കൊണ്ടുതന്നെ ആളുകളെ മനസിലാക്കാനും കാര്യങ്ങള്‍ ചെയ്യുവാനുമുള്ള ഡിപ്‌ളോമസി ലഭിക്കുന്നുണ്ട്.
ചോദ്യം: വളരെയേറെ കാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തുന്ന ആളാണ് താങ്കള്‍, എങ്ങനെയാണ് മൗറീഷ്യസിലെ വിദ്യഭ്യാസ മേഖലയെ നോക്കിക്കാണുന്നത്
ഉത്തരം: പ്രൈമറി മുതല്‍ ഹയര്‍ എജ്യുക്കേഷന്‍ വരെ സൗജന്യ വിദ്യാഭ്യാസമാണ്. പ്രഫഷണല്‍ കോഴ്‌സുകള്‍ക്കാണ് അവര്‍ പുറത്തേക്ക് പോവുന്നത്. യൂറോപ്പ്, ഓസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായും പോവുന്നത്. വിദ്യാഭ്യാസം പൂര്‍ണമായും സര്‍ക്കാര്‍ മേഖലയില്‍ ആയത്‌കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ ഓപ്പണിങ്ങുകള്‍ കുറവാണ്.
എന്നാല്‍ ഐ.ടി.ഐ, പോളിടെക്ക്നിക്ക്, ആര്‍ട്ട്‌സ്, കള്‍ച്ചര്‍ പോലെയുള്ള മേഖലകളിലൊക്കെ ആളുകളെ ആവശ്യമുണ്ട്. മറ്റൊരു മേഖലയെന്ന് പറയുന്നത് ടൂറിസമാണ്. ടൂറിസത്തിന് പ്രാധാന്യമുള്ള സ്ഥലമായതുകൊണ്ടുതന്നെ പഞ്ചകര്‍മ്മ, ആയൂര്‍വേദം, യോഗ, തുടങ്ങിയ മേഖലകളിലേക്കൊക്കെ ഒരുപാട് ആളുകളെ ആവശ്യമുണ്ട്.
ചോദ്യം: കേരളത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പുറം രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയേറെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എങ്ങനെയാണ് ഈ മാറ്റത്തെ നോക്കിക്കാണുന്നത്.
ഉത്തരം: വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇപ്പോഴും ഒരു പതിനഞ്ച് വര്‍ഷം പുറകിലാണ്. കാരണം ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയം ഭരണാവകാശം ഇല്ലാത്തതാണ്. ലോകത്തിലെല്ലായിടത്തും സിലബസില്‍ മാറ്റം വന്നു എന്നാല്‍ ഇവിടെയിപ്പോഴും പഴയതാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരോട് മത്സരിച്ച് നില്‍ക്കല്‍ ഇവിടുത്തെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാവും. അതാണ് പുറത്തേക്ക് പോവാനുള്ള പ്രധാന കാരണം.
രണ്ടാമതായി കേരളത്തില്‍ ജോലി സാധ്യതയില്ലായെന്നുള്ളതാണ്. ഉള്ള ജോലികളൊക്കെ തന്നെ ചെറിയ ശമ്പളത്തിലുള്ള ചെറുകിട തൊഴില്‍ മേഖലകളാണ്. എന്നാല്‍ അത് ഇന്നത്തെ ചെറുപ്പക്കാരുടെ ജിവിത നിലവാരത്തിനോ അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ക്കോ മതിയാവുന്നതുമല്ല. കൂടാതെ ചെറുപ്പക്കാര്‍ ഫ്രീഡം ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ കേരളത്തിലെ ചട്ടങ്ങളും വിലക്കുകളും കൂടി ആ ഒഴുക്കിന് കാരണമാവുന്നുണ്ട്.
എന്നാല്‍ മറ്റു രാജ്യങ്ങളിലേക്കു പോവുന്ന വിദ്യാര്‍ത്ഥികള്‍ വ്യാപകമായി വഞ്ചിക്കപ്പെടുന്നതിനാല്‍ ആ ഒരു ഒഴുക്ക് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം. എന്നിരുന്നാലും മറ്റു സംസ്ഥാനങ്ങളിലേക്ക് വിദ്യാഭാസ സ്ഥാപനങ്ങള്‍ തേടി പോവുന്ന പ്രവണതയുണ്ട്. ഇതെല്ലാം കാണിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ ഒരു മാറ്റം വേണം എന്നത് തന്നെയാണ്. സിലബസും പഠന രീതികളും മാറ്റേണ്ടത് അനിവാര്യമാണ്.
ചോദ്യം: പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ വരുന്നതിനെ എങ്ങനെ വിലയിരുത്താം, താങ്കള്‍ നേതൃത്വം നല്‍കുന്ന നെഹ്‌റു ഗ്രൂപ്പിന്റെ കൂടി അനുഭവത്തില്‍ ഇത് എത്രത്തോളം ഗുണകരമാവുമെന്നാണ് കരുതുന്നത്.
ഉത്തരം: ഒരു പ്രൈവറ്റ് യുണിവേഴ്സിറ്റിയാവുമ്പോള്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. അധികാര പരിധി വര്‍ദ്ധിക്കുന്നത് കൊണ്ടുതന്നെ സിലബസും രീതികളും തന്നെ മുഴുവനായി മാറ്റാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത യൂണിവേഴ്സിറ്റികളില്‍ ഇതൊന്നും സാധ്യമല്ല. കാരണം അവിടെ അഫിലിയേറ്റ് ചെയ്ത കോളേജുകളുടെ എണ്ണം കൂടുതലാണ്.
പഴയ അദ്ധ്യാപകരാണ് ഇത്തരം സ്ഥാപനങ്ങളില്‍ കൂടുതലുള്ളത്. അവരെ സംബന്ധിച്ചിടത്തോളം പുതിയ സ്‌കില്ലുകളൊന്നും തന്നെ പഠിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ പുതിയ കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യാനോ അവര്‍ക്ക് കഴിയില്ല. പഴഞ്ചന്‍ കാര്യങ്ങള്‍ തുടര്‍ന്നു പോരുന്നത് കൊണ്ടു തന്നെ മറ്റൊന്നും ചെയ്യാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല.
എന്നാല്‍ ഇത് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലേക്കുവരുബോള്‍ അദ്ധ്യാപകര്‍ക്കുമാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമാണ്. കേരളത്തിന്റെ പ്രധാന പ്രശ്നം എന്ന് പറയുന്നത് ഒരു പ്രൈവറ്റ് യൂണിവേഴ്സിറ്റിയില്ലയെന്നതാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലൊക്കെ പത്ത് വര്‍ഷം മുമ്പ് തന്നെ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ വന്നു കഴിഞ്ഞു. അവര്‍ ഒരുപാട് ദൂരം മുന്നോട്ട് പോയികഴിഞ്ഞു.
കേരളത്തില്‍ പുതിയ ആശയങ്ങളോ റിസര്‍ച്ചുകളോ ഒന്നും തന്നെ നടക്കുന്നില്ല. അതിനായി പിന്തുണയോ സാമ്പത്തിക സഹായമോ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഇല്ലാത്തതും പ്രധാന പ്രശ്നമാണ്.
ചോദ്യം: കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ വരുന്നതിനും ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് സ്വാശ്രയ കോളേജുകള്‍ കേരളത്തില്‍ വരുന്നത് ഇവിടുത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയൊരു ഉണര്‍വ് ഉണ്ടാക്കുകയും ചെയ്തു. ആ തരത്തില്‍ യൂണിവേഴ്സിറ്റികള്‍ വന്നാലും വലിയൊരു മാറ്റമുണ്ടാകില്ലേ
ഉത്തരം: തീര്‍ച്ചയായും, കാരണം മറ്റാളുകളുമായി താരതമ്യം ചെയ്യുന്ന തരത്തില്‍ അല്ലെങ്കില്‍ മത്സരിക്കുന്ന തരത്തില്‍ ആയിരിക്കും എല്ലാം വരുന്നത്. അതിപ്പൊ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലാണെങ്കിലും ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലാണെങ്കിലും ടീച്ചിങ് രീതി ആണെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ കാര്യത്തിലാണെങ്കിലും ഒക്കെ ഗുണകരമായ മത്സരമുണ്ടാകും. അങ്ങനെ വരുമ്പോള്‍ ലോകോത്തര നിലവാരം സ്വാഭാവികമായും വരും.
നമ്മളിപ്പോഴും സംസ്ഥാനത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടുള്ള ഒരു ചട്ടകൂടിലാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഡ്രസ് കോഡുകളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെയാണ് ചര്‍ച്ച. ഇംഗ്ലീഷ് ഭാഷ പോലും ഉപയോഗിക്കുന്നത് വളരെ അപൂര്‍വ്വമായിരിക്കുന്നു. ഇതൊക്കെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളെ പിന്നോട്ടടിക്കുന്നത്.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷയില്‍ അറിവില്ലാത്തതാണ് പല ഇന്റര്‍വ്യുവുകളിലും അവര്‍ പുറം തള്ളപ്പെടാന്‍ കാരണം. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്നതിന്റെ വ്യത്യാസം അതാണ്. അവിടെ കര്‍ശനമായി ഇന്നതെ ചെയ്യാന്‍പാടുള്ളു എന്ന ഒരു സാഹചര്യമില്ല. മറ്റ് സംസ്ഥാനളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇതൊക്കെ നമ്മുടെ പോരായ്മയായി വരാം.
ചോദ്യം: താങ്കള്‍ ആരോഗ്യ രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നൊരാളാണ്. അച്ഛന്റെ ഓര്‍മയ്ക്കായി ആശുപത്രി തുടങ്ങി പിന്നിടത് മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഒരു ചരിത്രം പറയാമോ, എങ്ങനെയാണ് അതിലേക്ക് എത്തുന്നത് ?
ഉത്തരം: 2009 ലാണ് ഒരു ആശുപത്രി തുടങ്ങണമെന്ന് അച്ഛന്‍ ആഗ്രഹിച്ചത്. അതിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അദ്ദേഹം പെട്ടന്ന് മരണപ്പെടുകയാണുണ്ടായത്. പിന്നീടത് നിന്നുപോയി. രണ്ടാമത് പിന്നെ 150 ബെഡുള്ള ഒരു ആശുപത്രിയായി തുടങ്ങി.
ആശുപത്രിയായി തുടങ്ങിയപ്പോള്‍ നമുക്ക് തോന്നി, അതിലൂടെ മാത്രം മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന്. ആ സമയത്താണ് കേരളത്തില്‍ പ്രൈവറ്റ് മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ മെഡിക്കല്‍ കോളേജിന്റെ വര്‍ക്കുകള്‍ തുടങ്ങി. 2014 ല്‍ ഒരു മെഡിക്കല്‍ കോളേജ് ആവുകയായിരുന്നു ചെയ്തത്.
ഇപ്പോള്‍ 1250 ബെഡുള്ള ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയുണ്ട്. അതില്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റും പ്രവര്‍ത്തിക്കുന്നുണ്ട്. 200 സീറ്റുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവുമാണ്. പിന്നെ അവിടെയും കുറെ റിസര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിലെല്ലാമുപരി ചെറിയ ചെറിയ ആശുപത്രികളുടെ സാറ്റ്ലൈറ്റ് സെന്റേഴ്സ് നമ്മള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും തുടങ്ങികൊണ്ടിരിക്കുകയാണ്.
ഏറ്റവുമടുത്ത് ഒറ്റപ്പാലത്ത് അമ്പലപ്പാറയില്‍ ഓണത്തിന് 30 ബെഡ് ആശുപത്രി ഉദ്ഘാടനം ചെയ്യുകയാണ്.
അതുകൂടാതെ അടുത്ത വര്‍ഷത്തേക്ക് പാലക്കാട് ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 120 ബെഡുള്ളത്. അങ്ങനെ സാറ്റ്ലൈറ്റും ആയിട്ടുള്ള മിനി ഹോസ്പിറ്റലുകള്‍ 10 എണ്ണം ആരംഭിക്കാനാണ് തീരുമാനിക്കുന്നത്.
അതു കൂടാതെ നമ്മള്‍ ഫാര്‍മസി ചെയ്ന്‍സ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിപ്പൊ എട്ട് പത്തെണ്ണം ആയിട്ടുണ്ട്. അതിനിയും വിപുലീകരിക്കുന്നുണ്ട്. അത് പോലെ ഫാര്‍മസിയുടെ വിതരണം, മൊത്തകച്ചവടം ഇതുപോലുള്ള കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്.
അങ്ങനെ ആരോഗ്യ മേഖലയിലെ എല്ലാ ആവശ്യങ്ങളും ഒന്നിച്ച് കോര്‍ത്തിണക്കിയാണ് മുന്നോട്ട് പോകുന്നത്. പല മേഖലയും പല രീതിയിലാണ് ഇപ്പൊ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. മികച്ച രീതിയിലുള്ള ഒരു ആരോഗ്യ പരിപാലനം വളരെ കുറഞ്ഞ ചിലവില്‍ കൊടുക്കുക എന്നുള്ളതാണ്. മറ്റുള്ള സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ആശുപത്രികളില്‍ ചിലവ് വളരെ കുറവാണ്. അങ്ങനെയാണ് നമ്മള്‍ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്.
ചോദ്യം: താരതമ്യേന മെച്ചെപ്പെട്ട ഒരു ആരോഗ്യ സംവിധാനമാണ് കേരളത്തിന്റേത് എന്ന ഒരു കാഴ്ചപ്പാട് നമുക്കൊക്കെയുണ്ടല്ലൊ, എങ്ങനെയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയെ ആരോഗ്യ രംഗത്ത് പ്രവര്ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ നോക്കിക്കാണുന്നത് ?
ഉത്തരം: കേരളത്തില്‍ ആവശ്യത്തിലധികം ആശുപത്രികളും അതിലധികം ഡോക്ടര്‍മാരും നിലവിലുണ്ട്. പക്ഷെ അവര്‍ക്ക് സ്വതന്ത്രമായി അവര്‍ കരുതുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനോ കാര്യങ്ങള്‍ ചെയ്യാനോ ഉള്ള അവസരങ്ങള്‍ കുറവാണ്. ഇപ്പൊ ഏറ്റവും നല്ല ആരോഗ്യ മേഖല കേരളത്തിന്റെതാണ്, ഏറ്റവും നല്ല രീതിയിലാണ് എന്ന് പറയുമ്പോഴും പലപ്പോഴും ചില പോരായ്മകള്‍ പല ഭാഗത്തും നമ്മള്‍ കാണുന്നുണ്ട്.
അതെല്ലാമൊന്ന് കൃത്യമായി ക്രോഡീകരിച്ച് ഏറ്റവും നല്ല രീതിയില്‍ മുന്നോട്ടു പോയാല്‍ കേരളം മറ്റ് സംസ്ഥാങ്ങളേക്കാള്‍ മികച്ചതാകും. മറ്റ് രാജ്യങ്ങളിലുള്ളതു പോലെ ഏറ്റവും നല്ല ആരോഗ്യ രംഗം കൊണ്ടുവരാന്‍ സാധിക്കും. പക്ഷ അതിലും ഒരു സ്വതന്ത്രമായ കാഴ്ചപ്പാടും പിന്തുണരീതിയും വേണം.
കേരളത്തിലെ എല്ലാ ആശുപത്രികളും നേരിടുന്ന നിലവിലെ ഒരു വെല്ലുവിളി ആരോഗ്യ ഇന്‍ഷൂറന്‍സ് തുക സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ആശുപത്രികള്‍ക്ക് പണം ലഭിക്കാതെ മുടങ്ങി കിടക്കുന്ന ഒരു അവസ്ഥയാണ്. ഇതൊക്കെ ആരോഗ്യ രംഗത്തെ വല്ലാതെ പുറകിലേക്ക് പിടിച്ചു വലിക്കുന്നു. ഇത്തരം കാര്യങ്ങളൊക്കെ മാറ്റപ്പെട്ടാല്‍ വലിയൊരു മാറ്റം ഉണ്ടാവും.
ചോദ്യം: താങ്കള്‍ ധാരാളം യുവാക്കളായ വിദ്യാര്‍ത്ഥികളുമായി ദിനംപ്രതി സമയം ചിലവിടുന്ന ആളാണല്ലൊ. അതില്‍ പലരും തന്നെ സംരഭരാകുവാനും മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരുമാണ്. കേരളത്തില്‍ അതിനുള്ള സാഹചര്യമുണ്ടോ, അവര്‍ക്ക് നല്‍കാനുള്ള ഉപേദശം എന്താണ് ?
ഉത്തരം: കേരളത്തില്‍ മികച്ച അവസരങ്ങള്‍ക്ക് കുറവില്ല. ഇഷടം പോലെ അവസരങ്ങളുണ്ട്. പക്ഷെ ആ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് അതിലേക്ക് ഇറങ്ങുക എന്നുള്ളതാണ്. എന്നാല്‍ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ക്ഷമ കുറവാണ്. പഠിച്ച് പുറത്തിറങ്ങിയാല്‍ തന്നെ അവര്‍ വലിയ ശമ്പളവും സൗകര്യങ്ങളും ആഗ്രഹിക്കുന്ന ആളുകളാണ്. അങ്ങനെ ഒരു രംഗത്തും സാധ്യമാവുന്ന കാര്യമല്ല. ഓരോകാര്യത്തിലും ശരിയായ മുന്നോട്ടു പോയാല്‍ മാത്രമെ അത് വിജയിക്കുകയുള്ളു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്കും അങ്ങനെയുയള്ള ബിസിനസ് തുടങ്ങുന്നതിനും ഒരുപാട് സഹായം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. പിന്നെ ഒരുപാട് ഫണ്ടിങ്ങും ഒരുപാട് മേഖലയില്‍ നിന്നുള്ള സഹായവുമൊക്കെ കിട്ടാന്‍ സാധ്യതയുമൊക്കെയുണ്ട്. പക്ഷെ അതിന് പറ്റിയ പ്രൊജക്ടും കാര്യങ്ങളുമൊക്കെ ആവണം.
നിര്‍മാണ മേഖലയില്‍ ജോലി നേടുക എന്ന് പറഞ്ഞാല്‍ ഒരുപാട് ശമ്പളം കിട്ടുക എന്നാണര്‍ത്ഥം. എന്നാല്‍ കേരളത്തില്‍ ഒരിടത്തും അത് സാധ്യമല്ല. കാരണം മാനുഫാക്ചറിങ് ജോലിക്ക് അതിന്റെതായ ഒരു നേട്ടമുണ്ട്. ആ നേട്ടത്തിലെ അത് കിട്ടുകയുള്ളു. അപ്പൊ മറ്റു മേഖലകളിലാണ് സ്വാഭാവികമായും കൂടുതല്‍ സാമ്പത്തികമായി മെച്ചമുള്ള മേഖല.
അതിലേക്ക് ഇറങ്ങണമെങ്കില്‍ കഴിവും അതുപോലെ ആവണം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. തുടങ്ങിയ ദിവസം മുതല്‍ കാശുണ്ടാക്കണം എന്ന് കരുതിയാല്‍ അത് സാധ്യമല്ല. അതാണ് ഇപ്പഴത്തെ ചെറുപ്പക്കാരുടെ പ്രശ്‌നവും. എടുത്തുചാട്ടം, ശ്രദ്ധയില്ലായ്മ, ചെയ്യുന്ന ജോലി ഉത്തരവാദിത്തതോടെ ചെയ്യാതിരിക്കുക എന്നിവയൊക്കെ പുതിയ ചെറുപ്പക്കാരില്‍ കൂടുതലായി കാണുന്നു.
അവര്‍ പെട്ടന്ന് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് എത്താനാണ് ആഗ്രഹിക്കുന്നത്. ആ ചിന്ത മാറ്റിവെച്ച് കൃത്യമായി ജോലി ചെയ്യുകയും പഠിക്കുകയും ചെയ്താല്‍ വലിയ വിജയം ഉണ്ടക്കാന്‍ കഴിയും. ഇപ്പൊ ഏതൊരു മേഖല എടുത്താലും തുടക്കം വളരെ ബുദ്ധിമുട്ടി തന്നെയാവും ഉണ്ടായിട്ടുണ്ടാകുക. പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും മെച്ചപ്പെടുകയാണ് ചെയ്യുന്നത്. പുതിയ ചെറുപ്പക്കാര്‍ അത് മനസ്സിലാക്കി അവരുടെ കാഴ്ചപ്പാടും ചിന്താരീതിയും ശൈലിയും മാറ്റിയാല്‍ അവരെ സംബന്ധിച്ചിടത്തോളം എവിടെയാണെങ്കിലും മുന്നോട്ടു പോവാനും ജീവിതത്തില്‍ വലിയ വിജയം കൈവരിക്കാനും സാധിക്കും.
ചോദ്യം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമീപകാലത്ത് വന്നിട്ടുള്ള ഒരു മാറ്റമാണ് 4 വര്‍ഷ ഡിഗ്രി എന്നുള്ളത്. എങ്ങനെയാണ് അതിനോടുള്ള പ്രതികരണം.
ഉത്തരം: കേരളത്തില്‍ മാത്രമല്ല, പല സംസ്ഥാനങ്ങളിലും യു.ജി.സിയുടെ പുതിയ എജ്യുക്കേഷന്‍ പോളിസിയുടെ ഭാഗമായി വന്നിട്ടുള്ളതാണ്. 4 വര്‍ഷത്തെ ഡിഗ്രി കോഴ്സ് എന്ന് പറയുമ്പോള്‍ അത് കൃത്യമായി 70 ശതമാനം മാര്‍ക്കോടുകൂടി പാസ്സായി കഴിഞ്ഞാല്‍ അവര്‍ക്ക് പി.ജി പിന്നെ ചെയ്യേണ്ട. പി.ജി അവിടെ സേവിങ് ആണ്. അഞ്ച് വര്‍ഷം പഠിക്കേണ്ടത് 4 വര്‍ഷം കൊണ്ട് അവര്‍ പഠിക്കുകയും അതില്‍ നിന്ന് പി.എച്ച്.ഡി യിലേക്ക് നേരിട്ട് പോവാന്‍ പറ്റും. അതാണ് അതിന്റെ ഏറ്റവും വലിയ നേട്ടം.
പിന്നെ ഈ 4 വര്‍ഷത്തെ കോഴ്സില്‍ തന്നെ ചെറുതും വലുതുമായ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനാകും. അപ്പൊ രണ്ട് കോഴ്സുകള്‍ അല്ലെങ്കില്‍ മൂന്ന് കോഴ്സുകള്‍ പഠിക്കുന്ന സമയം കൊണ്ട് അവര്‍ക്ക് വിവിധമായ കോഴ്സുകള്‍ പഠിക്കാന്‍ ഈ 4 വര്‍ഷത്തെ കോഴ്സുകൊണ്ട് പറ്റും. അത് വളരെ ഗുണകരമാണ്. പക്ഷെ അത് മുഴുവനായും നടപ്പിലാക്കിയാല്‍ മാത്രമെ ഫലമുണ്ടാവുകയുള്ളു.
ഇപ്പൊ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത് 4 വര്‍ഷത്തെ കോഴ്സ് വന്നു, അതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഈ കുട്ടികള്‍ക്ക് പഠിക്കുന്നതിന്റെ ഗുണം കിട്ടില്ല. പരിപൂര്‍ണ്ണമായി സിലബസില്‍ ചെറുതും വലുതുമായ മാറ്റം കൊണ്ടു വന്നാല്‍ അവര്‍ക്ക് മൂന്നോ നാലോ മേഖലയില്‍ കൃത്യമായ പ്രവീണ്യം നേടാന്‍ കഴിയും. നാല് വര്‍ഷം കഴിയുമ്പോള്‍ അവര്‍ ഒരു ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ക്ക് നേരിട്ട് ഒരു പി.എച്ച്.ഡി കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിയും. അതാണ് അതിന്റെ നേട്ടം.
ചോദ്യം: ഈ സംവിധാനത്തോട് കുട്ടികളുടെ പ്രതികരണം എങ്ങിനെയാണ്
ഉത്തരം: കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആശങ്കയാണ്. കാരണം കൃത്യമായ ഒരു വഴികാട്ടിയില്ല. ഇതിനകത്ത് ആകെ പറഞ്ഞിരിക്കുന്നത് ഇടക്ക് വച്ച് നിര്‍ത്തിപോവാന്‍ കഴിയില്ല, കോഴ്സ് പൂര്‍ത്തിയാക്കണം, അതില്‍ നിന്ന് പുറത്ത് പോവാന്‍ കഴിയില്ല എന്നാണ്.
പക്ഷെ അതൊഴിച്ച് ബാക്കിയെല്ലാം നല്ല രീതിയില്‍ പോവുന്നുണ്ട്. പക്ഷെ ഇത്തരത്തിലൊരു സ്വാതന്ത്ര്യം കോഴ്സ് തിരഞ്ഞെടുക്കാനും വിഷയം തിരഞ്ഞെടുക്കാനും കൂടെ ഉണ്ടെങ്കില്‍ വളരെ നല്ലതായിരിക്കും. കുട്ടികള്‍ക്ക് ചെറിയ ആശങ്കയുണ്ട്, ഇത് എന്താവും, എന്താണ് എന്നൊക്കെ.
പക്ഷ ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല. സത്യം പറഞ്ഞാല്‍ 4 വര്‍ഷത്തെ കോഴ്‌സ് വളരെ നല്ലതാണ്. പിന്നെ ഇന്ത്യയ്ക്ക് പുറത്ത് പോവുന്ന ആളുകള്‍ക്ക് നിര്‍ബന്ധമായും 4 വര്ഷത്തെ കോഴ്സുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് പുറത്തും ഇതിന് വിലയുണ്ട്. പണ്ടെ ഇത് ചെയ്യണ്ടതായിരുന്നു. വളരെ വൈകിയാണെങ്കിലും നമ്മള്‍ അത് ചെയ്തു.
content highlights: A revolutionary change is necessary in the education sector of Kerala Dr. P. Krishnadas speaks