|

'കൊ അഹാവു തെ വായി' നമ്മളെല്ലാം ഒഴുകുന്ന ജലത്തിന്റെ ഭാഗമാണ്.

തനൂജ ഭട്ടതിരി

അപര്‍ണ കുറുപ്പിന്റെ ‘കൊ അഹാവു തെ വായി’ എന്ന നോവലിന്റെ കവര്‍

‘കൊ അഹാവു തെ വായി’ ന്യുസീലാന്‍ഡിലെ ഓക്ലെന്റിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു നോവലാണ്. ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക പ്രസിദ്ധീകരിക്കുന്ന അപര്‍ണാകുറുപ്പിന്റെ നോവലില്‍ പ്രവാസമാണ് പ്രമേയം.

പശ്ചാത്തലം വിദേശമെങ്കിലും നോവലില്‍ നമ്മള്‍ കണ്ടെത്തുന്നത് നമ്മുടെയൊക്കെ തന്നെ മനസ്സുള്ള മനുഷ്യരെയാണ്. വര്‍ഷങ്ങളായി അവിടെ ജീവിക്കുന്നവരും ആ നാട്ടുകാരും പോലും, പ്രധനകഥാപാത്രങ്ങളിലൂടെ നമ്മളിലേക്ക് എത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു അപരിചിതത്വവും തോന്നുകയില്ല.

അപര്‍ണ കുറുപ്പ്‌

ഒരുപക്ഷെ പ്രണയത്തിനും സ്‌നേഹത്തിനും ശത്രുതയ്ക്കും പ്രതികാരത്തിനും, വിദ്വേഷത്തിനും നന്മയ്ക്കും വാത്സല്യത്തിനും തുടങ്ങി എല്ലാ വികാരങ്ങള്‍ക്കും എല്ലായിടത്തും ഒരുപോലെ മനുഷ്യരില്‍ ജൈവീകമായി നില നില്‍ക്കാന്‍ സാധിക്കുന്നതുകൊണ്ടാവാം അത്. ജീവിതചര്യകള്‍ക്കും ജീവിതധര്‍മ്മങ്ങള്‍ക്കും ജീവിതമൂല്യങ്ങള്‍ക്കും മാത്രമേ കാലത്തിനനുസരിച്ചും സ്ഥലത്തിനനുസരിച്ചും മാറ്റം വരുന്നുള്ളൂ എന്നതൊരു സത്യമാണ്.

നോവലിന്റെ കാതലും അതാണ്. നാട്ടില്‍നിന്ന് വേരുകളോടെ പറിച്ച്മാറ്റി പ്രവാസത്തിന് എത്തിക്കുന്ന പ്രായമുള്ള മനുഷ്യരെയും, ജീവിതത്തിന്റെ നിസ്സഹായാവസ്ഥയില്‍ മറ്റൊരു ജീവിതം തേടി പലായനം ചെയ്യ്തവരെയും,ജീവിത വിജയത്തിനായി നാടുവിട്ട് സഞ്ചരിച്ചെത്തിയവരെയും ഒക്കെ നമുക്ക് ഇതില്‍ കാണാം.

സ്വന്തം നാട്ടില്‍ തികച്ചും പരിചിതരായ ജനതയെ നിരീക്ഷിച്ച് മനസ്സിലാക്കുന്നതുപോലെ എളുപ്പമല്ല മറ്റൊരു ഭൂപ്രദേശത്ത് അവിടെയുള്ള മനുഷ്യരെ മനസ്സിലാക്കാന്‍.

മറ്റൊരു ദേശത്തിന്റെ ആകെത്തുകയായ ജീവിതം മനസിലാക്കാന്‍. ഒരുപക്ഷേ നമ്മുടെ നാട്ടിലുള്ളവര്‍ പോലും മറ്റൊരിടത്തു ചെല്ലുമ്പോള്‍ വളരെ വ്യത്യസ്തരായ മനുഷ്യരായി തീരുന്നു. അവരുടെ രൂപവും ഭാവവും ജീവിതചര്യകളും ഒക്കെ മാറുന്നു.

ഒരു നാടിനെയും, ആ നാട്ടിലെ ശീലങ്ങളെയും നാട്ടാരെയും, അവിടെയെത്തുന്ന പ്രവാസികളെയും, വളരെ അടുത്തുനിന്ന് നിരീക്ഷിച്ച് അവരെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു നോവലാണ് അപര്‍ണയുടേത്. ഭാഷ കൊണ്ട് അപര്‍ണ്ണ വളരെ ലളിതമായാണ് ആ ലോകത്തെ നമുക്ക് കാണിച്ചു തരുന്നത്. സരളമായി ഒഴുകിപ്പോകുന്ന വാക്കുകള്‍.

തീവ്രമായ ആന്തരിക സംഘര്‍ഷങ്ങള്‍ ഉള്ള സമയത്തുപോലും ഭാഷ കൊണ്ട് കഥാലോകത്തു ഒരു ശുദ്ധി ഉല്‍പാദിപ്പിക്കുന്നു.

അതിനാല്‍ വായനക്കാര്‍ക്ക് എഴുത്തിന്റെ ആത്മാര്‍ത്ഥത അനുഭവപ്പെടുന്നു. ഭാനു രുഗ്മ, ജീനി തുടങ്ങി പല കഥാപാത്രങ്ങളും വായനക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയാണ്.

പ്രധാന കഥാപാത്രങ്ങള്‍ മാനസികമായി ഔന്നത്യം ഉള്ളവരാണ് എന്നത് നോവലിന്റെ ഒരു സവിശേഷതയാണ്. ജീവിതം അവരെ പല വഴിയില്‍ കൂടി നടത്തുന്നുണ്ടെങ്കിലും ഒരു കൃത്യതയുണ്ട് അവര്‍ക്ക്. ഒരുപക്ഷേ മറ്റൊരു സന്ദര്‍ഭത്തില്‍ വളരെ വ്യത്യസ്തമായി പെരുമാറാന്‍ സാധ്യതയുള്ള കഥാപാത്രങ്ങളാണ് ഇവരെല്ലാം. അപ്പോഴെല്ലാം എഴുത്തുകാരി നടത്തുന്ന ബോധപൂര്‍വമായ ഒരുതരം സംയമനം വായനക്കാര്‍ക്ക് അനുഭവപ്പെട്ടേക്കാം.

ഒരു പുസ്തക വായനയില്‍ കൂടി പുതിയത് എന്തെങ്കിലും ഒക്കെ കിട്ടണം എന്നുള്ളവര്‍ക്ക് ധൈര്യപൂര്‍വ്വം കയ്യില്‍ എടുക്കാവുന്ന ഒരു പുസ്തകമാണ് കൊ അഹാവു തെ വായി. മനുഷ്യരെ മാത്രമല്ല ആ സ്ഥലത്തെ പക്ഷി മൃഗാദികളെയും, അവിടുത്തെ കാറ്റിനെയും പുഴയെയും എല്ലാം നമുക്ക് ഈ വായനയില്‍ കാണാന്‍ സാധിക്കും.

അന്യനാടിന്റെയും, അവിടെയെത്തപ്പെടുന്ന മനുഷ്യരുടെയും, മനസ്സുകളെല്ലാംകൂടി ചേര്‍ന്ന് ഉണ്ടാകുന്ന ഒരുതരം ജീവിതസമരത്തിന്റെയും, സമരസത്തിന്റെയും ഫിലോസഫി ( ദര്‍ശനം )യുണ്ട് ഈ നോവലില്‍. അത് ഭംഗിയായി അപര്‍ണ കൈകാര്യം ചെയ്തിരിക്കുന്നു.

‘നാടുവിട്ട് നാടുമാറുമ്പോള്‍ മണ്ണേ മാറുന്നുള്ളൂ. ആകാശം നമ്മള്‍ പോകുന്നിടത്തോളം കൂടെ ഒഴുകി ഒഴുകി വരും. സുന്ദര കല്‍പ്പനകള്‍ എല്ലാം തിരുത്തപ്പെടുന്നു. വലിയ ആകാശങ്ങളില്‍ നീണ്ടുനീണ്ട് കിടക്കുന്ന വലിയ വലിയ വെളുത്ത മേഘങ്ങള്‍…കയ്യെത്തി പിടിക്കാവുന്ന ദൂരത്ത് എന്ന് തോന്നിപ്പിക്കുന്ന വലിയ ചന്ദ്രന്‍’ ‘തിരികെ പോകുമെന്ന് ഉറപ്പിച്ചു വരുന്നവരില്‍ പലരും കീ കൊടുത്തു സെറ്റ് ആക്കുന്ന ജീവിതക്രമത്തില്‍ പെടുകയാണ്. പിന്നെ കാലിലെ കാണാത്ത ചങ്ങല പോലെയോ അദൃശ്യമായ പുതപ്പു പോലെയോ പ്രവാസം ചുറ്റി പിണയും.

നോവലിന്റെ സത്തയായി ഇതുപോലെ നിരവധി വാചകങ്ങള്‍ അപര്‍ണയുടേതായി ഈ നോവലില്‍ ഉണ്ട്.

ചെറുപ്പക്കാരും പ്രായമുള്ളവരുമായി അനേകം കഥാപാത്രമുള്ള ഈ നോവല്‍ നമ്മളെ ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിക്കും. ധാരാളം അപരിചിതമായ വാക്കുകളും ഫ്രേസുകളും വരുന്നതുകൊണ്ട് ആ വാക്കുകള്‍ക്ക് തൊട്ടുമുമ്പ് അതിന്റെ അര്‍ത്ഥം വിശദീകരിച്ചിട്ട് ആ വാക്കിലേക്ക് എത്തുകയാണെങ്കില്‍ വായനക്കാര്‍ക്ക് അത് കുറച്ചു കൂടി വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു എന്ന് കൂടി വിലയിരുത്തേണ്ടതായി വരും ഈ നോവലിനെക്കുറിച്ച് പറയുമ്പോള്‍.

എല്ലാ ചാപ്റ്ററുകളിലെയും അന്യഭാഷ തലക്കെട്ടിനോടൊപ്പം മലയാള വിവര്‍ത്തനവും കൊടുത്തിട്ടുണ്ട്. നോവലിന്റെ പേരായ ‘കൊ അഹാവു തെ വായി ‘എന്നതിന്റെ മലയാള പരിഭാഷ ‘ഞാന്‍ ഒഴുകുന്ന ജലം ആകുന്നു’ എന്നതാണ്. അതുകൂടി പേരിനൊപ്പം ചേര്‍ത്തിരുന്നെങ്കില്‍ എന്ന് വായനക്കാര്‍ ആഗ്രഹിച്ചുപോയേക്കുമെന്ന് കൂടിയാണ് തോന്നുക. കെട്ടിക്കിടക്കാത്ത, സദാ ചലിച്ചു കൊണ്ടിരിക്കുന്ന, ജീവനെ നിലനിര്‍ത്തുന്ന, ഭൂമിയുടെ പ്രാണനായ ജലമായി ഒഴുകാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ?

അപര്‍ണയില്‍ നിന്നും ഉറവയെടുത്ത ഒരു ജീവിത പുഴ…. ഒഴുകുന്ന ജലം… അതാണ് ‘കൊ അഹാവു തെ വായി.

content highlights; A review by Tanuja Bhattathiri for Aparnakurupp’s novel Ko Ahau Te Vai

തനൂജ ഭട്ടതിരി