ആറ്റ് നോറ്റ് ഞാന്‍ കൊണ്ടോട്ടി
നേര്‍ച്ച കാണാന്‍ പോയി
ഏറ്റം ഊറ്റം കൊള്ളും കാഴ്ച
കണ്ടിട്ടജബായി
പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം കൊണ്ടോട്ടി നേര്‍ച്ചക്ക് ഇതാ ഏപ്രില്‍ 9ന് കൊടികയറിയിരിക്കുന്നു. അസാധ്യമെന്ന് കരുതിയ തിരിച്ചുവരവ് സാധ്യമാക്കുന്ന ചരിത്രമുഹൂര്‍ത്തത്തിന് ഇതാ കൊണ്ടോട്ടി വീണ്ടും അണിഞ്ഞൊരുങ്ങുന്നു. കൊടികേറി ഒരു മാസം തികയുന്ന ദിനം തൊട്ട് മൂന്ന് ദിവസം നീളുന്നതാണ് നേര്‍ച്ച.
ഒരു ഉത്സവം ഏതെങ്കിലും ഒരു സമുദായത്തിന്റെ മതപരമായ ആഘോഷത്തിനപ്പുറം മാനവികതയെ പോഷിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ജനകീയമാകുമ്പോള്‍ നാം സ്വാഗതം ചെയ്യേണ്ടിവരും. സമൂഹിക മൂല്യങ്ങളുടെ വീണ്ടെടുപ്പുകള്‍ക്ക് ഇത്തരം ഉത്സവങ്ങളെ നമുക്ക് തിരിച്ചുപിടിക്കേണ്ടി വരും. അപ്പോള്‍ മാത്രമാണ് കായികപരമായ ആക്രമണങ്ങള്‍ക്ക് കോപ്പു കൂട്ടുന്ന അനാവശ്യ വിവാദങ്ങള്‍ കെട്ടടങ്ങുകയും ഒരു നാട് തന്നെ ഒരു സന്ദേശമായി മാറുകയും ചെയ്യുക.
വര്‍ഷങ്ങള്‍ക്ക് ശേഷം കൊണ്ടോട്ടി നേര്‍ച്ചക്ക് 2025 ഏപ്രില്‍ 9ന് കൊടിയേറുന്നത് കാണാനെത്തിയ ജനക്കൂട്ടവും കൊടിമരവും
നേര്‍ച്ചകള്‍
ചരിത്രത്തില്‍ കാലം അടയാളപ്പെടുത്തിവെച്ച സഹനസമരങ്ങളെയും, ഒരു ജനതയുടെ ചെറുത്തുനില്‍പ്പില്‍ രക്തസാക്ഷികളായവരെയും മണ്‍മറഞ്ഞ പുണ്യാത്മാക്കളെയും ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുകയാണ് നേര്‍ച്ചകള്‍.
മലബാറില്‍, വിശേഷിച്ചും മലപ്പുറം ജില്ലയിലും അതിര്‍ത്തി പങ്കിടുന്ന തൃശൂര്‍, പാലക്കാട് പ്രദേശങ്ങളിലുമാണ് നേര്‍ച്ചകള്‍ പൊതുവെ ആഘോഷിക്കുന്നത്. ഇന്നുള്ളതും ഇല്ലാത്തതുമായ മമ്പുറം, പുത്തന്‍പള്ളി, കൊണ്ടോട്ടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍ ബി പി അങ്ങാടി, പട്ടാമ്പി, മണ്ണാര്‍ക്കാട് നേര്‍ച്ചകള്‍ അതില്‍ പ്രധാനം. കൂടാതെ ബദര്‍, ഓമാനൂര്‍, പുല്ലാര ശുഹദാക്കളുടെ പേരില്‍ വലുതും ചെറുതുമായ നിരവധി നേര്‍ച്ചകള്‍ വേറെയും.
1921-ലെ മലബാര്‍ കാര്‍ഷിക സമരവുമായി ബന്ധപ്പെട്ടതായിരുന്ന പൂക്കോട്ടൂര്‍ നേര്‍ച്ച. കേരളത്തിലെ മറ്റു നേര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായി പൂക്കോട്ടൂര്‍ നേര്‍ച്ചക്കുണ്ടായിരുന്ന സവിശേഷത അത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യുമരിച്ചവരുടെ സ്മരണക്കായി നടന്ന ഏക നേര്‍ച്ച എന്നതായിരുന്നു.
കെ.ടി. അബ്ദുറഹ്‌മാന്‍ തങ്ങള്‍ എന്ന മുഷ്താഖ് ഷാഹ് തങ്ങള്‍ സ്ഥാനാരോഹണ ചടങ്ങില്‍
കൊണ്ടോട്ടി തങ്ങള്‍മാര്‍
ബഗ്ദാദിലെ പ്രമുഖ പണ്ഡിതനായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ഇന്ത്യയിലെ ശൈഖ് മുഈനുദ്ദീന്‍ ചിഷ്ത്തി എന്നിവരുടെ ശിഷ്യനെന്നവകാശപ്പെടുന്ന മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിന് അടിത്തറയിടുന്നത്.
1687 ല്‍ ബോംബെയില്‍ ജനിച്ച മുഹമ്മദ് ഷാ 1717 ലാണ് കൊണ്ടോട്ടിയിലെത്തുന്നത്. അന്ന് പൊന്നാനിയിലെ മഖ്ദൂം കുടുംബം, ജിഫ്തി കുടുംബം എന്നിവരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു കൊണ്ടോട്ടി. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് കൊണ്ടോട്ടിയിലും പരിസര ഗ്രാമങ്ങളിലും ശിആ ആശയക്കാരനായ മുഹമ്മദ് ഷാ തന്റെ സ്വാധീനമുറപ്പിച്ചു.
തന്റെ ഗുരുക്കന്മാരുടെ പേരില്‍ തുടങ്ങിയ ശിആ ആചാരപ്രധാനമായ നേര്‍ച്ച ജനകീയമായതോടെ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിക്കുകയും ചെയ്തു. 1766 ആഗസ്ത് 20ന് മുഹമ്മദ് ഷാ നിര്യാതനായി. മകളുടെ മകന്‍ അഫ്താബ് ഷായാണ് പിന്‍ഗാമിയായത്. അപ്പോഴേക്കും കിഴക്കനേറനാടും വള്ളുവനാടുമെല്ലാം ഇവരുടെ സ്വാധീന വലയത്തിലായിരുന്നു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ നല്‍കിയ ഇനാംദാര്‍ പദവിയിലൂടെ തങ്ങള്‍ കുടുംബം നാടുവാഴിയുടെ അധികാരം കൈവരിക്കുകയും ചെയ്തു.
കൊണ്ടോട്ടി നേര്‍ച്ചയുടെ കൊടി ഉയര്‍ത്തുന്നു
കൊണ്ടോട്ടി നേര്‍ച്ച
കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ് കൊണ്ടോട്ടി നേര്‍ച്ച. നേര്‍ച്ചയില്‍ മുഴങ്ങുന്ന ഷഹനായി സംഗീതവും ‘മരീദ’ മുഗള്‍ പലഹാരവും ഇതിന് തെളിവ്. ഇശല്‍ ചക്രവര്‍ത്തി മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ പ്രതിഭ വളര്‍ച്ച നേടിയത് നേര്‍ച്ചയുടെ പശ്ചാത്തലത്തിലാണ്.
സൂഫി ആശയക്കാരനായ ബാഗ്ദാദിലെ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജിലാനി, ശൈഖ് മുഹ്‌യുദ്ദീന്‍ അജ്മീരി ചിഷ്തി എന്നിവരുടെ പേരില്‍ മുഹമ്മദ് ഷാ തങ്ങള്‍ (കൊണ്ടോട്ടി തങ്ങള്‍) നടത്തിയ ആണ്ട് നേര്‍ച്ച അഥവാ ഖത്തം ഫാത്തിഹയാണ് പിന്നീട് കൊണ്ടോട്ടി നേര്‍ച്ചയായി രൂപാന്തരപ്പെട്ടത്. പൗത്രന്‍ അബ്തിയാഅ്ഷായുടെ കാലം മുതല്‍ നേര്‍ച്ച ജനകീയമായി.
കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ് കൊണ്ടോട്ടി നേര്‍ച്ച.
ഏറനാടിന്റെ കാര്‍ഷിക സാംസ്‌കാരികോല്‍സവം കൂടിയാണ് കൊണ്ടോട്ടി നേര്‍ച്ച. തലമുറകളായ് പടുത്തുയര്‍ത്തിയ ഈ കൂട്ടായ്മയില്‍ ജാതിമതത്തിന്റെ വേലിക്കെട്ടുകളില്ല. കേരളസംസ്‌കാരത്തില്‍ ഇത്രത്തോളം മതമൈത്രിയിലൂന്നിയ ആത്മീയധാരയുടെയും ബഹുസ്വരതയുടെയും കലകളുടെയും സംഗമം വേറെ കാണാനാവില്ല.
എല്ലാവര്‍ഷവും വേനല്‍കാലത്ത് മൂന്ന് ദിവസങ്ങളിലാണ് നേര്‍ച്ച. കൊടികേറി കൃത്യം ഒരു മാസത്തിനുശേഷം തുടക്കമറിയിച്ച് നകാര വാദ്യം മുഴക്കുകയും തോക്കെടുക്കല്‍ കര്‍മ്മത്തിലേക്ക് കടക്കുകയും ചെയ്യും. ഖുബ്ബക്കടുത്തുള്ള പാടത്ത് മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള പീരങ്കികള്‍ പൊട്ടിക്കും. പെട്ടിവരവുകളാണ് പിന്നീടുള്ള ആകര്‍ഷണം. പെട്ടിവരവുകളെക്കുറിച്ച് മാപ്പിളപ്പാട്ട്-സിനിമാ ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് തന്റെ ഒരു പാട്ടില്‍ മനോഹരമായി വര്‍ണിക്കുന്നുണ്ട്.
കണ്ടീടാം കൊടിനിറം പലതരവും,
കണ്ടാല്‍ കൊതി തീരാത്തൊരു വരവും
ഉണ്ടല്ലോ ഇടിലൊടിപൊടി നിറവും,
വേണ്ടിടാം പലതരം അടവും.
പൂക്കുട കത്തിച്ചേ,
പലതരം അമിട്ടുകള്‍ പൊട്ടിച്ചേ,
അവിടന്ന് പൊടിപൊറി പാറിച്ചേ…
തഖിയാക്കലില്‍ നിന്ന് അരച്ച ചന്ദനം പ്രത്യേക കുടങ്ങളിലാക്കി ഖുബ്ബയില്‍ കൊണ്ടുവരുന്ന ‘ചന്ദനമെടുക്കല്‍’ കര്‍മത്തോടെ നേര്‍ച്ച കൊടിയിറങ്ങും. ലോക സമാധാനത്തിനുവേണ്ടിയുള്ള ദുആ-ഏ-അമാന്‍ പ്രാര്‍ത്ഥനയോടെ നേര്‍ച്ച സമാപിക്കും. തുടര്‍ന്ന് മുഗള്‍ പലഹാരമായ ‘മരീദ’ വിതരണം ചെയ്യും. പരിസമാപ്തി അറിയിച്ച് പീരങ്കികള്‍ വീണ്ടും ശബ്ദിക്കും.
ആചാരം എന്നതിലപ്പുറം മതപരമായ ഒരു പ്രാധാന്യവും കൊണ്ടോട്ടി നേര്‍ച്ചക്കില്ല. ഒരു നാട്ടുത്സവം മാത്രമായിരുന്നു ഇത്. കൊണ്ടോട്ടി പൂരം (ഹൈന്ദവര്‍ കൂടി പങ്കെടുക്കുന്നതിനാല്‍) എന്ന പേരിലും ഇത് അറിയപ്പെട്ടു. കാര്‍ഷികോത്പന്നങ്ങള്‍ വന്‍ തോതില്‍ കര്‍ഷകര്‍ നേര്‍ച്ച സമയത്തെ ചന്തയില്‍ വിറ്റഴിച്ചിരുന്നു. തങ്ങള്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതു കാരണം കാര്‍ഷികോത്സവം എന്നും നേര്‍ച്ച അറിയപ്പെട്ടു.
കൊണ്ടോട്ടിയിലെ ഖുബ്ബ
ഖുബ്ബ
കൊണ്ടോട്ടിയുടെ ചരിത്രമുറങ്ങുന്ന കുടീരമാണ് ഖുബ്ബ. പേര്‍ഷ്യന്‍ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. ഡല്‍ഹിയിലെ മുഗള്‍ കെട്ടിടനിര്‍മ്മിതിയോടും ഇതിന് ഏറെ സാമ്യം കാണാം. കൊണ്ടോട്ടിയുടെ സ്ഥാപകനായ ഹസ്രത്ത് ഷൈഖ് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ മഖ്ബറയായ ഈ സ്മാരകം രണ്ടുനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു.
കൊണ്ടോട്ടി നേര്‍ച്ച തുടങ്ങുന്നതും സമാപിക്കുന്നതും ഖുബ്ബയില്‍ ഹസ്രത് മുഹമ്മദ് ഷാഹ് തങ്ങളുടെ മഖ്ബറയിലെ പ്രത്യേക പ്രാര്‍ത്ഥനയോടെയാണ്. നേര്‍ച്ചയുടെ ഭാഗമായി വിവിധ ദേശങ്ങളില്‍ നിന്നുള്ള പെട്ടിവരവുകള്‍ ഇവിടെ കാണിക്ക വെക്കുന്നു. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഖബറിടവും ഇതിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു.
കൊണ്ടോട്ടിയിലെ ഖുബ്ബക്ക് സമീപമുള്ള മോയിന്‍കുട്ടി വൈദ്യരുടെ ശവകുടീരം
നേര്‍ച്ച തിരിച്ചുവരുമ്പോള്‍
നേര്‍ച്ചയെന്നു കേള്‍ക്കുമ്പോള്‍ ഒരു തലമുറയുടെ ഓര്‍മ്മകളില്‍ നേര്‍ച്ചപ്പാടങ്ങളിലെ നേര്‍ച്ചമുട്ടായി മുതല്‍ ചാട്ടിരി കൊട്ടയും മരണക്കിണര്‍ വരെ ഇന്നും മിന്നിമായും. കാവുത്തും, ഇഞ്ചിയും മഞ്ഞളുമടങ്ങുന്ന വിത്തുകളും പുതുമഴയില്‍ മണ്ണ് കൊത്തിക്കിളക്കാനുള്ള കൈകോട്ടും പിക്കാസും അരിവാളും പിച്ചാത്തിയും വെട്ടുകത്തിയും കോടാലിയുമെല്ലാം കാര്‍ഷിക വിപണിക്ക് മാറ്റുകൂട്ടുന്നു.
ഇഴകീറി പരിശോധിക്കുമ്പോള്‍, പരിസരത്താകെ വില്‍ക്കുവാന്‍ വച്ചിരിക്കുന്ന കാറും ബസും ബലൂണുകളുമടങ്ങുന്ന കളിക്കോപ്പുകളോ സുറുമയും ചാന്തും കരിവളകളോ മാത്രമല്ല നേര്‍ച്ച.
കൊണ്ടോട്ടി നഗരത്തിനു ചുറ്റും ഒന്നിന്റെയും അതിര്‍വരമ്പുകളില്ലാതെ ജീവിക്കാന്‍ ശീലിച്ച ഏറനാടന്‍ ജനതയ്ക്ക് ചരിത്രപാഠങ്ങളിലില്ലാത്ത നാനാത്വത്തിലെ ഏകത്വത്തിന്റെയും ലാഭേച്ഛയില്ലാത്ത കൊടുക്കല്‍ വാങ്ങലുകളുടെയും സംസ്‌കാരം തലമുറകളായി പകര്‍ന്നു നല്‍കിയത് കൊണ്ടോട്ടി നേര്‍ച്ചയാണ്. ഉത്സവങ്ങള്‍ ഒരു ജനതയുടെ കലാ- സാസ്‌കാരിക ജീവിതത്തിലും പൊതുജീവിതത്തിലും എങ്ങനെ ഇടപെടുന്നു എന്നതിന്റെ ഉദാഹണമായിരുന്നു കൊണ്ടോട്ടി നേര്‍ച്ച.
പാട്ടും ബെയ്ത്തും കോല്‍ക്കളികള്‍
മുട്ടും വിളി ജോറായി
നാട്ടില് ചുറ്റ് പാടില് നിന്ന്
ആളുകള്‍ വരവായി
നേര്‍ച്ചകള്‍ വെറും നേര്‍ച്ചകളല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ അന്യം നിന്നുപോകും എന്നുകരുതിയ കലാരൂപങ്ങള്‍ പുഷ്പിച്ചുനിന്നത് ഇത്തരം മതേതര ഉത്സവങ്ങളിലാണ്. മാത്രമല്ല, പല പരമ്പരാഗത കലാരൂപങ്ങളും മതങ്ങളുടെ വേലിക്കെട്ടിനകത്ത് നിന്ന് പുറത്ത് ചാടി ജനകീയമായതും ഇങ്ങനെയാണ്.
കൊണ്ടോട്ടി നേര്‍ച്ചയുടെ പ്രധാന കലാരൂപമാണ് ചീനിമുട്ട്. മുട്ടും വിളിയും, മാപ്പിള ഷെഹനായ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കലാരൂപം കൊണ്ടോട്ടി നേര്‍ച്ചയെക്കൂടാതെ മലപ്പുറം നേര്‍ച്ചയിലും, ഓരോ പ്രദേശത്തു നിന്നും കൂട്ടമായി എത്തുന്ന ‘പെട്ടിവവുകളില്‍ കോല്‍ക്കളി, അറബനമുട്ട് സംഘങ്ങളോടൊപ്പം ഉണ്ടായിരുന്നു.
2025 ഏപ്രില്‍ 09ന് നടന്ന കൊണ്ടോട്ടി നേര്‍ച്ചയുടെ കൊടിയേറ്റത്തോടനുബന്ധിച്ച് വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍
പെട്ടിവരവിനെ സ്വീകരിക്കാന്‍ വരുന്ന സംഘത്തിലും ചീനിമുട്ടുകാരുണ്ടാകും. എതിരേറ്റു കൊണ്ടുപോയി ആഘോഷസ്ഥലത്തെത്തിയാല്‍ ഇരുസംഘങ്ങളും ഒന്നിച്ച് മുട്ടും. ചെണ്ട (ഒറ്റ), ചെറിയ ചെണ്ട (മുരശ്), ചീനി (കുഴല്‍) തുടങ്ങിയ സംഗീതോപകരണങ്ങളാണ് ഇതിലുണ്ടാവുക. കൊണ്ടോട്ടി നേര്‍ച്ചയില്‍ മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ ആലപിച്ചാണ് ചീനിമുട്ട് നടക്കാറുള്ളത്.
കൊണ്ടോട്ടി ഖുബ്ബ മുറ്റത്ത് കണക്ക സമുദായത്തിന്റെ ചവിട്ടുകളി അവതരണം ഉണ്ടാകുമായിരുന്നു. കൂടാതെ തീയ്യ വിഭാഗങ്ങളുടെ പൂരക്കളിയും മാപ്പിള കലാരൂപങ്ങളായ അറബന മുട്ട്, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ട, സൂഫി-ഖവാലി സംഗീത ധാരകള്‍, സൂഫീ ആത്മീയ-ആയോധന കലയെന്ന വിശേഷിപ്പിക്കാവുന്ന കുത്ത് റാത്തീബ് എന്നിവയും സജീവമാക്കി സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ ഏറനാട്ടിലും പരിസര പ്രദേശങ്ങളിലും കൊണ്ടോട്ടി നേര്‍ച്ചക്കുള്ള പങ്ക് ഒരിക്കലും വിസ്മരിച്ചുകൂടാ.
സമന്വയങ്ങളുടെ നേര്‍ച്ച
ഒരു ഉത്സവം എങ്ങനെയാണ് വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ജനതയെ ഒരേ കണ്ണിയില്‍ വിളക്കി ചേര്‍ക്കുന്നതെന്നും, അത്തരമൊരു സമന്വയത്തിന്റെ സന്ദേശം മാനവികതയോട് അലിഞ്ഞു ചേരുന്നതെന്നും ഉള്ളതിന്റെ മികച്ച ഉദാഹരണമാണ് കൊണ്ടോട്ടി നേര്‍ച്ച.
പങ്കാളിത്തം കൊണ്ടുമാത്രമല്ല നേര്‍ച്ചയുടെ അവിഭാജ്യ ഘടകങ്ങളായ സ്വാമി മഠം തട്ടാന്റെ പെട്ടി വരവും, ദളിത് വിഭാഗങ്ങളുടെ നേര്‍ച്ചമുറ്റത്തെ ചവിട്ടുകളിയും വിളക്കിനുള്ള എണ്ണ വഴിപാടും തീയ്യ വിഭാഗങ്ങളുടെ പൂരക്കളിയും ഖുബ്ബയില്‍ വിവാദങ്ങളില്ലാതെ എരിഞ്ഞിരുന്ന നിലവിളക്കും എല്ലാം ഒരു സങ്കുചിത മനസ്സിനും പിടികിട്ടാത്ത മതനിരപേക്ഷ ചിഹ്നങ്ങളായി നിലകൊണ്ടു.
ഏറനാടിന്റെ കാര്‍ഷിക സാംസ്‌കാരികോല്‍സവം കൂടിയാണ് കൊണ്ടോട്ടി നേര്‍ച്ച.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പെട്ടിവരവുകളാണ് നേര്‍ച്ചയില്‍ പ്രധാനം. പെരിന്തല്‍മണ്ണയില്‍ നിന്നുള്ള വെള്ളാട്ടറ പെട്ടിവരവിനെത്തുടര്‍ന്ന് കിഴിശ്ശേരി, അരീക്കോട്, വെള്ളുവമ്പ്രം എന്നിവിടങ്ങളില്‍ നിന്ന് ഖുബ്ബയിലേയ്ക്ക് വലുതും ചെറുതുമായി ധാരാളം വരവുകളുണ്ടാകും (തങ്ങള്‍ കുടുംബത്തിനുള്ള കാണിക്കയായ ഭക്ഷ്യ ധാന്യങ്ങളാണ് ഇതിലുണ്ടാവുക). ഓരോ വരവുകളും അതാതു ദേശത്തെ ജാതി മത അതിര്‍വരമ്പുകളില്ലാത്ത കൂട്ടായ്മകളുടെ പ്രതിഫലനങ്ങളാണ്.
2025 ഏപ്രില്‍ 09ന് നടന്ന കൊണ്ടോട്ടി നേര്‍ച്ചയുടെ കൊടിയേറ്റത്തോടനുബന്ധിച്ച് ലഘുഭക്ഷണം വിതരണം ചെയ്യുന്നു
മതപരമെന്ന വിശേഷിപ്പിക്കാവുന്ന ഒരു നേര്‍ച്ചയില്‍ നടപടിക്രമംകൊണ്ട് സമന്വയത്തിന്റെ വേദിയാകുന്നതിന്റെ മികച്ച ഉദാഹണമാണ് അവസാനമെത്തുന്ന സ്വാമിമഠം ‘തട്ടാന്റെ പെട്ടി’. സമീപ പ്രദേശങ്ങളിലെ ദളിത് കുടുംബങ്ങളില്‍ നിന്നടക്കം വഴിപാടായി എത്തുന്ന തോക്കെടുക്കല്‍ കര്‍മ്മത്തിലേക്കുള്ള എണ്ണയാണ് മറ്റൊരു പ്രത്യേകത. എണ്ണ സമര്‍പ്പിക്കാനായി പ്രത്യേക ചടങ്ങുതന്നെയുണ്ട്.
നേര്‍ച്ചയിലെ ചേര്‍ച്ചകളും നമ്മുടെ നേര്‍ക്കാഴ്ചകളും
എല്ലാം ഉത്സവങ്ങളെയും പോലെ നേര്‍ച്ചകളും സാംസ്‌കാരിക കാഴ്ചകളാണ്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും കൈമുതലായ ഒരു സാംസ്‌കാരത്തില്‍ ഇത്തരം കൂട്ടായ്മകള്‍ മാനവികതയുമായി സംവദിക്കുമ്പോഴാണ് കലകളും തനിമകളും സ്വാഭാവികമായും രൂപാന്തരപ്പെടുകയും കാലക്രമത്തില്‍ അവയെ സംരംക്ഷിച്ച് പോരികയും ചെയ്യുക.
ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ മതവിശ്വാസധാരകളിലൂന്നിയ ഉത്സവങ്ങളെ വിലയിരുത്തേണ്ടത് അത് മാനവരാശിയ്ക്കും മാനവികതയ്ക്കും നല്‍കുന്ന എല്ലാവിധ സന്ദേശങ്ങളുടെയും സംഭാവനകളുടെയും തോത് കണക്കിലെടുത്താവണം.
വിശ്വാസങ്ങള്‍ അനാചാരങ്ങളാകാതെ, ആചാരാനുഷ്ടാനങ്ങളുടെ അവിഭാജ്യഘടകങ്ങളായ കലാരൂപങ്ങളെ സമന്വയത്തിന്റെയും, പങ്കാളിത്തത്തിന്റെയും വഴിയിലൂടെ മതനിരപേക്ഷമാക്കി പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് ജൈവികമായി രൂപപ്പെടേണ്ട മതമൈത്രിയും പുരോഗമനചിന്താഗതിയും അര്‍ത്ഥവത്താകുന്നത്. ഒരു പക്ഷേ പൊതു ഇടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയും മനുഷ്യന്റെ ചിന്താലോകം കൂടുതല്‍ സങ്കുചിതമാവുകയും ചെയ്യുന്ന വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന കുട്ടായ്മകളാണ് കൊണ്ടോട്ടി നേര്‍ച്ചയടക്കമുള്ള ഒരോ ഉത്സവവും സാധ്യമാക്കുന്നത്.
(ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്ന് കവിതാ ശകലങ്ങള്‍ ബാപ്പു വെള്ളിപറമ്പ് രചിച്ചത്)
content highlights: A returning Kondotty nercha