ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നേഹ പബ്ലിക് സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ ആശങ്കയറിയിച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി. ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്ത് വന്ന് വീഡിയോ അങ്ങേയറ്റം മോശമായ സംഭവമാണ് കാണിക്കുന്നതെന്ന് എസ്.എഫ്.ഐ പറഞ്ഞു.
ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിക്കെതിരെയുള്ള വിവേചനത്തിന്റെയും അക്രമത്തിന്റെയും ഭയാനകമായ പ്രവൃത്തിയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതെന്നും സംഘപരിവാര്‍ തുടരുന്ന വിഭജന രാഷ്ട്രീയ കാലാവസ്ഥയാണ് ഇതിനു പിന്നിലെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മയുഖ് ബിശ്വാസും പ്രസിഡന്റ് വി.പി. സാനുവും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
‘മുസ്‌ലിം വിദ്യാര്‍ത്ഥിയെ മര്‍ദിക്കാന്‍ അധ്യാപിക നിര്‍ദേശിക്കുന്നു. കുട്ടിയുടെ മതത്തെക്കുറിച്ച് അധ്യാപിക നിന്ദ്യമായ അഭിപ്രായങ്ങള്‍ പറയുന്നതും കേള്‍ക്കാം. സംഘപരിവാര്‍ തുടരുന്ന വിഭജന രാഷ്ട്രീയ കാലാവസ്ഥയാണ് ഈ സംഭവത്തിന്റെ കാരണം.
സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന ഈ നികൃഷ്ടമായ സംഭവത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പിയും അതിന്റെ അനുബന്ധ മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വിഷലിപ്തമായ പ്രസ്താവനകളാണ്. പ്രാകൃത-മനുഷ്യത്വപരമായ ഈ സംഭവം വിദ്വേഷത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പരിതസ്ഥിതിയിലുണ്ടാകുന്ന ഭയാനകരമായ അനന്തരഫലങ്ങളുടെ പ്രത്യക്ഷപരമായ പ്രകടനമാണ്.
നിലവിലുള്ള ഭൂരിപക്ഷ മതമൗലികവാദ ഭൂപ്രകൃതിക്കുള്ളില്‍ മുസ്‌ലിം, ആദിവാസി, പട്ടികജാതി സമുദായത്തില്‍പ്പെട്ട യുവാക്കളുടെ നിശബ്ദതയെ ഇത് കാണിക്കുന്നു. ഈ വ്രണപ്പെട്ട പ്രശ്‌നം രാഷ്ട്രത്തിന്റെ പുരോഗതിക്ക് വലിയ തടസമായി നില്‍ക്കുന്നു.
ചാന്ദ്ര പര്യവേഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങള്‍ക്ക് പ്രേരകമാകുമ്പോള്‍ തന്നെ ഈ വെറുപ്പിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നത് സാമൂഹിക പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്നു.
ഭാവിയിലേക്കുള്ള നാഴികക്കല്ലാണ് രാജ്യത്തിന്റെ യുവതലമുറ. സഹാനുഭൂതി, ഐക്യം, സാര്‍വത്രിക ബഹുമാനം എന്നിവ വളര്‍ത്തിയെടുക്കുന്നത് അവരുടെ വികസനത്തിന് പ്രധാനമാണ്.
ആ സംഭവം ദേശീയ അപമാനത്തിന് നിഴല്‍ വീഴ്ത്തുന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുന്നു. അധ്യാപികക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. അധ്യാപികയെ ഉടനടി പിരിച്ചുവിടാന്‍ എസ്.എഫ്.ഐ ആവശ്യപ്പെടുന്നു.
ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന ശത്രുതയുടെ സംസ്‌കാരം ഉന്മൂലനം ചെയ്യുക, അതുവഴി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യ, പുരോഗമന, മതേതര ശക്തികളെ ഒന്നിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിലെത്താനും ആഹ്വാനം ചെയ്യുന്നു,’ പ്രസ്താവനയില്‍ പറയുന്നു.
ഈ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക പ്രചരണത്തിനും എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് എട്ടു വയസുള്ള വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. ത്രിപ്ത ത്യാഗി എന്ന അധ്യാപിക എട്ട് വയസുകാരനായ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എണീറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.
അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോള്‍ മനസുനൊന്ത വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
അക്രമത്തിനിരയായി കുട്ടി മുസ്‌ലിം മത വിഭാഗത്തില്‍പ്പെട്ട ക്ലാസിലെ ഏക വിദ്യാര്‍ത്ഥിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ എല്ലാ മുസ്ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ സംഭവത്തില്‍ ആനന്ദിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
content highlights: A result of the divisive politics of the Sangh Pariwar in UP; Supreme Court Voluntary Intervention: SFI