| Sunday, 19th June 2022, 3:45 pm

പുരുഷന്മാരെ ആകര്‍ഷിക്കാനായുള്ള പ്രത്യേക ഓഫറില്‍ ആലിയ ഭട്ട്; വിവാദത്തിലായി പാകിസ്ഥാനിലെ റസ്റ്റോറന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചുള്ള പരസ്യത്തില്‍ ആലിയ ഭട്ടിന്റെ സിനിമയിലെ രംഗം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായി പാകിസ്ഥാനിലെ റെസ്റ്റോറന്റ്. ആലിയ ഭട്ട് നായികയായി പുറത്തിറങ്ങിയ ഗംഗുഭായി കത്തിയവാഡി എന്ന ബോളിവുഡ് ചിത്രത്തിലെ രംഗങ്ങളാണ് പുരുഷന്മാരെ റസ്‌റ്റോറന്റിലേക്ക് ആകര്‍ഷിക്കാനായി റസ്‌റ്റോറന്റ് ഉപയോഗിച്ചത്.

ചിത്രത്തില്‍ വേശ്യാവൃത്തി ചെയ്യുന്ന കഥാപാത്രമായാണ് ആലിയ അഭിനയിച്ചത്. ആലിയയുടെ കഥാപാത്രം കസ്റ്റമറിനെ ആകര്‍ഷിക്കാനായി വിളിക്കുന്ന രംഗമാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച റസ്റ്റോറന്റിലെത്തുന്ന പുരുഷന്മാര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടാണ് പരസ്യത്തിനൊപ്പം റസ്റ്റോറന്റ് പ്രഖ്യാപിച്ചത്. ‘ആചാ നാ രാജാ- എന്തിനാണ് മടിച്ചു നില്‍ക്കുന്നത്,’ എന്നതാണ് പരസ്യത്തിന്റെ ടാഗ് ലൈന്‍.

പരസ്യം പുറത്ത് വിട്ടതോടെ ഇതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും ഉയര്‍ന്നു. പരസ്യം പിന്‍വലിക്കണമെന്നും പല കോണുകളില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നു. വെറും വൃത്തികെട്ട മാര്‍ക്കറ്റിങ് തന്ത്രം എന്നാണ് ചിലര്‍ ഈ പരസ്യത്തെ വിശേഷിപ്പിച്ചത്.

‘നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ വേദനാജനകമായ ഒരു രംഗം ഉപയോഗിക്കുന്നത് സ്ത്രീവിരുദ്ധതയും അജ്ഞതയുമാണ്’.

‘വേശ്യാവൃത്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയില്‍ നിന്നുമുള്ള ഒരു ക്ലിപ്പ് ഉപയോഗിക്കുന്നത് അതും ഒരാളുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ നിന്നും ഉപയോഗിക്കുന്നത് വെറും പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങള്‍ എത്രത്തോളം താഴുമെന്ന് കാണിക്കുന്നു.’ എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

View this post on Instagram

A post shared by Swing 🌸 (@swing.khi)

കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പരസ്യം പിന്‍വലിക്കുന്നതിന് പകരം വിശദീകരണവുമായി റസ്റ്റോറന്റ് അധികൃതര്‍ രംഗത്തെത്തുകയാണുണ്ടായത്. ഇത് പരസ്യത്തിന് വേണ്ടി മാത്രമെടുത്ത ആശയമാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും റസ്‌റ്റോറന്റ് അധികൃതര്‍ പറഞ്ഞു.

Content Highlight: A restaurant in Pakistan is in controversy following the inclusion of a scene from Alia Bhatt’s film in an advertisement

We use cookies to give you the best possible experience. Learn more