ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള പ്രമേയം കൊണ്ടുവരികയോ പിന്തുണക്കുകയോ ചെയ്യുമെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സജാദ് ലോണ്‍ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു സജാദ് ലോണ്‍.
നിയമസഭയില്‍ പ്രമേയം വന്നാല്‍ പാര്‍ട്ടി അതിനെ പിന്തുണയ്ക്കുമെന്നും ആരും കൊണ്ടുവന്നില്ലെങ്കില്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് തന്നെ പ്രമേയം കൊണ്ടുവരുമെന്നുമാണ് സജാദ് ലോണ്‍ പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കുന്നതിനോടൊപ്പം ആര്‍ട്ടിക്കിള്‍ 35 എയും നടപ്പിലാക്കേണ്ടതുണ്ടെന്നും സജാദ് ലോണ്‍ പറഞ്ഞു. എന്നാല്‍ മാത്രമേ ജമ്മു കശ്മീരിന്റെ പല പദവികളും പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പീപ്പിള്‍ കോണ്‍ഫറന്‍സ് പറയുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാവുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഇതില്‍ 20 സീറ്റുകളിലായി പീപ്പിള്‍സ് കോണ്‍ഫറന്‍സ് മത്സരിക്കുന്നുണ്ട്.
ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ, സംസ്ഥാനത്തിന്റെ പ്രത്യേക പദവി എന്നിവ പുനസ്ഥാപിക്കുന്ന ദിവസം വരുമെന്നും പി.സി പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആര്‍ട്ടിക്കിള്‍ 370നും കശ്മീരിനും തുല്യമായ രീതിയിലുള്ള പരിഗണന ലഭിക്കുന്ന ദിവസം ഉണ്ടാവുമെന്നും താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പ്രകടന പത്രിക കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണെന്നും മുഴുവന്‍ പ്രദേശത്തിന്റെയും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഉണ്ടാവുമെന്നുമാണ് പ്രകടന പത്രികയിലൂടെ വ്യക്തമാക്കുന്നത്.
1987ലെ തെരഞ്ഞെടുപ്പ് തിരിമറിയെ കുറിച്ച് അന്വേഷിക്കാനായി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജോലി, പാസ്‌പോര്‍ട്ടുകള്‍, സര്‍ക്കാര്‍ കരാറുകള്‍ എന്നിവ ജനങ്ങള്‍ക്ക് ലഭിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ തടയുന്ന പ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവ മനുഷ്യത്വ രഹിത നടപടികളാണെന്നും ഇതിനെ മറികടക്കാനുള്ള നടപടികളും പ്രകടന പത്രികയില്‍ രേഖപ്പെടുത്തിയതായും സജാദ് പറയുന്നുണ്ട്.
പുനരധിവാസം, പൊതുസുരക്ഷാനിയമങ്ങള്‍ റദ്ദ് ചെയ്യല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തിയതാണ് റിപ്പോര്‍ട്ട്.
Content Highlight: a resolution will bebrought to restore article 370 in jammu and kashmir; peoples conference