| Wednesday, 17th May 2023, 4:15 pm

അസ്മിയക്ക് സംഭവിച്ചതെന്ത് ?

ശ്രീജ നെയ്യാറ്റിന്‍കര

ഇന്നലെ അസ്മിയ മോളുടെ വീട്ടില്‍ ചെന്നിരുന്നു. മതപഠന കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത അസ്മിയ മോളുടെ തിരുവനന്തപുരം, ബീമാ പള്ളിയിലെ വീട്ടിലും അവള്‍ പഠിച്ചിരുന്ന ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലും ചെല്ലുമ്പോള്‍ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, ഇനി ഒരു കുട്ടിക്കും ഈ അവസ്ഥയുണ്ടാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന ചിന്ത മാത്രം.

‘എന്റെ മോളെവിടെ? എന്റെ അസ്മി മോളെവിടെ? ‘ എന്ന് വരുന്നവരോടെല്ലാം മാറി മാറി ചോദിച്ചു കൊണ്ടിരിക്കുന്ന ആ ഉമ്മയുടെ അടുത്തേയ്ക്കാണ് ഞാന്‍ കയറി ചെന്നത്

അതേ ചോദ്യം അവര്‍ എന്നോട് ചോദിച്ചപ്പോള്‍ എന്റെ പെറ്റ വയര്‍ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയതുകൊണ്ടാകണം ഞാന്‍ പെട്ടെന്നവരെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. എന്റെ നെഞ്ചിലേക്ക് മുഖം ചേര്‍ത്തവര്‍ അലമുറയിട്ട് കരയുമ്പോള്‍ തൊട്ടടുത്തിരുന്ന അവരുടെ മൂത്ത മകള്‍ (അസ്മിയയുടെ താത്ത ) ഏങ്ങലടിക്കുന്നുണ്ടായിരുന്നു. ആരെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക  ‘വേണ്ട കരഞ്ഞോട്ടെ’ ആരോ അവരെ എന്റെ നെഞ്ചില്‍ നിന്നടര്‍ത്തി മാറ്റാന്‍ വന്നപ്പോള്‍ ഞാന്‍ തടഞ്ഞു കൊണ്ട് പറഞ്ഞു.

കരച്ചിലിനൊടുവില്‍ മുഖമുയര്‍ത്തി എന്റെ മുഖത്തേയ്ക്ക് നോക്കി അവരുടെ ചോദ്യം …
‘മക്കളുണ്ടോ’.. ?
‘ഉണ്ട് അസ്മിയ മോളേക്കാള്‍ രണ്ട് വയസിന് ഇളയ ഒരു മോളെനിക്കുണ്ട് ‘ …. ഞാന്‍ പറഞ്ഞു ..

വീണ്ടും തേങ്ങലോടെ എന്റെ നെഞ്ചിലേക്കവര്‍ വീണു. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ചോക്ലേറ്റ് വാങ്ങി വരാന്‍ പറയുന്ന എന്റെ തുമ്പി അസ്മിയ മോളുടെ സ്ഥാനത്ത് വന്ന് നിന്നു. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേള്‍ക്കാം.
നെഞ്ചില്‍ നിന്നടര്‍ന്നു മാറി ആ ഉമ്മ തൊട്ടടുത്തിരിക്കുന്ന രണ്ട് സ്ത്രീകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് എന്നോട് ചോദിച്ചു ‘ഇവര്‍ ആരാണെന്നറിയാമോ? ബീമാപള്ളിയിലെ അംഗന്‍ വാടിയില്‍ എന്റെ പൊന്നു മോളെ പഠിപ്പിച്ചിരുന്ന ടീച്ചര്‍മാരാണ് ‘


ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവരെന്നെ നോക്കി പുഞ്ചിരിച്ചു. ‘മിടുക്കിയായിരുന്നു അസ്മിയ . ഇത്തവണയും അവള്‍ അംഗന്‍വാടി പരിപാടികളില്‍ വളരേ ആക്ടീവായി പങ്കെടുത്തിരുന്നു ‘ എന്നവര്‍ പറയുമ്പോള്‍ അസ്മിയയോടുള്ള വാത്സല്യം മുഴുവനും ആ ടീച്ചര്‍മാരുടെ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു .’എന്റെ മോളെന്റെ കൂട്ടുകാരിയായിരുന്നു, അവള്‍ മിടുക്കിയായിരുന്നു, അവള്‍ സുന്ദരിയായിരുന്നു അവളെവിടെ ‘? ..മാനസിക നില തകര്‍ന്ന ആ ഉമ്മ തന്റെ മകളെവിടെ എന്ന ചോദ്യം ആവര്‍ത്തിക്കുകയാണ്.

ഒരു വര്‍ഷമായി മതപഠന കേന്ദ്രത്തില്‍ പഠിക്കുകയാണ് അസ്മിയ. ഒരു മാസത്തിന് മുന്‍പ് വരെ ആ സ്ഥാപനത്തെ കുറിച്ച് അസ്മിയയ്ക്ക് യാതൊരു പരാതികളുമുണ്ടായിരുന്നില്ലെന്ന് ഉമ്മയും ബന്ധുക്കളും ഉറപ്പിച്ച് പറയുന്നു. ഒരു മാസമായിട്ടാണ് അവള്‍ പരാതി പറഞ്ഞു തുടങ്ങിയത്. അത് സ്ഥാപനത്തിലെ ഒരു അധ്യാപികയെ കുറിച്ചാണെന്ന് അവളുടെ ഉമ്മയും അപ്പച്ചിയും ( ഉപ്പയുടെ പെങ്ങള്‍ ) പറയുന്നു. ആ പരാതി അവള്‍ ആദ്യം തന്റെ മൂത്ത സഹോദരിയോടാണ് പറഞ്ഞത്. ഒടുവില്‍ പെരുന്നാളവധി കഴിഞ്ഞ് പോകുമ്പോള്‍ ഉമ്മയോടും പറഞ്ഞിരുന്നു. ആ അധ്യാപിക അസ്മിയയെ ‘നീ നന്നാകില്ല ‘ എന്ന് ശപിക്കുകയും അസ്മിയയുടെ സംസാരത്തെ തടയുകയും എപ്പോഴും വഴക്ക് പറയുകയും ചെയ്തിരുന്നതായി ഉമ്മ പറയുന്നു. ഉമ്മ മകളുടെ ഈ പരാതി സ്ഥാപനത്തിലെ വലിയ ഉസ്താദ് എന്നറിയപ്പെടുന്ന പ്രിന്‍സിപ്പലിനോടും പറഞ്ഞിരുന്നത്രെ.

എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് വിളിക്കുന്ന അസ്മിയ കഴിഞ്ഞ വെള്ളിയാഴ്ച വിളിക്കാത്തതിനെ തുടര്‍ന്ന് ഉമ്മ ഉസ്താദിന്റെ ഫോണിലേക്ക് അങ്ങോട്ട് വിളിക്കുമ്പോള്‍ നാളെ വിളിക്കും എന്ന് പറഞ്ഞ് ഉസ്താദ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു . തുടര്‍ന്ന് ശനിയാഴ്ച അസ്മിയ ഉമ്മയെ വിളിച്ച് തന്നെ അവിടെ നിന്ന് നാളെ തന്നെ കൊണ്ട് പോകാന്‍ കരഞ്ഞു പറയുന്നു. മകളുമായുള്ള സംഭാഷണത്തിനൊടുവില്‍ ഫോണ്‍ വച്ചശേഷം ബന്ധുവുമായി ആലോചിച്ച് അപ്പോള്‍ തന്നെ മകളെ കൊണ്ട് വരാന്‍ പുറപ്പെട്ട ഉമ്മ സ്ഥാപനത്തിലെത്തി ഒന്നര മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ മകളെ കാണുന്നത് മത പഠന കേന്ദ്രത്തിലെ ലൈബ്രറിയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയിലാണെന്ന് പറയുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക നിഗമന പ്രകാരം ആത്മഹത്യയാണ് അഥവാ തൂങ്ങി മരണം.

ആത്മഹത്യ ചെയ്ത മകളേയും കൊണ്ട് ഓട്ടോറിക്ഷയില്‍ ആശുപത്രി തേടി പാഞ്ഞ അനുഭവം ആ ഉമ്മ പറയുമ്പോള്‍ എന്റെ ഉടലാകെ വിറകൊണ്ട് പോയി.

ബന്ധുവിന്റെ ഓട്ടോയിലാണ് മകളെ കൂട്ടാന്‍ അവര്‍ സ്ഥാപനത്തിലെത്തിയത്. ആ ഓട്ടോറിക്ഷയിലാണ് ചലനമറ്റ മകളേയും വാരിപ്പിടിച്ച് ‘കണ്ണ് തുറക്ക് മോളേ ‘ എന്ന നിലവിളിയോടെ അവര്‍ പാഞ്ഞത്. ബന്ധുവായ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കോ ഉമ്മയ്‌ക്കോ എവിടെയാണ് ആശുപത്രി എന്ന് പോലുമറിയില്ല വഴിയില്‍ ചോദിച്ച് ചോദിച്ചാണ് ആശുപത്രിയിലേക്കുള്ള പരക്കം പാച്ചില്‍ അതിനിടയില്‍ ഓട്ടോ ട്രാഫിക്കില്‍ പെടുകയും ചെയ്തു. ആംബുലന്‍സ് വിളിക്കാന്‍ പോലും സ്ഥാപനത്തിലെ അധികൃതര്‍ തയ്യാറായില്ല എന്ന് ആ ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറയുന്നത്.

അസ്മിയ ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്താണ്? വളരേ ആക്ടീവായിരുന്ന, ജീവിതത്തെ കുറിച്ച് നിറങ്ങളുള്ള സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു കൗമാരക്കാരിയെ ആത്മഹത്യയിലേക്ക് നയിച്ചത് ആരൊക്കെയാണ്? അസ്മിയയെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ എപ്പോഴും വഴക്ക് പറഞ്ഞിരുന്ന ആ അധ്യാപിക ആരാണ് ? അവരെന്തിനാണ് നിരന്തരം അസ്മിയയെ വഴക്ക് പറഞ്ഞിരുന്നത്? സ്ഥാപനത്തിലെത്തിയ ഉമ്മയോട് മകള്‍ കുളിക്കുന്നു എന്ന് കളവ് പറഞ്ഞ് അധികൃതര്‍ ഒന്നര മണിക്കൂറോളം അവരെ എന്തിനാണ് വെയിറ്റ് ചെയ്യിപ്പിച്ചത് ? ഇതൊക്കെ പൊതുസമൂഹത്തിനറിയേണ്ട കാര്യങ്ങളാണ്.

വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് സ്ഥാപനമിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്വഭാവരീതിയായിരുന്നു വിദ്യാര്‍ത്ഥിനിയില്‍ കണ്ട് വന്നിരുന്നത് എന്നാണ്. ഒറ്റയ്ക്ക് ഇരിക്കല്‍, വിഷാദം, കുറഞ്ഞ ആളുകളോട് മാത്രം സംസാരം, കൂടുതല്‍ സമയം ഉറക്കം എന്നിവ ശ്രദ്ധയില്‍ പെട്ടതായി സ്ഥാപനത്തിലെ അധികാരികള്‍ പറയുന്നു. അങ്ങനൊന്ന് ശ്രദ്ധയില്‍ പെട്ടപ്പോള്‍ സ്ഥാപനം എന്താണ് ചെയ്തത്? വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നോ? വിഷാദത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചിരുന്നോ? വിശദീകരണ കുറിപ്പില്‍ അതിനെ കുറിച്ചൊന്നും പറയുന്നില്ല.

മത പഠനകേന്ദ്രങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഫല പ്രദമായ വഴികള്‍ തേടേണ്ടതുണ്ട്. പ്രത്യേകിച്ചും താമസിച്ചു പഠിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകണം. വീട്ടുകാരില്‍ നിന്നും അതുവരെയുണ്ടായിരുന്ന സ്വാതന്ത്ര്യങ്ങളില്‍ നിന്നും ഒക്കെ മാറി മതപരമായ ചിട്ടവട്ടങ്ങളിലേയ്ക്കും കാര്‍ക്കശ്യങ്ങളിലേയ്ക്കും ചുരുങ്ങുമ്പോള്‍ കൗമാര മനസുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിവരണാതീതമാണ്. രക്ഷകര്‍ത്താക്കള്‍ മത പാഠ ശാലകളെ സമീപിക്കുന്ന രീതിയായിരിക്കില്ല കുട്ടികള്‍ സമീപിക്കുന്ന രീതി. ജനറേഷന്‍ മാറിയെന്ന ബോധം രക്ഷകര്‍ത്താക്കള്‍ക്കും മത പഠന കേന്ദ്ര നടത്തിപ്പുകാര്‍ക്കുമുണ്ടാകണം.

ശ്രീജ നെയ്യാറ്റിന്‍കരയും ആബിദ് അടിവാരവും അസ്മിയ പഠിച്ച മതപഠനകേന്ദ്രത്തില്‍ വച്ച് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുമായി സംസാരിക്കുന്നു

അസ്മിയ പഠിച്ച സ്ഥാപനം  സന്ദര്‍ശിക്കുമ്പോള്‍ അവിടെ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമുണ്ട്. അവരോട് സംസാരിച്ചതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് സ്ഥാപനത്തെ കുറിച്ച് ഈ ദുരന്തം നടക്കും വരെ പരാതികള്‍ ഒന്നും ഉയര്‍ന്നിട്ടില്ല എന്നാണ്. സ്ഥാപനങ്ങള്‍ അതേതുമായിക്കോട്ടെ, പരാതികള്‍ ഉയര്‍ന്നാല്‍ അത് പെട്ടെന്ന് ഒതുക്കി തീര്‍ക്കുക പതിവാണ് അങ്ങനെ വല്ല പരാതികളും ഈ സ്ഥാപനത്തെ കുറിച്ച് മുന്‍പ് ഉയര്‍ന്നിട്ടുണ്ടോ എന്ന് സൂക്ഷ്മ തലത്തില്‍ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്.

ബാലരാമപുരം ലോക്കല്‍ പോലീസിനാണ് അന്വേഷണചുമതല. പഴുതടച്ച വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ ലക്ഷ്യം ഇനി ഒരു അസ്മിയ ഉണ്ടാകാതിരിക്കുക എന്നതാകണം. ഒരു പ്രശ്‌നം സമൂഹത്തിലുണ്ടാകുമ്പോള്‍ അതിന് കാരണക്കാരായ വ്യക്തികളെ മാതൃകാപരമായി ശിക്ഷിക്കുക എന്നതോടൊപ്പം ആ പ്രശ്‌നം ഉണ്ടാകാനുള്ള സാമൂഹ്യ സാഹചര്യത്തെ രാഷ്ട്രീയമായി പരിഹരിക്കുക കൂടെ വേണം.

നോക്കൂ, വളരേ സീരിയസായി നമ്മള്‍ സമീപിക്കേണ്ട ഒരു വിഷയം അസ്മിയ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ഇസ്‌ലാമിക മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന ധാരാളം സ്ത്രീകളുടെ കുറിപ്പുകള്‍ നമുക്ക് മുന്നിലേക്ക് വരുന്നുണ്ട് എന്നതാണ്. അവരെല്ലാം മുറിവേറ്റ മനുഷ്യരാണ് ജീവിതകാലം മുഴുവന്‍ ട്രോമകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍. അവരുടെ അനുഭവങ്ങളൊരിക്കലും റദ്ദ് ചെയ്യാന്‍ കഴിയില്ല.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. മത പഠനങ്ങള്‍ മതവിശ്വാസികളുടെ ഭരണഘടനാവകാശമാണ്. അത് തീര്‍ച്ചയായും നിലനില്‍ക്കേണ്ടതുണ്ട്. മതപഠന കേന്ദ്രങ്ങളിലെ ദുരന്തങ്ങളും ദുരനുഭവങ്ങളും മുന്നില്‍ വച്ച് താലിബാനോടുപമിച്ച് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന നിലവിളി ഇസ്ലാമോഫോബിയയുടേതാണ്. അതിന് കയ്യടിക്കാന്‍ കഴിയില്ല.
മത പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള പീഡന വാര്‍ത്തകള്‍ പരിപൂര്‍ണ്ണമായും അവസാനിക്കണം. മതപഠനങ്ങള്‍ നല്ല രീതിയില്‍ നടക്കണം. അതിന് മത സാമുദായിക സംഘടനകളുടേയും പൊതുസമൂഹത്തിന്റേയും ജാഗ്രത അനിവാര്യമാണ്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഒതുക്കി തീര്‍ക്കാതെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും മാതൃകാ പരമായി ശിക്ഷിക്കാനുമുള്ള ജാഗ്രത നമ്മള്‍ കാണിക്കണം.

content highlights: A report prepared by Sreeja Neiyatinkara after visiting the place regarding Asmiya’s case in Balaramapuram

ശ്രീജ നെയ്യാറ്റിന്‍കര

We use cookies to give you the best possible experience. Learn more