35 വര്‍ഷം മുമ്പ് നടന്നതിന്റെ തനിയാവര്‍ത്തനം; പ്രശ്‌നക്കാരുടെ കൗണ്ട് ഡൗണ്‍ ഇതോടെ ആരംഭിക്കുകയാണ്: അബ്ദുല്‍ ഹമീദ് ഫൈസി
Kerala News
35 വര്‍ഷം മുമ്പ് നടന്നതിന്റെ തനിയാവര്‍ത്തനം; പ്രശ്‌നക്കാരുടെ കൗണ്ട് ഡൗണ്‍ ഇതോടെ ആരംഭിക്കുകയാണ്: അബ്ദുല്‍ ഹമീദ് ഫൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 11:35 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമസ്ത മുശാവറ എം.ടി. അബ്ദുല്ല മുസ്‌ലിയാരെ വാഫി- വഫിയ്യ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തടഞ്ഞതില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പെണ്‍കുട്ടികളടക്കം നൂറിലധികം പേരാണ് വഴി തടഞ്ഞതെന്നും ഇവര്‍ക്കിതെന്തു പറ്റിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സമാനമായ സംഭവം 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നിട്ടുണ്ടെന്നും അതിന് താന്‍ സാക്ഷിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞദിവസം ഉന്നത ശീര്‍ഷരായ സമസ്ത പണ്ഡിതന്മാരെ വാഫിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ കയ്യേറ്റ ശ്രമം നടത്തുകയും വഴി തടയുകയും ചെയ്തിരിക്കുന്നു! നൂറിലധികം വരുന്ന ആളുകളുണ്ട് അക്കൂട്ടത്തില്‍.

ആദരണീയരായ ഉലമാക്കളുടെ മുഖത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് സംസാരിക്കാന്‍ പോലും തയ്യാറായി ചില സി.ഐ.സി ബിരുദധാരണികള്‍. മണിക്കൂറുകളോളം വഴി തടഞ്ഞ അവരെ നീക്കം ചെയ്യാന്‍ അവസാനം പൊലീസിനെ വിളിക്കേണ്ടി വന്നു..!

വന്ദ്യ വയോധികരായ ആലിക്കുട്ടി മുസ്‌ലിയാരും എം.ടി. അബ്ദുള്ള മുസ്‌ലിയാരും കെ.കെ.എസ് തങ്ങളും ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് വളഞ്ഞിട്ട് ഇവര്‍ ചോദ്യം ചെയ്തത്. ഇവര്‍ക്കിതെന്തുപറ്റി..?

സമസ്ത പ്രസിഡന്റിനെ അഡൈ്വസറി ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ പരസ്യമായി ചര്‍ച്ച സംഘടിപ്പിച്ചവര്‍, മഹാനവര്‍കളെ സമസ്ത പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ക്യാമ്പെയ്ന്‍ നടത്തിയവര്‍,
സമസ്ത ജനറല്‍ സെക്രട്ടറി കളവു പറഞ്ഞു എന്ന് വ്യാപകമായി പ്രചരിപ്പിച്ചവര്‍, ഇവര്‍ ഇതെന്തിനുള്ള പുറപ്പാടാണ്..?

സമസ്ത സ്ഥാപിച്ച മര്‍ക്കസ് കോളേജില്‍ സമസ്തയുടെ സിലബസ് പഠിപ്പിക്കണമെന്ന് കോളേജ് കമ്മിറ്റി തീരുമാനിച്ചതാണത്രെ ഇവരെ ചൊടിപ്പിച്ചത്..! ഒരു കൂട്ടം ആളുകള്‍ ഒരു നൈമിഷിക വികാരത്തിന് വന്ന് ഉസ്താദുമാരെ തടഞ്ഞതല്ല.

ഇവരുടെ ഉന്നതര്‍ മീഡിയക്ക് മുന്നില്‍ എന്ത് പറയണമെന്ന് വരെ നിര്‍ദ്ദേശം കൊടുക്കുന്ന വോയിസ് ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. തികച്ചും ഇതിന് സമാനമായ മറ്റൊരു സംഭവത്തിന് ഈ വിനീതന്‍ സാക്ഷിയായിട്ടുണ്ട്. 1988 നവംബര്‍ 19 നായിരുന്നു ആ സംഭവം.

ശംസുല്‍ ഉലമയും മൗലാന കെ.കെ അബൂബക്കര്‍ ഹസ്രത്തും ഉള്‍പ്പെടെയുള്ള പണ്ഡിത മഹത്തുക്കള്‍ കോഴിക്കോട് സമസ്ത ഓഫീസില്‍ യോഗം ചേരുന്നു. എറണാകുളത്ത് നടക്കാന്‍ നിശ്ചയിച്ച ഒരു സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു ആ യോഗം.

തീരുമാനം ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ആളുകള്‍ ഇതുപോലെ ഓഫീസിലേക്ക് ഇരച്ചുകയറുകയും ഉസ്താദുമാരെ തടയുകയും ചെയ്യുകയായിരുന്നു. അവസാനം പോലീസ് സംരക്ഷണത്തോടെയാണ് നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ ആയത്. പിന്നീട് ഇവര്‍ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു.

35 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തിന്റെ തനിയാവര്‍ത്തനമാണ് മര്‍ക്കസില്‍ നടന്നത്. ആര്‍ക്കും വഴങ്ങാത്ത ഈ പുതിയ പ്രശ്‌നക്കാരുടെ കൗണ്ട് ഡൗണ്‍ ഇതോടെ ആരംഭിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വളാഞ്ചേരി മര്‍ക്കസില്‍ സമസ്ത നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വാഫി- വഫിയ്യ കോഴ്സുകള്‍ നിര്‍ത്തലാക്കി അതിന് ബദലായി സമസ്ത അവതരിപ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു എം.ടി. അബ്ദുല്ല മുസ്ലിയാര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.

വളാഞ്ചേരി മര്‍ക്കസ് സമസ്തയുടെ സ്ഥാപനമാണെന്നും, സമസ്തയുടെ തീരുമാനം അനുസരിച്ച് വാഫി വഫിയ്യ കോഴ്സുകള്‍ കോളജില്‍ നിര്‍ത്തലാക്കിയെന്നും എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മറുപടി നല്‍കിയതോടെ പ്രതിഷേധക്കാര്‍ ക്ഷുഭിതരാവുകയായിരുന്നു.

content highlight: A repeat of what happened 35 years ago; Countdown of troublemakers begins with this: Abdul Hameed Faizi