| Wednesday, 3rd July 2019, 1:56 pm

ചുവന്ന മരുഭൂമിയിലൂടെ ഒരു ബുള്ളറ്റ് റൈഡ്....പോകാം തമിഴ്‌നാട്ടിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറബിക്കഥകളിലെ മരുഭൂമി കാണണമെങ്കില്‍ മല്ലൂസിന് വെറുതെ തമിഴ്നാട് വരെ ഒന്നു പോയാല്‍ മതി. നല്ല ചുവന്ന നിറമുള്ള മണല്‍ വിരിച്ച കാഴ്ച കഥകള്‍ക്കും അപ്പുറമാണ്. തേറിക്കാട് എന്നാണ് ഈ ചുവന്ന മരുഭൂമിയെ തദ്ദേശവാസികള്‍ വിളിയ്ക്കുന്നത്.

തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നും ഒരു 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ആദ്യം തിരിച്ചെന്തൂരിലെത്തണം അവിടെ നിന്നും മരുഭൂമിയുടെ അടുത്ത സ്ഥലമായ കയമൊഴിയിലേയ്ക്കാണ് ബസ് ടിക്കറ്റ് എടുക്കേണ്ടത്. അയ്യനാര്‍ ക്ഷേത്രമാണ് അടയാളം. അതായത്, അയ്യനാര്‍ ക്ഷേത്രത്തിന്റെ പിന്നിലായി കിടക്കുന്ന ചുവന്ന മണല്‍ത്തിട്ടയാണ് തേറിക്കാട്.

കയമൊഴിയില്‍ ഇന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സര്‍വ്വീസ് ഉണ്ട്. ചെറിയ ഗ്രാമമാണ് കയമൊഴി. കയമൊഴി ബസ് സ്റ്റോപ്പില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരത്തിലാണ് അയ്യനാര്‍ ക്ഷേത്രം. നടന്ന് വരുന്നവര്‍ക്ക് വിശ്രമിക്കാന്‍ ചെറിയ സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്. മരച്ചില്ലകള്‍ കൊണ്ട് പന്തല്‍ കെട്ടി പ്രകൃതി നമ്മെ വരവേല്‍ക്കുന്ന കാഴ്ചയാണ് ഇവിടെ. ഇടയ്ക്ക് കാലിനടിയില്‍ നോക്കിയാല്‍ ചുവന്ന മണലുകള്‍ കാണാം. അതാണ് അയ്യനാര്‍ എത്തിച്ചേരുന്നു എന്നതിന്റെ അടയാളം.

അയ്യനാര്‍ എത്തുന്നതിന് മുന്‍പ് തന്നെ മറ്റ് ചില ക്ഷേത്രങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അയ്യനാര്‍ ക്ഷേത്രത്തിന് വലിയ ഒരു കവാടമുണ്ട്. ധാരാളം തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും നിരന്തരം എത്തുന്ന ഇടമാണ് ഈ ക്ഷേത്രം. വെള്ളവും കരിക്കും പഴങ്ങളും വില്‍ക്കുന്ന ചെറിയ കടകളും ക്ഷേത്രത്തിന് മുന്നിലുണ്ട്. ക്ഷേത്രത്തിന് പുറകില്‍ പരന്നു കിടക്കുന്ന മരുഭൂമി. .

മരുഭൂമിയെന്നൊക്കെപ്പറഞ്ഞാലും കള്ളിമുള്‍ ചെടികള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഇടമല്ല ഇത്. പന, പുളി, കുറ്റിച്ചെടികള്‍, പറങ്കി തുടങ്ങിയ നിരവധി വൃക്ഷങ്ങള്‍ ഇടയ്ക്കിടയ്ക്ക് തണല്‍ നീര്‍ത്തുന്ന ഇടമാണ് ഈ ചുവന്ന മരുഭൂമി.

നിരവധി ആളുകള്‍ ഇവിടെ വിശ്രമത്തിനായി കുടുംബ സമേതം എത്തുന്നുണ്ട്. സിനിമാ ചിത്രീകരണത്തിന് മാത്രം ഉപയോഗിച്ചു കൊണ്ടിരുന്ന ഇവിടേയ്ക്ക് ഇപ്പോള്‍ വിനോദ സഞ്ചാരികളും സുലഭമായി എത്തുന്നുണ്ട്.

പകല്‍ സമയം നല്ല വെയിലായിരിക്കും. അതിനാല്‍ വൈകുന്നേരങ്ങളില്‍ ഇവിടെ വന്ന് ഈ അത്ഭുതം കാണാവുന്നതാണ്. പോക്കു വെയിലില്‍ പവിഴം പോലെ ചുവന്ന മണല്‍ വെട്ടിത്തിളങ്ങിക്കൊണ്ടേയിരിക്കും. . .

We use cookies to give you the best possible experience. Learn more