ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരവേ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തി കോടതി. അലഹബാദ് ഹൈക്കോടതിയാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. കോടതിയുടെ നടപടിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് യു.പി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.
അലഹബാദ് ഹൈക്കോടതിയുടേത് ശക്തമായതും പ്രതീക്ഷ നല്‍കുന്നതുമായ ഇടപെടലാണെന്ന് പ്രിയങ്ക പറഞ്ഞു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് രാജ്യം മുഴുവന്‍ ആവശ്യപ്പെടുകയാണ്. യുപി സര്‍ക്കാര്‍ അവളുടെ കുടുംബത്തോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നതിന് ഇടയിലാണ് ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. പ്രതീക്ഷയുടെ ഒരു കിരണമാണ് ഇത് നല്‍കുന്നത്. ഹാത്രാസ് കേസില്‍ സംഭവിച്ച കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തന്നെ നേരിട്ടുവിളിപ്പിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ തുടക്കം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
മാത്രമല്ല പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദം.
ഇതിന് പിന്നാലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്‌കര്‍ രംഗത്തെത്തിയതും വിവാദമായിട്ടുണ്ട്.
‘പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, എന്നായിരുന്നു പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക