പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാലക്കാട് യു.ഡി.എഫ് മുന്‍ ചെയര്‍മാനുമായ എ. രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന രാമസ്വാമിയെ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഷാഫി പറമ്പില്‍, എ വി ഗോപിനാഥ് അടക്കമുള്ളവര്‍ രാമസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും, പാര്‍ട്ടിയില്‍ നിന്നും നിരന്തരം അവഗണനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ആരോപിച്ചാണ് രാമസ്വാമി പാര്‍ട്ടി വിട്ടത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് കൈമാറി.
നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. സി ചാക്കോയും പി. എം സുരേഷ് ബാബുവും കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന കെ. സി റോസക്കുട്ടിയും കോണ്‍ഗ്രസ് വിട്ടിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു പി.സി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുകൊണ്ട് പറഞ്ഞത്. പി. സി ചാക്കോ എന്‍.സി.പിയില്‍ ചേരുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നാണ് രാജിവെച്ചു കൊണ്ട് പി. എം സുരേഷ് ബാബു പറഞ്ഞത്.
തന്നെ പോലുള്ളവരെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല എന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചാണ് കെ.പി റോസക്കുട്ടി രാജിവെച്ചത്. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ വേദനിപ്പിച്ചെന്ന് റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അവര്‍ സി.പി.ഐ.എമ്മില്‍ ചേരുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A Ramaswamy left congress, and said will support LDF