മുർഷിദാബാദ്: കഴിഞ്ഞയാഴ്ച ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി പ്രദേശത്ത് രാമക്ഷേത്രം പണിയുന്നതിനായി ഒരു തീവ്ര ഹിന്ദുത്വവാദ സംഘടന ആചാരങ്ങൾ നടത്തി. ഈ റിപ്പബ്ലിക് ദിനത്തിൽ, ഇതേ ജില്ലയിൽ വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആത്മീയ നേതാവ് കാർത്തിക് മഹാരാജിന് നരേന്ദ്ര മോദി സർക്കാർ പത്മശ്രീ നൽകി ആദരിച്ചു.
മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ബംഗാളിനെ വർഗീയവൽക്കരിക്കാനുള്ള വർധിച്ചുവരുന്ന ശ്രമത്തിൻ്റെ പ്രതിഫലനങ്ങളാണ് ഇവ രണ്ടുമെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.
മുർഷിദാബാദിൽ 67% ന്യൂനപക്ഷ ജനസംഖ്യയുണ്ട്.
ഹിന്ദു ജനജാഗൃതി സമിതിയുമായി ബന്ധമുള്ള എന്നാൽ താരതമ്യേനെ അത്ര സുപരിചിതമല്ലാത്ത ബംഗിയോ ഹിന്ദു സേനയും ബംഗിയ രാം സേവാ പരിഷത്ത് ചാരിറ്റബിൾ ട്രസ്റ്റും കഴിഞ്ഞയാഴ്ച, രാംലല്ല പ്രതിമയ്ക്കായി ഒരു ഭൂമി പൂജ നടത്തി. ബംഗിയ ഹിന്ദു സേനയുടെ തലവൻ സ്വാമി അംബികാനന്ദ മഹാരാജ് തറക്കല്ലിടൽ ചടങ്ങിന് നേതൃത്വം നൽകി.
ബി.ജെ.പി സംസ്ഥാന വക്താവ് ദേബ്ജിത് സർക്കാരും ആർ.എസ്.എസുമായി ബന്ധമുള്ള മറ്റ് പ്രമുഖരും അദ്ദേഹത്തോടൊപ്പം ചേർന്നു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അംബികാനന്ദ മഹാരാജ് ബംഗാളിൽ മുർഷിദാബാദിലെ ഭരത്പൂരിൽ ഉൾപ്പെടെ രാമക്ഷേത്രങ്ങൾ നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
‘ബംഗാളിൻ്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾ രാമക്ഷേത്രങ്ങൾ നിർമിക്കും. പൊതുജനങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുന്നു, അതിനാൽ ക്ഷേത്ര നിർമ്മാണം തുടരും. വിവിധ ജില്ലകളിലായി രാമക്ഷേത്രങ്ങൾ നിർമിക്കാനുള്ള പ്രചാരണം ആരംഭിക്കും, ‘ അംബികാനന്ദ പ്രഖ്യാപിച്ചു.
പിന്നാലെയാണ് തീവ്ര ഹിന്ദുത്വവാദിയായ കാർത്തിക് മഹാരാജിന് പത്മശ്രീ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
ഭാരത് സേവാശ്രമം സംഘവുമായി ബന്ധമുള്ള സ്വാമി പ്രദീപ്‌താനന്ദ എന്നും അറിയപ്പെടുന്ന കാർത്തിക് മഹാരാജ്, സമീപകാലത്ത് ബംഗാൾ രാഷ്ട്രീയത്തിൽ ഒരു ധ്രുവീകരണ വ്യക്തിയായി ഉയർന്നുവന്ന വ്യക്തിയാണ്.
ബംഗാളിലെ യോഗി എന്ന് മഹാരാജയെ പ്രാദേശിക ഭാരതീയ ജനതാ പാർട്ടി അനുഭാവികൾ വിളിക്കുന്നു . മുർഷിദാബാദിലെ ബെർഹാംപൂരിന് അടുത്തുള്ള ഒരു ചെറിയ മുനിസിപ്പൽ പട്ടണമായ ബെൽദാംഗയിൽ നടന്ന രണ്ട് വർഗീയ സംഘർഷങ്ങളിൽ കാർത്തിക്കിന് ബന്ധമുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്.
തനിക്ക് പത്മ പുരസ്കാരം ലഭിച്ച ദിവസം, കാർത്തിക് അടുത്തുള്ള നബാരത്തിൽ ഗോത്രവർഗക്കാരെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചുകൊണ്ട് തീപ്പൊരി പ്രസംഗം നടത്തി. ‘രാവണനെ തോൽപ്പിക്കാൻ രാമന് വില്ലും അമ്പും പ്രയോഗിക്കേണ്ടി വന്നതുപോലെ, ജില്ലയിലെ ആദിവാസികൾ ‘ജയ് ശ്രീ റാം’ എന്ന് വിളിക്കണം. ശത്രുക്കളെ മറികടക്കാൻ അവരുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കണം.’ അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ ‘രാഷ്ട്രപിതാവ്’ ആയി കണക്കാക്കുന്നത് ദേശീയ അപമാനം ആണെന്നും കാർത്തിക് അവകാശപ്പെട്ടു.
2024 ഏപ്രിലിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, രാമനവമി ആഘോഷത്തിനിടെ കാർത്തിക് മഹാരാജായുടെ മേഖലയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വർഗീയ രാഷ്ട്രീയപ്രവർത്തനം നടത്തുന്നുവെന്ന് കാർത്തിക് പരസ്യമായി ആരോപിച്ചു . ഈ പ്രസ്താവന ഒരു പ്രധാന പ്രചാരണ വിഷയമായി മാറുകയും പിന്നീട് മോദി അത് ഉപയോഗിക്കുകയും ചെയ്തു.
തുടർന്ന് ബെർഹാംപൂരിൽ, മതപരമായ ധ്രുവീകരണം ആഴത്തിലായി. ഇത് ബി.ജെ.പിയുടെ വോട്ട് വിഹിതം 15% ത്തിലധികം വർധിക്കുന്നതിന് കാരണമായി. പത്മശ്രീ അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വിമർശനവുമായി എത്തിയിട്ടുണ്ട്.
‘ഞാൻ ഒരു പ്രത്യേക പേര് പോലും പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ വർധിച്ചുവരുന്ന രാഷ്ട്രീയവത്ക്കരണം കാരണം പത്മ അവാർഡിന് അതിൻ്റെ പ്രാധാന്യം നഷ്ടപ്പെടുന്നു,’ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
Content Highlight: A ‘Ram Temple’ in Murshidabad and a Padma Shri for a Provocateur: How Communal Lines Are Being Drawn in Bengal