സ്പെക്ട്രം: രാജ-മന്‍മോഹന്‍ കത്തിടപാടുകള്‍ പുറത്ത്
Discourse
സ്പെക്ട്രം: രാജ-മന്‍മോഹന്‍ കത്തിടപാടുകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th December 2010, 12:32 pm

വരുണ്‍ രമേഷ്

കോഴിക്കോട്: മുന്‍ കേന്ദ്ര ടെലികോം  മന്ത്രി എ രാജയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും തമ്മില്‍ 2ജി സ്‌പെക്ട്രം സംബന്ധിച്ച് നടത്തിയ കത്തിടപാടുകളുടെ പൂര്‍ണ്ണരൂപം doolnews.com ന് ലഭിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിമാരായ ജിഎസ് സിങ് വി,  എ കെ ഗാംഗുലി എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ച രാജയുടെ കത്തും ഇതോടൊപ്പം പുറത്തുവന്നു.

ടെലികോം സെക്രട്ടറിയേയും നിയമ -ധന മന്ത്രാലയങ്ങളേയും പ്രധാനമന്ത്രിയുടെ ഇടപെടലുകളേയും മറികടന്ന് ടുജി സ്പെക്ട്രം ലൈസന്‍സ് നല്‍കാന്‍ രാജ കാണിച്ച അമിതാവേശം  തെളിയിക്കുന്ന രേഖകളാണ് രാജ പ്രധാനമന്ത്രിക്ക് എഴുതിയ ഈ  കത്തുകള്‍.

ടുജി സെപെക്ട്രം അനുവദിക്കുന്നതിനായി “ആദ്യം വരുന്നവര്‍ക്ക് ആദ്യം “ എന്ന രീതിയില്‍ ലൈസന്‍സ് അനുവദിക്കാനായിരുന്നു രാജയുടെ തീരുമാനം. 2001 ല്‍ നിശ്ചയിച്ച വിലയനുസരിച്ച് കമ്പനികളില്‍ നിന്ന് പണം ഈടാക്കാനായി രാജ ടെലികോം സെക്രട്ടറി മാത്തൂറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ഡിഎസ് മാത്തൂര്‍ ശക്തമായി എതിര്‍ത്തു.സുതാര്യവും മത്സരാതിഷ്ഠിതവുമായി വില നിശ്ചയിക്കണമെന്നും ലേലം നടത്തണമെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ അഭിപ്രായത്തെ രാജ പൂര്‍ണ്ണമായി അവഗണിക്കുകയും നിയമമന്ത്രാലയത്തില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാനായി ഫയല്‍ അയക്കുകയും ചെയ്തു. ഇതിനിടയില്‍ ധനമന്ത്രാലയത്തിലെ ചില ഉന്നതഉദ്യോഗസ്ഥര്‍ രാജയുടെ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവന്നു.

നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജും രാജയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ത്തു. പദ്ധതിയെ തള്ളിക്കളഞ്ഞുകൊണ്ട് നിയമ മന്ത്രി ഫയല്‍ തിരിച്ചയച്ചു. മന്ത്രിതല സമിതി രൂപീകരിച്ച് ടുജിസെപെക്ട്രം ലൈസന്‍സ് സുതാര്യമായും കാര്യക്ഷമമായും നടത്തണമെന്നായിരുന്നു നിയമമന്ത്രാലയത്തിന്റെ ഉപദേശം.

എന്നാല്‍ ഫയല്‍ നിയമമന്ത്രാലയം വഴി “ക്ലിയര്‍” ചെയ്ത് കിട്ടാന്‍ വേണ്ടി കത്തയച്ച രാജതന്നെ ഈ കാര്യത്തില്‍ നിയമമന്ത്രാലയത്തിന് കാര്യമൊന്നുമില്ലെന്ന് കാട്ടി 2007 നവംബര്‍ 2ന് പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രത്യേക ദൂതന്‍ വഴി പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച രാജയുടെ കത്തിന്റെ പൂര്‍ണ്ണരൂപം…

പേജ് രണ്ട്…

കൃത്യം ഒരു മണിക്കൂറിനുള്ളില്‍ (2007 നവംബര്‍ 2ന് രാത്രി ഒന്‍പതുമണിക്ക് ) പ്രധാനമന്ത്രി രാജയുടെ കത്തിന് മറുപടി നല്കി. ടുജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നിറുത്തിവെയ്ക്കാനാണ് പ്രധാനമന്ത്രി രാജയോട് ആവശ്യപ്പെട്ടത്. ഇതിന്മേല്‍ എടുക്കുന്ന നടപടികള്‍ തന്നെ അറിയിക്കണമെന്നും പ്രധാനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ടെലികോം മേഖലയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്.  കത്തിന്റെ പൂര്‍ണ്ണരൂപം കാണുക….

അനുബന്ധം…

പ്രത്യേക ദൂതന്‍ വഴി എ രാജയുടെ വീട്ടിലേക്ക് എത്തിച്ച കത്തിന് അന്ന് അര്‍ദ്ധരാത്രിതന്നെ ടുജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് താനെടുത്ത നടപടികള്‍ മുഴുവന്‍ ന്യായീകരിച്ചുകൊണ്ട് രാജ തിരിച്ച് കത്തയച്ചു. ലേലം, മത്സരാധിഷ്ഠിത വിലനിശ്ചയിക്കല്‍ എന്നിവ ഗുണം ചെയ്യില്ല, എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് തുടര്‍ന്ന രീതി തുടരുകമാത്രമാണ് ചെയ്തത്, നിയമവിരുദ്ധമായി താനൊരു കാര്യവും ചെയ്തിട്ടില്ല, താനും തന്റെ മന്ത്രാലയവും എടുത്ത എല്ലാ നടപടികളും പൂര്‍ണ്ണമായി നിയമവിധേയമായാണ്, ഇനി തുടര്‍ന്നും ഇതുപോലെതന്നെയായിരിക്കും തന്റെ മന്ത്രാലയം പ്രവര്‍ത്തിക്കുകയെന്നുമായിരുന്നു രാജ അന്ന് രാത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ ഉള്ളടക്കം.

എന്നാല്‍ ഇതേ കത്തില്‍ തന്നെ പ്രധാനമന്ത്രിയും മറ്റ് മന്ത്രാലയങ്ങളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ട് ന്യായീകരിക്കാനും രാജ ശ്രമിക്കുന്നുണ്ട്. നിലവിലുള്ള കമ്പനികളില്‍ നിന്ന്  സപെക്ട്രം ലൈസന്‍സ് അനുവദിക്കുമ്പോള്‍ തുകയൊന്നും ഈടാക്കിയിട്ടില്ല. അതുപോലെ  പുതിയ കമ്പനികളില്‍ നിന്ന് ലേലം ചെയ്ത് മാത്രമേ ടുജി സ്‌പെകട്രം ലൈസന്‍സ്  അനുവദിക്കാവൂ എന്നത്   അനുചിതവും വിവേചനപരവും ചഞ്ചലപ്രകൃതവും നിയമപരമല്ലാത്തതുമായ നടപടിയാകുമെന്നും രാജ വാദിച്ചു. രാജയുടെ കത്തിലെ ഈ ഭാഗമാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.

കത്തിലെ ഭാഷ ആജ്ഞാ സ്വരത്തിലുള്ളതാണെന്നും രാജ്യത്തെ  ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയായ പ്രധാനമന്ത്രിയെ ഇങ്ങനെയാണോ അഭിസംബോധന ചെയ്യേണ്ടതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നരോട് മിതത്വം നിറഞ്ഞ ഭാഷയിലാവണം സംസാരിക്കേണ്ടതെന്നും കോടതി രാജയെ ഓര്‍മ്മപ്പെടുത്തിയിരുന്നു.

സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ച ഭാഗവും രാജയുടെ കത്തിന്റെ പൂര്‍ണ്ണരൂപവും കാണുക…

കത്തിന്‍റെ പൂര്‍ണ രൂപം…

പേജ് രണ്ട്…

പേജ് മൂന്ന്…

2007 ഡിസംബര്‍ 26 രാജ വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. പ്രണബ് മുഖര്‍ജിയുടെയും ജി വാസനവിയുടെയും ചര്‍ച്ചയിലൂടെ ടുജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത കൈവരിച്ചെന്ന് കാട്ടിയായിരുന്നു കത്ത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എത്രയും വേഗം ടുജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കണമെന്നും രാജ കത്തില്‍ പറയുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ടെലക്കോം സൗകര്യം ലഭ്യമാക്കുകയും കുറഞ്ഞനിരക്കില്‍ സേവനം നല്‍കാനുമാണ് ഉദ്ദേശിക്കുന്നതെന്നും ഗ്രാമീണമേഖലയ്ക്ക് ഇതില്‍ ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും എ രാജ തന്‍റെ കത്തില്‍ വ്യക്തമാക്കുന്നു.  കത്തിന്റെ പൂര്‍ണ്ണരൂപം കാണുക…

പേജ് രണ്ട്…

അനുബന്ധം….

എന്നാല്‍ രാജയുടെ ഈ ന്യായീകരണകത്തിന് വിശദമായ മറുപടിയോ വിശദീകരണങ്ങളോ പ്രധാനമന്ത്രി ചോദിച്ചില്ല. “കത്ത് കിട്ടി ” എന്ന് മാത്രം അറിയിച്ച് കൊണ്ട് ഒറ്റവരി മറുപടിയാണ് പ്രധാനമന്ത്രി രാജയ്ക്ക് തിരിച്ചയച്ചത്. പ്രധാനമന്ത്രി സ്പെക്ട്രം ഇടപാടില്‍ തന്‍റെ വിയോജിപ്പ് പ്രകടിപ്പിച്ചത് അര്‍ഹിക്കുന്ന  രീതിയിലായിരുന്നില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. 2008 ജനുവരി 3 ന് പ്രധാനമന്ത്രി രാജയ്ക്കയച്ച കത്ത്…

ടെലക്കോം സെക്രട്ടറി ഡിഎസ് മാതൂര്‍ 2007 ഡിസംബര്‍ മുപ്പത്തൊന്നിന് വിരമിച്ചു.  ആ ഒഴിവിലേക്ക് മുന്‍പ് രാജയുടെ കീഴില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിലെ അഡി: സെക്രട്ടറിയായി പ്രവര്‍ത്തിച്ച സിദ്ധാര്‍ത്ഥ ബെഹുറയെ നിയമിച്ചു. രാജയുടെ വിശ്വസ്ഥനായ ബെഹുറ ചുമതലയേറ്റ് പത്ത് ദിവസത്തിനകം അതായത്   2008 ജനുവരി 10  ന് ഉച്ചയ്ക്ക് 2. 45 ന് സപെക്ട്രം ലൈസെന്‍സിനായുള്ള പത്രകുറിപ്പ് പുറത്തിറങ്ങി.  2008 ജനുവരി 10 ന് അതായത് പത്രകുറിപ്പ് വന്ന അന്നുതന്നെ 3.30 നും 4.30 നും ഇടയില്‍ ഫീസായി പണം അടയ്ക്കാനായിരുന്നു അറിയിപ്പ്. പത്രക്കുറിപ്പ് വന്ന് ഒരു മണിക്കൂറിനുള്ളില്‍ 1600 കോടി രൂപ അടയ്ക്കണം.

സാധാരണ നിലയില്‍ സംഭവിക്കില്ല എന്ന് കരുതിയ ചിലകാര്യങ്ങള്‍ അന്ന് സംഭവിച്ചു. ഒന്‍പത് പുതിയ കമ്പനികള്‍ അന്ന് തുക കെട്ടിവച്ചു. ഇത്രയും ചുരുങ്ങിയ ഇടവേളയ്ക്കിടയില്‍ ഈ കമ്പനികള്‍ക്ക് എങ്ങനെ ഇത്രയും വലിയ ഒരു തുക കെട്ടിവെയ്ക്കാനായി എന്നതാണ് സിബിഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.  പത്രക്കുറിപ്പ് വരുന്നതിന് തലേന്ന് ഈ ഒന്‍പത് കമ്പനികളുടെ തലവന്‍മാര്‍ എന്തിനാണ് മന്ത്രിയുടെ വസതിയിലെത്തിയതെന്നും തിടുക്കപ്പെട്ട് 2008 ഏപ്രിലില്‍ സ്പെക്ട്രം ലൈസെന്‍സ് അനുവദിക്കപ്പെട്ടതിലേക്ക് നയിച്ച സംഭവങ്ങളും  അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.

tag:  2G Scam, Supreme Court, A Raja, CBI officials, 2G spectrum, Auditor General, Prime Minister, Joint Parliamentary Committee,