ഹൂത്തികളുടെ മിസൈലാക്രമണത്തില്‍ ഇസ്രഈലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു
World News
ഹൂത്തികളുടെ മിസൈലാക്രമണത്തില്‍ ഇസ്രഈലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th September 2024, 3:00 pm

ടെല്‍ അവീവ്: ഇസ്രഈലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂത്തി വിമതസംഘം. ആക്രമണത്തില്‍ ഇസ്രഈലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ ആളപായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇസ്രഈലിന് നേരത്തെ ഇന്റലിജിന്‍സ് വിവരം ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് അധികൃതര്‍ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 23,65,000 ആളുകളെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മാറിപ്പാര്‍പ്പിച്ചത്.

മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രഈലിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറണ്‍ കേട്ടതിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്ക് നിസാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്ന് ഹൂത്തി വക്താവ് നസറുദീന്‍ അമേര്‍ പ്രതികരിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.

ജൂലൈയിലും ടെല്‍ അവീവിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. നിലവില്‍ ഇസ്രഈലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഹൂത്തികള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈലിനെതിരെ ആക്രമണം നടത്തുന്നുണ്ട്. ഇസ്രഈലുമായി ബന്ധമുള്ള മുപ്പതിലധികം കപ്പലുകളെയാണ് ചെങ്കടലില്‍ വെച്ച് ഹൂത്തികള്‍ ആക്രമിച്ചത്.

ഹൂത്തികളെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് സംയുക്ത സേന രൂപീകരിച്ചിരുന്നു. എന്നാല്‍ ഹൂത്തികളെ പ്രതിരോധിക്കുന്നതില്‍ സംയുക്ത സേന പരാജയപ്പെടുകയും ചെയ്തു. അതേസമയം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാത്തിടത്തോളം യുദ്ധാനന്തര ഗസ പദ്ധതിയില്‍ പങ്കെടുക്കില്ലെന്ന് യു.എ.ഇ ഔദ്യോഗികമായി അറിയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 41,206 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തില്‍ 95,337 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

Content Highlight: A railway station in Israel caught fire in a missile attack by the Houthis