മണിരത്‌നം സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ റോജയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റെ സംഗീതസാന്നിധ്യം അറിയിച്ചയാളാണ് എ.ആര്‍ റഹ്‌മാന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ അവാര്‍ഡ് നേടിയ റഹ്‌മാന്‍ 32 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യന്‍ സിനിമാസംഗീതത്തിലെ മുടിചൂടാമന്നനായി നില്‍ക്കുന്നുണ്ട്. 1993 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഫിലിംഫെയര്‍ അവാര്‍ഡ് നേടി തന്റെ അപ്രമാദിത്വം സ്ഥാപിച്ചു.
എ.ആര്‍ റഹ്‌മാന് ശേഷം പല സംഗീസംവിധായകരും തമിഴില്‍ അരങ്ങേറി. എല്ലാവരും മത്സരിക്കേണ്ടി വന്നത് റഹ്‌മാനോടായിരുന്നു. യുവന്‍ ശങ്കര്‍ രാജ, ഹാരിസ് ജയരാജ്, ദേവി ശ്രീ പ്രസാദ്, ഇമ്മന്‍, അനിരുദ്ധ് തുടങ്ങി പല സംഗീത സംവിധായകരും തമിഴില്‍ സെന്‍സേഷണലായി മാറിയെങ്കിലും റഹ്‌മാന് വെല്ലുവിളിയുയര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ പലരും റഹ്‌മാന് മുകളില്‍ അനിരുദ്ധിനെ പ്രതിഷ്ഠിക്കുന്നത് കാണാറുണ്ട്. കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി നില്‍ക്കുന്ന റീല്‍സ് ഭരിക്കുന്ന ചാര്‍ട്ട് ബസ്‌റ്റേഴ്‌സ് ഒരുക്കുന്നതില്‍ അനിരുദ്ധ് കേമന്‍ തന്നെയാണ്. എന്നാല്‍ എത്രകാലം കഴിഞ്ഞാലും മടുക്കാത്ത തരത്തിലുള്ള സംഗീതം സൃഷ്ടിക്കുന്നതിലും, ഭാഷാസംസ്‌കാരത്തിനനുസരിച്ച് പാട്ടുകള്‍ ഉണ്ടാക്കുന്നതിലും അനിരുദ്ധിന് പരിമിതികളുണ്ട്. ജവാനിലെ പാട്ടുകള്‍ അതിനുദാഹരണമാണ്.
എന്നാല്‍ അവിടെയാണ് റഹ്‌മാന്‍ വ്യത്യസ്തനാകുന്നത്. എല്ലാ ഭാഷയിലും ഒരുപോലെ തിളങ്ങുന്ന പാട്ടുകള്‍ റഹ്‌മാന് കേക്ക് വാക്ക് ആണ്. ദില്‍ സേ, ബോംബൈ, കാതലന്‍ തുടങ്ങി കഴിഞ്ഞ മാസം പുറത്തിറങ്ങിയ അമര്‍ സിങ് ചംകീല വരെ ഭാഷാവ്യത്യാസത്തിനനുസരിച്ച് സംഗീതമൊരുക്കാന്‍ കഴിവുള്ള സംഗീതജ്ഞനാണ് എ.ആര്‍. റഹ്‌മാന്‍.
റഹ്‌മാന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞു നടക്കുന്നവര്‍ക്കുള്ള മറുപടിയാണ് കരിയറിന്റെ 32ാം വര്‍ഷത്തില്‍ നേടിയ ഏഴാമത്തെ ദേശീയ അവാര്‍ഡ്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ഇതിഹാസകാവ്യത്തെ ചലച്ചിത്ര രൂപത്തിലേക്ക് മണിരത്‌നം മാറ്റിയപ്പോള്‍ ചോളസാമ്രാജ്യത്തിന്റെ കാലം സംഗീതത്തിലൂടെ പുനഃസൃഷ്ടിച്ചതിനാണ് റഹ്‌മാനെ തേടി അവാര്‍ഡ് എത്തിയത്. പലരും വരും… പോകും എന്നാല്‍ റഹ്‌മാന് പകരം വെക്കാനൊരു മ്യൂസിക് ഡയറക്ടര്‍ ഇനിയുണ്ടാകില്ല.
Content Highlight: A R Rahman won seventh National Award in his career