സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. ബ്ലസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവറുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ആടുജീവിതത്തിനായി സംഗീതം ചെയ്യുന്നത് എ. ആർ റഹ്മാനാണ്. മലയൻ കുഞ്ഞിന് ശേഷം റഹ്മാൻ സംഗീതം നൽകുന്ന മലയാള ചിത്രം കൂടിയാണ് ആടുജീവിതം. എ.ആര്‍. റഹ്‌മാന്‍ ആടുജീവിതത്തിന്റെ സെറ്റില്‍ നേരിട്ട് പോയിരുന്നു. ആദ്യമായി മലയാള സിനിമയുടെ സെറ്റില്‍ പോയതിന്റെ അനുഭവം പറയുകയാണ് അദ്ദേഹം. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളെല്ലാവരും ഒരിക്കലെങ്കിലും ആടുജീവിതം അനുഭവിച്ചിട്ടുണ്ടാകും. ഒരാള്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കാന്‍ മരുഭൂമിയില്‍ പോകണമെന്നില്ല. പല രൂപത്തില്‍ അവ നമ്മളെ തേടിയെത്തും. മനോധൈര്യം കൊണ്ട് അതില്‍ നിന്ന് നമ്മള്‍ പുറത്തു കടക്കുന്നു.
അങ്ങനെ നോക്കുമ്പോള്‍ ആടുജീവിതം ഒരു പ്രതീകാത്മക കഥയാണ്. ആ സെറ്റില്‍ രണ്ട് ദിവസം പോയി അവരില്‍ ഒരാളായി കഴിഞ്ഞു. പാട്ട് ചെയ്യാന്‍ വന്നപ്പോഴേ ബ്ലെസിക്ക് ഞാന്‍ വാക്ക് നല്‍കിയിരുന്നതാണ് അത്,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.
1992ല്‍ പുറത്തിറങ്ങിയ മണി രത്‌നത്തിന്റെ റോജ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിക്കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
റോജ സിനിമ ഇറങ്ങിയപ്പോള്‍ അതാകും തന്റെ അവസാന സിനിമയെന്നാണ് താന്‍ കരുതിയതെന്നും വീണ്ടും പരസ്യ ജിങ്കിളുകളിലേക്കോ കീ ബോര്‍ഡ് വായിക്കാനോ പോകാന്‍ താനെന്നും മനസുകൊണ്ട് തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ ആദ്യ സിനിമയായ റോജ ഇറങ്ങിയപ്പോള്‍ ഇതാകും എന്റെ അവസാന സിനിമയെന്നാണ് ഞാന്‍ കരുതിയിരുന്നത്. വീണ്ടും പരസ്യ ജിങ്കിളുകളിലേക്കോ കീ ബോര്‍ഡ് വായിക്കാനോ പോകാന്‍ ഞാനെന്നും മനസുകൊണ്ട് തയ്യാറായിരുന്നു.
എന്നാല്‍ എനിക്ക് അന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും വളരെ വലുതായിരുന്നു. ജനങ്ങള്‍ വേദിയില്‍ എത്തുന്നത് കലാകാരന്റെ പ്രകടനം കാണാനാണ്. അവിടെ മടിച്ചു നിന്നിട്ട് കാര്യമില്ല. ആള്‍ക്കൂട്ടത്തെ കണ്ട് പേടി തോന്നുമ്പോള്‍ ഞാന്‍ കറുത്ത കൂളിങ്ങ് ഗ്ലാസ് വെയ്ക്കും. പിന്നെ കുഴപ്പമില്ല,’ എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.
Content Highlight: A.R. Rahman Talk About Aadujeevitham Movie