| Friday, 30th December 2022, 11:46 am

സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ; പെലെക്ക് ആദരവായി ഗാനം പങ്കുവെച്ച് എ.ആര്‍.റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മരണത്തെ തുടര്‍ന്ന് തന്റെ ട്വിറ്റര്‍ പേജിലൂടെ എ.ആര്‍.റഹ്മാന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ക്യാന്‍സര്‍ ബാധിതനായിരുന്ന താരം ഇന്നലെയാണ് മരിച്ചത്. പെലെയുടെ ജീവചരിത്രം പ്രമേയമാക്കി വന്ന സിനിമയിലെ ഗാനം പങ്കുവെച്ചാണ് എ.ആര്‍.റഹ്മാന്‍ ട്വീറ്റ് ചെയ്തത്.

പെലെയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്’. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനായിയിരുന്നു. അതേ സിനിമയില്‍ തന്നെ റഹ്മാന്‍ പാടുകയും ചെയ്തിരുന്നു. ആ ഗാനമാണ് ട്വിറ്ററിലൂടെ റഹ്മാന്‍ പങ്കുവെച്ചത്.

‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ ഗാനം അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നുവെന്നും റഹ്മാന്‍ കുറിച്ചു. അന്നാ ബിയാട്രീസിനൊപ്പമാണ് ആ സിനിമയിലെ ഗാനം അദ്ദേഹം ആലപിച്ചത്. ‘ജിംഗ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

മൂന്ന് ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമാണ് ബ്രസീലിന്റെ പെലെ. 1958, 1962,1970 ലോകകപ്പുകളാണ് പെലെ നേടിയത്. 14 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ സ്വന്തമാക്കിയത്. ഫിഫയുടെ നൂറ്റാണ്ടിന്റെ താരം, ഐ.ഒ.സി അത്‌ലറ്റ് ഓഫ് ദ ഇയര്‍, ഫിഫ ലോകകപ്പ് മികച്ച താരം തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സാവ പോളോയില്‍ 1940 ഒക്ടോബര്‍ 23നാണ് പെലെ ജനിച്ചത്. പതിനാറാം വയസ്സിലാണ് പെലെ ബ്രസീല്‍ ടീമിലെത്തിയത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമാണ് പെലെ. 92 മത്സരങ്ങളില്‍ നിന്നായി 77 ഗോളാണ് അദ്ദേഹം നേടിയത്. സൂപ്പര്‍ താരം നെയ്മറും ഗോളുകളില്‍ അദ്ദേഹത്തിനൊപ്പം എത്തിയിട്ടുണ്ട്.

content highlight:  A R Rahman share his memory with pele

Latest Stories

We use cookies to give you the best possible experience. Learn more