| Wednesday, 9th October 2024, 8:12 am

ആടുജീവിതത്തിലെ സൗണ്ട്ട്രാക്ക് ഗ്രാമി അവാര്‍ഡിന് സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷേ...: എ.ആര്‍. റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സംഗീതലോകത്തെ അതികായനാണ് എ.ആര്‍. റഹ്‌മാന്‍. 32 വര്‍ഷമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന റഹ്‌മാന്‍ ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ വിസ്മയിപ്പിക്കുകയാണ്. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാര്‍ഡ് നേടി സിനിമാലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിക്കാന്‍ മദ്രാസിന്റെ മൊസാര്‍ട്ടിന് സാധിച്ചു. 32 വര്‍ഷത്തിന് ശേഷം റഹ്‌മാന്‍ മലയാളത്തിലേക്ക് തിരച്ചുവന്ന വര്‍ഷംകൂടിയാണ് 2024. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ സംഗീതം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഓസ്‌കര്‍, ഗ്രാമി പോലുള്ള അവാര്‍ഡുകള്‍ വീണ്ടും നേടാന്‍ ശ്രമിച്ചിരുന്നില്ലേ എന്ന ചോദ്യത്തോട് മറുപടി പറയുകയാണ് റഹ്‌മാന്‍. ഗ്രാമിയിലായാലും ഓസ്‌കറിലായാലും ഒരുപാട് ക്രൈറ്റീരിയകള്‍ ഉണ്ടെന്നും എല്ലാം നൂറ് ശതമാനം ഓക്കെയാണെങ്കില്‍ മാത്രമേ അവര്‍ അവാര്‍ഡിന് പരിഗണിക്കുകയുള്ളൂവെന്നും റഹ്‌മാന്‍ പറഞ്ഞു.

ആടുജീവിതത്തിന്റെ സൗണ്ട്ട്രാക്ക് ഗ്രാമിയില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അവര്‍ നിര്‍ദേശിച്ച ഡ്യൂറേഷനെക്കാള്‍ ഒരുമിനിറ്റ് കുറവായതുകൊണ്ട് അയോഗ്യമായെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.പൊന്നിയിന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളും അവാര്‍ഡിന് സമര്‍പ്പിക്കാമായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും റഹ്‌മാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിന് പൊന്നിയിന്‍ സെല്‍വന്‍ 2 അയക്കാമായിരുന്നെന്നും എന്നാല്‍ എല്ലാ സാഹചര്യവും അനുകൂലമാകുമ്പോള്‍ മാത്രമേ നമുക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുള്ളൂവെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. കണക്ട് സിനി നെറ്റ്‌വര്‍ക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗ്രാമിയുടെ ടിക്ക് ബോക്‌സ് നമ്മള്‍ വിചാരിക്കുന്നതിലും വലുതാണ്. അവര്‍ പറയുന്ന ക്രൈറ്റീരിയ മുഴുവന്‍ ശരിയായാല്‍ മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളൂ. ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡിന് ഞാന്‍ ആടുജീവിതത്തിന്റെ സൗണ്ട്ട്രാക്ക് സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അവര്‍ പറഞ്ഞ ഡ്യൂറേഷനെക്കാള്‍ ഒരു മിനിറ്റ് കുറവായിരുന്നു. ആ ഒരു കാരണം കൊണ്ട് അവര്‍ ആടുജീവിതത്തിനെ ഗ്രാമിയില്‍ പരിഗണിച്ചില്ല.

അതുപോലെ പൊന്നിയിന്‍ സെല്‍വന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഓസ്‌കറിനോ ഗ്രാമിക്കോ സമര്‍പ്പിക്കാമായിരുന്നു. കഴിഞ്ഞ വര്‍ഷം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 അവാര്‍ഡിന് സമര്‍പ്പിച്ചാലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ എല്ലാ സാഹചര്യങ്ങളും അനുകൂലമാകുമ്പോഴാണല്ലോ നമുക്ക് ഓരോ ചിന്തകള്‍ വരുന്നത്. അതുകൊണ്ടാകാം അന്ന് അങ്ങനെ തോന്നാത്തത്,’ എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.

Content Highlight: A R Rahman says he tried to submit Aadujeevitham soundtrack in Grammy Awards

We use cookies to give you the best possible experience. Learn more