Advertisement
Entertainment
ഞാനും മൈക്കിള്‍ ജാക്‌സണും ആ സിനിമയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമെന്ന് ആ സംവിധായകന്‍ പ്രതീക്ഷിച്ചിരുന്നു: എ.ആര്‍. റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 15, 09:44 am
Tuesday, 15th October 2024, 3:14 pm

ലോകസിനിമയിലെ സംഗീതരാജാവാണ് എ.ആര്‍. റഹ്‌മാന്‍. 1992ല്‍ റോജ എന്ന ചിത്രത്തിലൂടെ ആരംഭിച്ച യാത്ര 32 വര്‍ഷങ്ങള്‍ക്കിപ്പുറവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തന്റെ മാസ്മരികസംഗീതം കൊണ്ട് സംഗീതപ്രേമികളെ ആനന്ദത്തില്‍ ആറാടിച്ച മദ്രാസ് മൊസാര്‍ട്ട് ഓസ്‌കര്‍, ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങി സകല അവാര്‍ഡുകലും സ്വന്തമാക്കി മുടിചൂടാമന്നനായി നിലനില്‍ക്കുകയാണ്. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ കരിയറിലെ ഏഴാമത്തെ അവാര്‍ഡും നേടി റഹ്‌മാന്‍ സിനിമാലോകത്തെ വീണ്ടും ഞെട്ടിച്ചു.

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണും താനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍. സ്ലം ഡോഗ് മില്യണയറിന് ഓസ്‌കര്‍ ലഭിച്ച ശേഷം മൈക്കല്‍ ജാക്‌സനെക്കണ്ട് സംസാരിച്ചെന്നും ജയ് ഹോ എന്ന പാട്ട് അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞെന്നും റഹ്‌മാന്‍ പറഞ്ഞു. മൈക്കല്‍ ജാക്‌സന്റെ ബാന്‍ഡും തന്റെ ബാന്‍ഡും ഒന്നിച്ച് പ്രോഗ്രാം നടത്തണമെന്നുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. തന്റ ഏതെങ്കിലുമൊരു സിനിമയില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചിരുന്നെന്നും റഹ്‌മാന്‍ പറഞ്ഞു.

ഇക്കാര്യം താന്‍ സംവിധായകന്‍ ഷങ്കറിനോട് പറഞ്ഞിരുന്നെന്നും ആ സമയം എന്തിരന്റെ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും റഹ്‌മാന്‍ പറഞ്ഞു. ആ സമയം മൈക്കല്‍ ജാക്‌സണ്‍ അടുത്ത വേള്‍ഡ് ടൂറിന്റെ തിരക്കിലേക്ക് പോയെന്നും അത് കഴിഞ്ഞ് വര്‍ക്ക് ചെയ്യാമെന്ന് കരുതിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. കണക്ട് സിനി നെറ്റ്‌വര്‍ക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൈക്കല്‍ ജാക്‌സനും ഞാനും തമ്മില്‍ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. പറയുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. സ്ലം ഡോഗ് മില്യണയറിന് ഓസ്‌കര്‍ കിട്ടിയപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം കിട്ടി. ജയ് ഹോ പാട്ട് ഇഷ്ടമായി എന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. അന്ന് ഇന്ത്യന്‍ സംഗീതത്തെക്കുറിച്ചും പോപ് സംഗീതത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ഞാനും അദ്ദേഹവും ചേര്‍ന്ന് ഒരു കോണ്‍സര്‍ട്ട് നടത്താമെന്നൊക്കെ ആലോചിച്ചിരുന്നു.

അതുപോലെ തന്റെ ഏതെങ്കിലുമൊരു സിനിമയില്‍ അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന ചിന്തയും ഉണ്ടായിരുന്നു. അദ്ദേഹത്തിനും അതിന് സമ്മതമായിരുന്നു. ഇക്കാര്യം ഞാന്‍ ഷങ്കറിനോടും പറഞ്ഞു. ‘എങ്കില്‍ എന്തിരനില്‍ അദ്ദേഹത്തെക്കൊണ്ട് പാടിക്കാന്‍ പറ്റുമോ?’ എന്ന് ഷങ്കര്‍ ചോദിച്ചു. നോക്കട്ടെ എന്ന് ഞാനും മറുപടി നല്‍കി.

ആ സമയം മൈക്കല്‍ ജാക്‌സന്‍ പുതിയ വേള്‍ഡ് ടൂറിന്റെ തിരക്കിലേക്ക് പോവുകയായിരുന്നു. അത് കഴിഞ്ഞ് ഇക്കാര്യം പറയാമെന്ന് വിചാരിച്ചു. അതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: A R Rahman saying that he planned to work with Michael Jackson in Enthiran movie