'രണ്ടുമാസം മുമ്പ് ആമിറിന്റെ അതേ അവസ്ഥയിലായിരുന്നു ഞാനും' എ.ആര്‍ റഹ്മാന്‍
Daily News
'രണ്ടുമാസം മുമ്പ് ആമിറിന്റെ അതേ അവസ്ഥയിലായിരുന്നു ഞാനും' എ.ആര്‍ റഹ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2015, 8:41 am

ar-rehaman1പനാജി: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ നേരിട്ട അതേ രീതിയിലുള്ള സാഹചര്യങ്ങള്‍ രണ്ടുമാസം മുമ്പ് താനും അനുഭവിച്ചിരുന്നെന്ന് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഗോവ ഫിലിം ഫെസ്റ്റിവലിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആമിര്‍ നേരിട്ട അതേ തരത്തിലുള്ള പ്രതിസന്ധികള്‍ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം പരിഷ്‌കൃത സമൂഹത്തില്‍ ആളുകള്‍ അക്രമാസക്തരാകരുതെന്നും അഭിപ്രായപ്പെട്ടു.

ഇറാനിയന്‍ ചിത്രം “മുഹമ്മദ് മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ മുംബൈയിലെ റാസ അക്കാദമി ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് എ.ആര്‍ റഹ്മാന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇറായിന്‍ ചിത്രത്തിന്റെ പേര് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ആ സമയത്ത് ദല്‍ഹിയിലെയും യു.പിയിലെയും മുഖ്യമന്ത്രിമാര്‍ റഹ്മാന്റെ സംഗീതപരിപാടികള്‍ അവസാനവേളയില്‍ റദ്ദാക്കി. “ഹിന്ദുയിസത്തിലേക്ക് തിരിച്ചുവരാന്‍” ക്ഷണിച്ചുകൊണ്ടാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഘര്‍ വാപസിക്ക് പറ്റിയ സമയമാണിതെന്നു പറഞ്ഞായിരുന്നു അവരുടെ ക്ഷണം.

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചുനല്‍കുന്ന നടപടിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇതായിരുന്നു: ” കൂട്ടമായ് ചേര്‍ന്നാണ് എല്ലാം ചെയ്യേണ്ടത്. വളരെ കാവ്യാത്മകമായാണ് ആളുകള്‍ പ്രതികരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. മഹാത്മാഗാന്ധിയുടെ ഭൂമിയില്‍ നിന്നും വരുന്നവരായതിനാല്‍ നാം ലോകത്തിനു മുമ്പില്‍ മാതൃക കാട്ടണം. ഹിംസയില്ലാതെ ഒരു വിപ്ലവത്തിന് എങ്ങനെ മാറ്റംകൊണ്ടുവരാനാകുമെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നതാണ്.” റഹ്മാന്‍ വ്യക്തമാക്കി.