ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകനാണ് എ.ആര്‍ റഹ്‌മാന്‍. 30വര്‍ഷത്തെ കരിയറില്‍ നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും 2009ല്‍ ഓസ്‌കര്‍ അവാര്‍ഡ് നേടുകയും ചെയ്തു. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ കമ്മിറ്റ് ചെയ്ത ചിത്രമാണ് ആടുജീവിതം. ആറ് വര്‍ഷത്തോളം നീണ്ടു നിന്ന ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. ഇതിനിടയില്‍ മലയാളത്തില്‍ മലയന്‍കുഞ്ഞ് എന്ന സിനിമക്കും റഹ്‌മാന്‍ സംഗീതം നല്‍കി.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഗീത ലോകത്തിന് ഒരു ഭീഷണിയും നല്‍കില്ലെന്നും അത് മികച്ച ഒരു ടൂളാണെന്നും റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിനിമാലോകത്ത് ഒരുപാട് പേരുടെ ജോലി ഇല്ലാതാക്കുന്നു എന്നതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് റഹ്‌മാന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘എ.ഐ എന്നത് പുതിയ കാര്യമല്ല. ഓട്ടോ ട്യൂണ്‍ എ.ഐയാണ്, ഗൂഗിള്‍ ഒരു എ.ഐയാണ്. ഗൂഗിള്‍ സെര്‍ച്ചിന്റെ ഒരു മറ്റൊരു വകഭേദമാണ് അത്. നമ്മള്‍ കൊടുക്കുന്ന കീവേര്‍ഡുകള്‍ നല്ല രീതിയില്‍ ചേര്‍ത്ത് മികച്ച റിസള്‍ട്ട് തരുന്ന ഒന്നാണ്. അത് ഒരിക്കലും ഒറിജിനലല്ല, എല്ലാ ഡാറ്റകളും ചേര്‍ത്ത് പുതിയൊരു സംഗതി ഉണ്ടാക്കുന്നു എന്നേ ഉള്ളൂ. നമുക്ക് അത് റഫറന്‍സായിട്ട് ഉപയോഗിക്കാം.
നമ്മള്‍ എന്തെങ്കിലും കാര്യം ലൈബ്രറിയില്‍ പോയി കളക്ട് ചെയ്യുന്നതുപോലെയാണ് എ.ഐയും. പക്ഷേ നമ്മളേക്കാള്‍ വേഗത്തില്‍ അത് ചെയ്യും. അതിനെ ഒരു ടൂളായി ഉപയോഗിക്കുക. ഭീഷണിയാക്കി മാറ്റരുത്. ചിലസമയത്ത് വരികള്‍ക്ക് വേണ്ടി ചാറ്റ് ജി.പി.ടി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ഋഗ്വേദത്തിനെക്കുറിച്ച് എന്തെങ്കിലും എഴുതണമെങ്കില്‍ ചാറ്റ് ജി.പി.ടി എടുത്ത് നോക്കി അതില്‍ നിന്ന് ആവശ്യമുള്ളത് എടുക്കാറുണ്ട്.
എ.ഐ വെച്ച് ഉണ്ടാക്കുന്ന വിഷ്വലുകള്‍ അവിശ്വസനീയമാണ്. സോറ പോലുള്ള എ.ഐ. കൊണ്ട് ഉണ്ടാക്കുന്ന വിഷ്വലുകള്‍ ഗംഭീരമാണ്. ആളുകള്‍ അതൊക്കെ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ നല്ലതാണ്. സിനിമാ ഇന്‍ഡസ്ട്രിയിലൊക്കെ ഇത്തരം നൂതന ആശയങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചക്ക് സഹായകമാകും. ആരുടെയും ജോലി അതുകാരണം പോകില്ല,’ റഹ്‌മാന്‍ പറഞ്ഞു.
അടുത്തിടെ റിലീസായ ലാല്‍ സലാം എന്ന സിനിമയില്‍ അന്തരിച്ച ഗായകന്‍ ബോംബൈ ബാക്യയുടെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് റഹ്‌മാന്‍ ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ബാക്യയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങി, അവര്‍ക്ക് തക്കതായ പ്രതിഫലവും നല്‍കിയാണ് റഹ്‌മാന്‍ ബാക്യയുടെ ശബ്ദം ഉപയോഗിച്ചത്.
Content Highlight: A R Rahman about using of Artificial Intelligence in music industry