|

വിഷ്വല്‍ കണ്ട ശേഷം ട്യൂണ്‍ കമ്പോസ് ചെയ്ത ഒരേയൊരു പാട്ട് അതാണ്: എ.ആര്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സംഗീതം കൊണ്ട് ലോകത്താകമാനമുള്ള സംഗീതാസ്വാദകരുടെ മനം കവര്‍ന്ന സംഗീതജ്ഞനാണ് എ.ആര്‍ റഹ്‌മാന്‍. 30 വര്‍ഷത്തെ കരിയറില്‍ നിരവധി ഗാനങ്ങള്‍ കമ്പോസ് ചെയ്ത റഹ്‌മാന്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി രണ്ട് ഓസ്‌കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. സാധാരണയായി താന്‍ ഒരു ട്യൂണ്‍ കമ്പോസ് ചെയ്ത് സംവിധായകര്‍ക്ക് കൊടുക്കാറാണ് പതിവെന്നും കരിയറില്‍ ഒരൊറ്റ തവണ മാത്രമാണ് വിഷ്വലിനനുസരിച്ച് ട്യൂണ്‍ കമ്പോസ് ചെയ്തതെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.

ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ ‘അഗര്‍ തും സാത് ഹോ’ ഗാനത്തെക്കുറിച്ചാണ് റഹ്‌മാന്‍ സംസാരിച്ചത്. ഇംതിയാസ് അലിക്ക് ആദ്യം ഒരു ട്യൂണ്‍ നല്‍കിയെന്നും എന്നാല്‍ അദ്ദേഹം ആ സീന്‍ ഷൂട്ട് ചെയ്ത രീതി കണ്ട് അത്ഭുതപ്പെട്ടുവെന്നും പിന്നീട് ആ സീനിന് ചേരുന്ന രീതിയില്‍ മറ്റൊരു ട്യൂണ്‍ നല്‍കിയെന്നും റഹ്‌മാന്‍ പറഞ്ഞു. പുതിയ ചിത്രമായ അമര് സിങ് ചംകീലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘എല്ലാവരും പറയുന്ന ഒരു കാര്യമാണ് അഗര്‍ തും സാത് ഹോ എന്ന പാട്ട് ഇംതിയാസ് അലി മനോഹരമായി ഷൂട്ട് ചെയ്തുവെന്ന്. പക്ഷേ അത് നേരെ തിരിച്ചാണ് സംഭവിച്ചത്. ഞാന്‍ ആദ്യം ഒരു പാട്ട് അലിക്ക് കൊടുത്തു. അയാള്‍ അത് മനോഹരമായി ഷൂട്ട് ചെയ്തു. ആ വിഷ്വലുകള്‍ കണ്ടപ്പോള്‍ ഇതിനെക്കാള്‍ മികച്ച മറ്റൊരു ട്യൂണാണ് ഈ പാട്ട് അര്‍ഹിക്കുന്നതെന്ന് എനിക്ക് തോന്നി.

അങ്ങനെയാണ് ഇപ്പോള്‍ കേള്‍ക്കുന്ന ട്യൂണിലേക്കെത്തിയത്. അത് കൊടുത്തപ്പോള്‍ അലിക്ക് സന്തോഷമായി. പക്ഷേ എന്റ ചിന്ത ഇതിലും മികച്ച ട്യൂണ്‍ ഈ പാട്ടിന് കൊടുത്താലോ എന്നാണ്. വേറെ ട്യൂണ്‍ നോക്കിയാലോ എന്ന് ഞാന്‍ അലിയോട് ചോദിച്ചു. പക്ഷേ ഇത് മതിയെന്ന് അയാള്‍ പറഞ്ഞു. കരിയറില്‍ ഒരൊറ്റ തവണ മാത്രമേ ഞാന്‍ വിഷ്വലിനനുസരിച്ച് പാട്ട് മാറ്റിയിട്ടുള്ളൂ. അത് ഇതിലാണ്,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: A R Rahman about the particular song he composed tune after watching the visuals