ആടുജീവിതം മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയാകും; എ.ആര്‍ റഹ്‌മാന്‍
Entertainment
ആടുജീവിതം മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയാകും; എ.ആര്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 2:44 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് വേണ്ടി തയാറാക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് അണിയറപ്രവര്‍ത്തകര്‍ ലോഞ്ച് ചെയ്തു. നോവലിസ്റ്റ് ബെന്യാമിന്‍, സംവിധായകന്‍ ബ്ലെസ്സി, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത ശേഷം ആടുജീവിതം മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയാകും എന്നും റഹ്‌മാന്‍ പറഞ്ഞു.

‘ഒരുപാട് കാലത്തിന് ശേഷമാണ് ഒരു മലയാളസിനിമയക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത്. യോദ്ധയ്ക്ക് ശേഷം ഫഹദ് ഫാസിലിനോടൊപ്പം ഒരു ചെറിയ സിനിമ ചെയ്തു. പക്ഷേ ആടുജീവിതം അതിന് മുന്നേ തുടങ്ങിയ വര്‍ക്കാണ്. ഒരു മ്യുസിഷ്യന്‍ എന്ന നിലയില്‍ റിയലിസ്റ്റിക്കായ വര്‍ക്കുകളാണ് ഇതില്‍ കൂടുതല്‍. ബ്ലെസ്സിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബെന്യാമിന്‍, പൃഥ്വിരാജ് അതുപോലെ ഈ സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരും അവരുടെ സോള്‍ ഈ സിനിമക്കായി നല്‍കിയിട്ടുണ്ട്. സിനിമയിലുള്ള എന്റെ വിശ്വാസം അവരെ കാണുമ്പോള്‍ ഒന്നുകൂടി ഉറപ്പിക്കുന്നു. മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയാണ് ബ്ലെസ്സി ചെയ്തുവെച്ചിരിക്കുന്നത്,’ റഹ്‌മാന്‍ പറഞ്ഞു.

വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെക്കൂടാതെ അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ്, റിക് അബി, ശോഭാ മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തും.

Content Highlight: A R Rahman about Aadujeevitham