ഗാന്ധിജിയുടെ നാടായ ഇന്ത്യയില്‍ യുവാവും ദരിദ്രനുമായ കസബിനെ തൂക്കിലേറ്റാന്‍ പാടില്ലായിരുന്നെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. കസബ് പാക്കിസ്ഥാനി ആവുകയോ ആവാതികിരിക്കുകയോ ചെയ്യട്ടെ, അയാള്‍ ഒരു മനുഷ്യജീവിയായിരുന്നു. വി.ആര്‍ കൃഷ്ണയ്യര്‍ എഴുതുന്നു
എസ്സേയ്‌സ് / വി.ആര്‍ കൃഷ്ണയ്യര്‍
മൊഴിമാറ്റം / നസീബ ഹംസ
തീവ്രവാദിയും കൊലപാതകിയുമായ അജ്മല്‍ കസബിനെ കഴിഞ്ഞ 21 നാണ് ഇന്ത്യന്‍ ഭരണഘടന തൂക്കിലേറ്റുന്നത്. പാക്കിസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച കസബിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭ്യമായിരുന്നുള്ളൂ.
കുഞ്ഞായിരിക്കുമ്പോള്‍ ഭീരുവായിരുന്ന കസബ് പിന്നെ കഠിനഹൃദയനും ക്രൂരനുമായി മാറുകയായിരുന്നു. സമൂഹമാണ് അയാളെ കുറ്റവാളിയും കൊലപാതകിയുമാക്കി മാറ്റിയത്. മുംബൈ ഭീകരാക്രമണത്തില്‍ കസബ് കുറ്റക്കാരനാണെന്നത് വിസ്മരിച്ച് കൊണ്ടല്ല ഇങ്ങനെ പറയുന്നത്.[]
എന്ത് തന്നെയായാലും കസബിനെ കൊന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. ഇത്ര ക്രൂരമായി ഒരാളെ തൂക്കിക്കൊല്ലുന്നത് യഥാര്‍ത്ഥത്തില്‍ കുറ്റമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളെല്ലാവരും കുറ്റക്കാരായിരിക്കുകയാണ്. കസബിനെ തൂക്കിക്കൊല്ലുന്നതിനെ അനുകൂലിക്കുന്നതിലൂടെ നമ്മളെല്ലാവരും ചെയ്തത് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കലാണ്. അല്ലാതെ മനുഷിക മൂല്യങ്ങളുയര്‍ത്തുന്ന ഒരു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതല്ല.
ഏത് സമൂഹത്തിലായാലും പ്രത്യേകിച്ച് ഇന്ത്യ പോലെ നീതിന്യായ വ്യവസ്ഥയെ ഇത്രയേറെ ബഹുമാനിക്കുന്ന ഒരു രാജ്യത്ത് ഇത് പോലൊരു നിയമം വേണ്ട എന്നാണ് എന്റെ വിനീതമായ അഭിപ്രായം. മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇങ്ങനെയൊരു നിയമത്തിന് എതിരായിരിന്നു.
പല വിഷയങ്ങളിലും സോണിയാ ഗാന്ധിയില്‍ നിന്ന് നേരത്തെ മാനുഷികമായ പല സമീപനങ്ങളുമുണ്ടായതായി കണ്ടിരുന്നു. രാജീവ് ഗാന്ധിയെ വധിച്ചവരെ തൂക്കിലേറ്റണമെന്ന് എല്ലാവരും ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കരുതെന്നായിരുന്നു ഹൃദയവിശുദ്ധി കൊണ്ട് സമ്പന്നയായ ആ അമ്മ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനോട് ആവശ്യപ്പെട്ടത്.
“തന്റെ ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായ നാല് പേര്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചിരിക്കുകായാണ്. ആ കുറ്റകൃത്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്ക്ക് തന്നെയാണ്. എന്നാല്‍ എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിനെ വധിച്ചവരെ തൂക്കിലേറ്റണമെന്ന് ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നില്ല.
കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ നഷ്ടമായാലുണ്ടാകുന്ന അനാഥത്വമെന്താണെന്ന് അച്ഛനെ നഷ്ടപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ എനിക്കറിയാം. അതിനാല്‍ തന്നെ എട്ടുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ നളിനിയെ തൂക്കിലേറ്റുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഞാനും എന്റെ മക്കളായ രാഹുലും പ്രിയങ്കയും ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. എന്നിരുന്നാലും അവരെ തൂക്കിലേറ്റുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. അവര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിലൂടെ എനിക്കും എന്റെ മക്കള്‍ക്കും നഷ്ടമായത് തിരിച്ച് ലഭിക്കില്ലല്ലോ.
അതിനാല്‍ അവരെ തൂക്കിലേറ്റുന്നത് ഒഴിവാക്കാന്‍ ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു.” എന്നായിരുന്നു സോണിയ അന്ന് പറഞ്ഞത്.
1950 കളില്‍ ഞാന്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട നിരവധി അപേക്ഷകള്‍ എനിക്ക് മുന്നില്‍ എത്തിയിരുന്നു. ആ കേസുകളിലെല്ലാം തന്നെ പരമാവധി വധശിക്ഷ ഒഴിവാക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ഒരു പ്രത്യേക കേസില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെട്ടിട്ട് പോലും ഞാന്‍ എന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രണ്ട് കേസുകളില്‍ ഞാന്‍ വധശിക്ഷയ്ക്ക് എതിരായി ശക്തമായി വാദിക്കുകയുണ്ടായി.
ആ കേസ് വിദഗ്ദ്ധാഭിപ്രായത്തിനായി പ്രിവി കൗണ്‍സിലില്‍ നീതിപീഠം അലങ്കരിച്ചിരുന്ന സ്‌കയര്‍മന്‍ പ്രഭുവിന് അയച്ചുകൊടുക്കുകയുണ്ടായി. അതില്‍ എന്നെ അമ്പരപ്പിച്ച് കൊണ്ട് വധശിക്ഷയ്ക്ക് എതിരായി ഞാന്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് സ്‌കയര്‍മാനും മുന്നോട്ട് വെച്ചത്. ഇത് കത്ത് മുഖേന എന്നെ അറിയിക്കുകയും ചെയ്തു.
ബ്രിട്ടനുള്‍പ്പെടെയുള്ള ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളും ഇന്ന് വധശിക്ഷ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ഒറ്റുകൊടുക്കപ്പെട്ടാണ് മൗണ്ട് ബാറ്റണ്‍ പ്രഭു കൊല്ലപ്പെടുന്നത്. എന്നിട്ടും കൊലപാതകിക്ക് ബ്രിട്ടന്‍ വധശിക്ഷ നല്‍കിയില്ലെന്ന് ഓര്‍ക്കണം. അമേരിക്കയിലെ പല സ്ഥലങ്ങളിലും വധശിക്ഷയ്ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിജിയുടെ നാടായ ഇന്ത്യയില്‍ യുവാവും ദരിദ്രനുമായ കസബിനെ തൂക്കിലേറ്റാന്‍ പാടില്ലായിരുന്നെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. കസബ് പാക്കിസ്ഥാനി ആവുകയോ ആവാതികിരിക്കുകയോ ചെയ്യട്ടെ, അയാള്‍ ഒരു മനുഷ്യജീവിയായിരുന്നു.
കടപ്പാട്: ദി ഹിന്ദു