Sports News
അകത്തേക്ക് കയറും മുമ്പ് കാല്‍ വൃത്തിയാക്കാന്‍ മറക്കരുത്, മെസിയുടെ ജേഴ്‌സി ചവിട്ടിയാക്കി ഫ്രാന്‍സിലെ പബ്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 21, 03:40 pm
Wednesday, 21st December 2022, 9:10 pm

ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരം. തോല്‍ക്കാന്‍ മനസില്ലാതെ കൊണ്ടും കൊടുത്തും മുന്നേറിയ ഇരു ടീമുകളും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും മികച്ച കാഴ്ചവിരുന്നായിരുന്നു ലുസൈലില്‍ സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന മേല്‍ക്കൈ നേടിയിരുന്നു. 45 മിനിട്ടിന് മുമ്പ് തന്നെ രണ്ട് ഗോള്‍ ഫ്രഞ്ച് വലയിലെത്തിച്ച് ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ കരുത്ത് കാട്ടി.

ആദ്യ പകുതിയില്‍ ഫ്രാന്‍സ് ചിത്രത്തില്‍ പോലും ഇല്ലായിരുന്നു. മെസിയിലൂടെ ലീഡെടുത്ത അര്‍ജന്റീന ഡി മരിയയിലൂടെ ആ ലീഡ് ഉയര്‍ത്തി.

 

 

മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ എംബാപ്പെയിലൂടെ ആദ്യ ഗോള്‍ നേടിയ ഫ്രാന്‍സ് തൊട്ടടുത്ത നിമിഷത്തില്‍ തന്നെ രണ്ടാം ഗോളും മടക്കി. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

എക്‌സ്ട്രാ ടൈമില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെ ഷൂട്ടൗട്ടിലൂടെ അര്‍ജന്റീന വിജയം പിടിച്ചടക്കുകയായിരുന്നു.

ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ ഫ്രാന്‍സ് ആരാധകര്‍ രാജ്യത്ത് അക്രമമഴിച്ചുവിട്ടു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനയോടും മെസിയോടും തങ്ങളുടെ പ്രതികാരം വീട്ടുകയാണ് ഫ്രാന്‍സിലെ ഒരു പബ്. പബ്ബിന്റെ ഡോര്‍ മാറ്റായി മെസിയുടെ പി.എസ്.ജിയിലെ 30ാം നമ്പര്‍ ജേഴ്‌സി ഉപയോഗിച്ചാണ് ഇവര്‍ തങ്ങളുടെ പ്രതികാരം വീട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അകത്തേക്ക് കയറുന്നതിന് മുമ്പ് നിങ്ങളുടെ കാലുകള്‍ വൃത്തിയാക്കാന്‍ മറക്കരുത് എന്ന അറിയിപ്പും പബ്ബിന് മുമ്പില്‍ പ്രദര്‍ശപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പി.എസ്.ജിയുടെ എവേ ജേഴ്‌സിയാണ് ഇത്തരത്തില്‍ അവര്‍ ഡോര്‍ മാറ്റായി ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, ലീഗ് വണ്ണില്‍ പി.എസ്.ജി അടുത്ത മത്സരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബര്‍ 29ന് സ്ട്രാസ്‌ബെര്‍ഗിനെതിരെയാണ് പി.എസ്.ജി കളത്തിലിറങ്ങുന്നത്.

നിലവില്‍ അര്‍ജന്റീനയില്‍ തുടരുന്ന മെസി മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

Content highlight: A pub in France used Messi’s jersey as a door mat, Report